പുഴയില്‍ നീര്‍നായ്ക്കൾ വിലസുന്നു

കൊടിയത്തൂർ: ഇരുവഴിഞ്ഞിപ്പുഴ നീര്‍നായ്ക്കളുടെ വിഹാരകേന്ദ്രമായി മാറുന്നു. പുഴയിൽ കുളിക്കാനിറങ്ങുന്നവരെ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. അഞ്ചുദിവസങ്ങൾക്കുള്ളിൽ വെസ്റ്റ് കൊടിയത്തൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ക്കാണ് കടിയേറ്റത്.

കഴിഞ്ഞദിവസം പുഴയില്‍ കുളിക്കാനിറങ്ങിയ വയോധികനും മൂന്നുദിവസം മുമ്പ് ഒരു സ്ത്രീക്കും വിദ്യാര്‍ഥിക്കുമാണ് കടിയേറ്റത്. വെസ്റ്റ് കൊടിയത്തൂർ അമ്പലക്കണ്ടി കടവിൽ കുളിക്കാനിറങ്ങിയ കുന്നത്ത് അബ്ദു(73)വിനാണ് ഇന്നലെ കടിയേറ്റത്. രണ്ടാം തവണയാണ് ഇദ്ദേഹത്തിന് കടിയേല്‍ക്കുന്നത്.

നേരത്തേ കുന്നത്ത് കടവില്‍ വെച്ചും ഇദ്ദേഹത്തിനുനേരെ നീര്‍നായ് ആക്രമണമുണ്ടായിരുന്നു. അബ്ദു കൊടിയത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. മൂന്നുദിവസങ്ങള്‍ക്കുമുമ്പ് ഇതേ കടവില്‍ കുളിക്കാനിറങ്ങിയ ലക്ഷ്മി (45), മടക്കില്‍ കടവില്‍ കുളിക്കാനിറങ്ങിയ ബിഷ്ര്‍(10) എന്നിവര്‍ക്കും പരിക്കേറ്റു.

ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. ഒറ്റക്കെത്തുന്ന നീര്‍നായാണ് ആക്രമണം നടത്തുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാരുടെ നിരന്തര പരാതിയെ തുടര്‍ന്ന് വനം വകുപ്പ് നീര്‍നായെ പിടികൂടാന്‍ ഒരുവർഷം മുമ്പ് കെണി സ്ഥാപിച്ചിരുന്നുവെങ്കിലും പിടികൂടാനായിരുന്നില്ല. 

പാഴൂരിൽ മൂന്നുപേർക്ക് കടിയേറ്റു

പാഴൂർ: ഇരുവഴിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നുപേർക്ക് നീർനായുടെ കടിയേറ്റു. ബുധനാഴ്ച വൈകീട്ട് ആറോടെ പാഴൂർ അങ്ങാടിയോട് ചേർന്നുള്ള കടവിലാണ് സംഭവം.

പാഴൂർ പുത്തലത്ത് മേത്തൽ മുഹമ്മദ് ബഷീറിന്റെ മകൻ മുഹമ്മദ് നിഹാൽ (15), പാഴൂർ നടുവത്ത് റഷീദിന്റെ മകൻ നൂറുൽ അമീൻ (15), ഒരു അന്തർ സംസ്ഥാന തൊഴിലാളി എന്നിവർക്കാണ് കടിയേറ്റത്. ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

സമീപത്തെ മൈതാനത്ത് ഫുട്ബാൾ കളി കഴിഞ്ഞ് പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികൾ. മുഹമ്മദ് നിഹാലിന് 2021 മാർച്ചിലും ഇരുവഴിഞ്ഞിപ്പുഴയിൽനിന്ന് നീർനായുടെ കടിയേറ്റിരുന്നു. ചാലിയാറിലും ഇരുവഴിഞ്ഞിപ്പുഴയിലും നീർനായ് ശല്യം രൂക്ഷമാണ്.

നേരത്തെ കൂളിമാട് കടവിലും എളമരത്തും സമീപപ്രദേശങ്ങളിലും പുഴയിലിറങ്ങിയവർക്ക് കടിയേറ്റിരുന്നു. കുളിക്കാനും വസ്ത്രങ്ങൾ അലക്കാനും പുഴയിലിറങ്ങുന്നവർ ആശങ്കയിലാണ്. വല കടിച്ചു മുറിച്ച് നശിപ്പിക്കുന്നതിനാൽ മീൻപിടിത്തവും അസാധ്യമാണ്.

Tags:    
News Summary - Water dogs in the river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.