കോഴിക്കോട്: ഈത്തപ്പഴ കച്ചവടത്തിന് തുടക്കത്തിൽ യുദ്ധഭീഷണിയുയർന്നെങ്കിലും എല്ലാ ഭീതിയുമൊഴിഞ്ഞ് നല്ല കച്ചവടം പ്രതീക്ഷിച്ചിരിക്കയാണിപ്പോൾ ഈ നോമ്പ് കാലത്ത് വ്യാപാരികൾ. സൗദിയിൽ ഉംറയും മറ്റ് യാത്രകളുമൊക്കെ പുനരാരംഭിച്ച് ആവശ്യക്കാർ കൂടിയെങ്കിലും കോവിഡിന് മുമ്പുള്ളതിനേക്കാൾ കുറഞ്ഞ വിലക്ക് നല്ലയിനം ലഭ്യമായതാണ് വ്യാപാരികൾക്കും ആവശ്യക്കാർക്കും പ്രതീക്ഷയാകുന്നത്.
യുക്രെയ്ൻ ആക്രമണം ചരക്കുകപ്പലുകളുടെ വരവിന് തുടക്കത്തിൽ തടസ്സമുണ്ടാക്കിയെങ്കിലും ഇപ്പോൾ എല്ലാ നോമ്പുകാലത്തുമെന്നപോലെ ചരക്ക് വന്നു തുടങ്ങിയതായി വലിയങ്ങാടിയിലെ പ്രമുഖ ഈത്തപ്പഴ വ്യാപാരി ടി.കെ. അബ്ദുൽ അസീസ് പറഞ്ഞു. കോവിഡിന് മുമ്പുള്ളതിനേക്കാൾ വിലയിൽ കുറവുണ്ട്. മലബാറിലെ ഏറ്റവും വലിയ ഈത്തപ്പഴ മൊത്ത വിപണിയായ കോഴിക്കോട് വലിയങ്ങാടിയിലേക്ക് സൗദി അറേബ്യ, ഇറാൻ, ഇറാഖ്, തുനീഷ്യ, അൽജീരിയ എന്നിവിടങ്ങളിൽ നിന്നാണ് ഈത്തപ്പഴം എത്തുന്നത്. ഒമാൻ ഇനങ്ങളും ഉണ്ട്. എന്നാൽ, പ്രധാനമായി പാക്കിസ്താനിൽ നിന്ന് എത്തിയിരുന്ന ഉണക്ക കാരക്കക്ക് വരവ് കുറഞ്ഞതിനാൽ വിലക്കയറ്റമുണ്ട്. 80 രൂപക്ക് കിട്ടുമായിരുന്ന ഉണക്ക കാരക്കക്ക് കിലോക്ക് 150 മുതൽ 250 രൂപവരെയായി. നേരിട്ട് പാക്കിസ്താനിൽ നിന്ന് സാധനങ്ങൾ എത്താത്തതിനാൽ ദുബൈ വഴിയാണ് ഉണക്ക കാരക്ക എത്തുന്നത്.
നോമ്പ് കാലമായതോടെ വലിയങ്ങാടിയിൽ ഈത്തപ്പഴ കച്ചവടം നന്നായി വർധിച്ചു. കോവിഡ് കാരണം ഉംറയടക്കം തീർഥാടന യാത്രകൾ ഇല്ലാതെ സൗദിയിലും മറ്റും ഈത്തപ്പഴ വിൽപനയും ഉപയോഗവും കുറഞ്ഞതിനാൽ കഴിഞ്ഞ തവണ യഥേഷ്ടം പഴങ്ങൾ ലഭ്യമായിരുന്നു. കഴിഞ്ഞ കൊല്ലത്തെയത്രയില്ലെങ്കിലും സൗദിയിൽ നിന്നുള്ള മബ്റൂം, മശ്ഹൂക്ക്, അജ്വ തുടങ്ങിയവയെല്ലാം എത്തിയിട്ടുണ്ട്. മുന്തിയ സൗദിയിനമായ അജ്വക്ക് കിലോ 500 രൂപ മുതൽ 700 രൂപവരെയാണ് വില. മുമ്പ് 1200 രൂപക്കുവരെ വിറ്റ ഇനമാണിത്. മശ്ഹൂക്ക് 300 രൂപക്ക് കിട്ടും. അൽജീരിയൻ ഇനങ്ങൾക്ക് 950 മുതൽ 1050 രൂപവരെ കൊടുക്കണം. ഇറാനിൽ നിന്നുള്ള ഇനങ്ങൾക്ക് അഞ്ച് കിലോയുള്ള പെട്ടിക്ക് 600 രൂപ മുതൽ 950 രൂപ വരെയേ വിലയുള്ളൂ. ഇറാൻ ഇനങ്ങൾക്ക് ആവശ്യക്കാരുമേറെയാണ്. കിയാൽ ബ്രാൻഡാണ് കൂടുതൽ എത്തിയത്. ചില്ലറ വിൽപനക്കാരാണ് മൊത്തവിപണിയിൽ നിന്ന് ഏറ്റവുമധികം ഈയിനങ്ങൾ വാങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.