നന്മണ്ട: നന്മണ്ടയിലും പരിസരപ്രദേശങ്ങളിലും ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റ് നിരവധി പേർക്ക് പരിക്കേറ്റു. തേങ്ങ വ്യാപാരിയായ ആനോത്തിൽ അഹമ്മദ് കോയ തേങ്ങ എടുക്കാനായി ഞായറാഴ്ച രാവിലെ ആറേകാലിന് മറ്റൊരു വീട്ടിലെത്തിയപ്പോഴാണ് കുറുക്കൻ പിറകിലൂടെ വന്ന് കാലിന് കടിച്ചത്. മന്ത്യാട്ട് സ്കൂളിനു സമീപം ആനോത്തിൽ സുധാകരൻ, മുണ്ടയിൽതാഴത്ത് പ്രേമൻ, സുനിൽകുമാർ, റാഫി കോറോത്ത്, അസ്‍ലം നെരോത്ത്, കുമാരംപൊയിൽ വിശാലാക്ഷി എന്നിവർക്കാണ് കടിയേറ്റത്. ഇവർക്ക് കാലിനും കൈക്കുമാണ് കടിയേറ്റത്. മെഡിക്കൽ കോളജിൽ പ്രാഥമിക ചികിത്സ തേടിയ ഇവരോട് തുടർന്നുള്ള ദിവസങ്ങളിൽ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽനിന്ന് തുടർചികിത്സ തേടാനും ഡോക്ടർമാർ നിർദേശിച്ചു. രാവിലെ ആറു മണിയോടെ തുടങ്ങിയ കുറുക്കന്റെ പരാക്രമം 11 മണി വരെ നീണ്ടു. ഒട്ടനവധി തെരുവുനായ്ക്കളെയും ഇത് കടിച്ചു പരിക്കേൽപിച്ചു.
നന്മണ്ട 14ൽനിന്നു തുടങ്ങിയ പരാക്രമത്തിന് അവസാനമായത് കുറുക്കൻ വാഹനം തട്ടി ചത്തതോടെയാണെന്ന് നാട്ടുകാർ പറഞ്ഞു. അതേസമയം, തെരുവുനായ്ക്കൾക്ക് കടിയേറ്റതാണ് ജനത്തെ ആശങ്കയിലാഴ്ത്തുന്നത്.
നന്മണ്ട 13ൽ തെരുവുനായ് ശല്യം രൂക്ഷം: കോഴിക്കർഷകർ ദുരിതത്തിൽ
നന്മണ്ട: തെരുവുനായ് ശല്യം രൂക്ഷമായതോടെ കോഴിക്കർഷകർ ദുരിതത്തിൽ. കുമാരംപൊയിൽ ക്ഷീരോൽപാദക സംഘം പരിസരം, പടിക്കൽത്താഴം, തിയ്യക്കോത്ത് താഴം, കാരാട്ട് ഭാഗം എന്നിവിടങ്ങളിലെ പ്രദേശവാസികളും കോഴിക്കർഷകരുമാണ് ദുരിതത്തിലായത്. കോഴികളെ കൂട്ടിൽനിന്ന് പുറത്തേക്ക് വിടുമ്പോഴേക്കും നായ്ക്കൾ കൂട്ടത്തോടെയെത്തി കടിച്ചുകൊണ്ടുപോകുകയാണ്.
വിദ്യാലയങ്ങൾ തുറന്നതോടെ വിദ്യാർഥികളുടെ കാര്യത്തിൽ രക്ഷിതാക്കൾക്കും ആശങ്കയുണ്ട്. രാവിലെ പള്ളികളിലും അമ്പലങ്ങളിലും പോകുന്നവരും ഭയാശങ്കയിലാണ് റോഡിലിറങ്ങുന്നത്. നായ്ക്കൾ ഇരുചക്രവാഹനക്കാരെ വിരട്ടി ഓടിക്കുന്നതും ഇരുചക്രവാഹനക്കാർ അപകടത്തിൽപെടുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണ്.
തെരുവുനായ് ശല്യം കാരണം സാധാരണക്കാർക്ക് യാത്രപോലും നിഷേധിക്കേണ്ട അവസ്ഥയാണ്. കുടുംബശ്രീ മുഖേന ലോൺ എടുത്ത് കോഴി വളർത്തുന്ന കർഷകർക്ക് തെരുവുനായ്ക്കൾ വരുത്തിവെക്കുന്ന ദുരിതം ചില്ലറയൊന്നുമല്ല. ഇതിന് അടിയന്തര പരിഹാരം കാണണം. - കാരാട്ട് അസീസ്, നാട്ടുകാരൻ
രാവെന്നോ പകലെന്നോ ഭേദമില്ലാതെയാണ് തെരുവുനായ്ക്കളുടെ അഴിഞ്ഞാട്ടം. സ്കൂൾ വിദ്യാർഥികൾക്കാണ് ഏറെ പ്രയാസം. കോഴികളെ മാത്രമല്ല, വളർത്തുമൃഗങ്ങളെയും നായ്ക്കൾ കടിച്ചുപരിക്കേൽപിക്കുന്നു. -മുഹമ്മദ് ഇഖ്ബാൽ, നന്മണ്ട
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.