സംസ്ഥാനത്തെ ആദ്യ ശുചിത്വ ബ്ലോക്ക് പഞ്ചായത്തായി വടകര

വടകര: സംസ്ഥാനത്തെ ആദ്യ ശുചിത്വ ബ്ലോക്ക് അംഗീകാരം വടകര ബ്ലോക്ക് പഞ്ചായത്ത് സ്വന്തമാക്കി. ശുചിത്വ പദവി പ്രഖ്യാപനം സി.കെ. നാണു എം.എല്‍.എ നിര്‍വഹിച്ചു. ബ്ലോക്കിലുള്‍പ്പെട്ട എല്ലാ പഞ്ചായത്തുകളും ശുചിത്വ പദവി കൈവരിച്ചതാണ് നേട്ടത്തിന് കാരണമായത്. ഏറാമല, അഴിയൂര്‍ ചോറോട്, ഒഞ്ചിയം ഗ്രാമപഞ്ചായത്തുകളാണ് വടകര ബ്ലോക്കില്‍ വരുന്നത്.

പഞ്ചായത്ത് തലത്തില്‍ ജൈവ-അജൈവ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളും ബ്ലോക്ക് തലത്തില്‍ റിസോഴ്സ് റിക്കവറി ഫെസിലിറ്റേഷന്‍ സെൻറര്‍ (ആര്‍.ആര്‍.എഫ്) പ്രവര്‍ത്തനങ്ങളും വടകര ബ്ലോക്ക് പഞ്ചായത്തില്‍ നടത്തിവരുന്നു. ജില്ലയിലെ ആദ്യ ആര്‍.ആര്‍.എഫ് വടകര ബ്ലോക്കിലെ അഴിയൂര്‍ പഞ്ചായത്തിലാണ് ആരംഭിച്ചത്.

ഏറാമല പഞ്ചായത്ത് ജൈവമാലിന്യത്തില്‍നിന്ന്​ ജൈവവളം ഉൽപാദിപ്പിച്ച് ജൈവമിത്ര എന്നപേരില്‍ വിപണനം ചെയ്ത് മാലിന്യസംസ്കരണത്തില്‍ മാതൃക സൃഷ്​ടിച്ചു. ഏറാമലയിലെ മാലിന്യ സംസ്കരണ കേന്ദ്രം വിപുലീകരണത്തിനും അഴിയൂര്‍ പഞ്ചായത്ത് കാപ്പുഴത്തോട് ശുചീകരണത്തിനും വടകര ബ്ലോക്ക് പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. 'ചിത്രഗ്രാമം' എന്നപേരില്‍ 50 പ്രശസ്ത ചിത്രകാരന്മാരെ ഉള്‍പ്പെടുത്തി കാപ്പുഴത്തോട് പരിസരത്ത് ശുചിത്വവുമായി ബന്ധപ്പെട്ട ചിത്രരചന ക്യാമ്പ് നടത്തി.

പ്രഖ്യാപന ചടങ്ങില്‍ പ്രസിഡൻറ്​ കോട്ടയില്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന്‍ ജില്ല കോഒാഡിനേറ്റര്‍ പി. പ്രകാശ്, ശുചിത്വ മിഷന്‍ ജില്ല കോഓഡിനേറ്റര്‍ സി. കബനി എന്നിവര്‍ ശുചിത്വ പദവി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.