വടകര: വ്യാപാരിയെ കടയിൽ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ഊർജിതം. കടയിൽ വീണ്ടും പൊലീസ് പരിശോധന നടത്തി. ശനിയാഴ്ച രാത്രി 11ഓടെയാണ് പഴയ സ്റ്റാൻഡിനോട് ചേർന്ന മാർക്കറ്റിലെ ഇ.എ ട്രേഡേഴ്സ് കടയിയിൽ വ്യാപാരിയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.
പുതിയാപ്പ് സ്വദേശി വലിയപറമ്പത്ത് ഗൃഹലക്ഷ്മിയിൽ രാജനെയാണ് (62) മരിച്ചനിലയിൽ കണ്ടത്. വടകര സി.ഐ മനോജ് കുമാറിന്റ നേതൃത്വത്തിലുള്ള അന്വേഷണസംഘം കൊല്ലപ്പെട്ട രാജന്റെ സഹോദരനിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. രാജൻ ഒന്നിലധികം ഫോണുകൾ ഉപയോഗിച്ചിരുന്നെന്ന വിവരത്തിന്റ അടിസ്ഥാനത്തിൽ കടയിൽ നടത്തിയ പരിശോധനയിൽ ഫോൺ പൊലീസ് കണ്ടെടുത്തു. ഫോൺ രാജന്റെതാണെന്നും തിരിച്ചറിഞ്ഞു.
പണമടങ്ങിയ ഒരു ബാഗ് കടയിൽനിന്ന് കണ്ടെത്തി. ബാഗിൽ 4000 രൂപയാണ് ഉണ്ടായിരുന്നത്. പൊലീസ് പരിശോധനക്കെടുത്ത സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തതയാർന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇദ്ദേഹത്തിന്റെ ബൈക്ക് പൊലീസിന് ഇതുവരെ കണ്ടെത്താൻ കഴിയാത്തത് കുഴക്കുന്നുണ്ട്. നഗരഹൃദയത്തിൽ നടന്ന കൊലപാതകത്തിന്റെ ചുരുളഴിക്കാൻ പഴുതടച്ച അന്വേഷണമാണ് പൊലീസ് നടത്തുന്നത്. വടകര ഡിവൈ.എസ്.പി ആർ. ഹരിപ്രസാദിനാണ് അന്വേഷണച്ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.