കോഴിക്കോട്: കോതിയിലും ആവിക്കൽത്തോടിലും കോർപറേഷൻ സ്ഥാപിക്കാനിരുന്ന മാലിന്യ സംസ്കരണ പ്ലാന്റിനെക്കുറിച്ച് മേയർ നടത്തിയ പ്രസ്താവന വെളിപ്പെടുത്തുന്നത് എന്താണ്...? കേന്ദ്ര സർക്കാറിന്റെ കൂടി സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന അമൃത് പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ എന്തായാലും പദ്ധതി നടപ്പിലാക്കാനാവില്ലെന്ന് തുറന്നുസമ്മതിക്കുന്നതായിരുന്നു മേയറുടെ പ്രസ്താവന.
ഒരു ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു മേയറുടെ പരാമർശം. തുടർന്ന് പദ്ധതിയിൽനിന്ന് കോർപറേഷൻ പിന്മാറുന്നതായി വാർത്ത പരന്നതോടെയാണ് മേയർ സ്വന്തം ചേംബറിൽ മാധ്യമ പ്രവർത്തകരെ വിളിച്ചുവരുത്തി വിശദീകരണം നൽകിയത്.
2023 മാർച്ച് 31ന് അമൃത് ഒന്ന് പദ്ധതി കാലയളവ് അവസാനിക്കും. കോതിയിലെയും ആവിക്കൽത്തോടിലെയും ജനങ്ങൾ മാലിന്യ പ്ലാന്റിനെതിരെ ശക്തമായ സമരം തുടർന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ പ്ലാന്റിന്റെ നിർമാണത്തിൽ പരാമർശിക്കാവുന്ന തുടക്കം പോലും കുറിക്കാൻ കോർപറേഷനായിട്ടില്ല. മാർച്ച് 31നകം എന്തെങ്കിലും ചെയ്യാനും കഴിയില്ല.
138 കോടി ചെലവുവരുന്ന പ്ലാന്റിന്റെ പ്രാരംഭനടപടികൾ പോലും ഇനിയും ആരംഭിച്ചിട്ടില്ല. സ്വാഭാവികമായും ഇതിനായി വകയിരുത്തിയ ഫണ്ട് ലാപ്സാകാനാണ് സാധ്യത.
അതോടെ പദ്ധതി താൽക്കാലികമായെങ്കിലും നടപ്പാക്കാനാവില്ല. പരാമർശം വിവാദമായപ്പോൾ വിശദീകരണവുമായി വന്ന മേയർ പോലും മാർച്ച് 31നകം പദ്ധതി തുടങ്ങാൻ കഴിയില്ലെന്ന് സമ്മതിക്കുന്നു. അമൃത് 2ൽ ഉൾപ്പെടുത്തി പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മേയർ വിശദീകരിക്കുമ്പോഴും അതെത്രമാത്രം സാധ്യമാണെന്ന് ഒരു ഉറപ്പുമില്ല.
പ്രദേശത്തെ ജനങ്ങളുടെ എതിർപ്പ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ അമൃത് രണ്ടിൽ പദ്ധതി ഉൾപ്പെടുത്താനാവുമോ എന്ന് ഒരു ഉറപ്പുമില്ല. അമൃതിൽ ഉൾപ്പെടുത്താനായില്ലെങ്കിൽ സംസ്ഥാന സർക്കാറിന്റെ ഫണ്ടിൽ നിന്ന് പദ്ധതി നടപ്പാക്കുമെന്നാണ് മേയർ പറയുന്നത്. അതെത്രമാത്രം പ്രായോഗികമാകുമെന്ന് കണ്ടറിയേണ്ടതാണ്.
പദ്ധതി ഇനി നടപ്പാക്കാനാവില്ലെന്ന ആത്മവിശ്വാസമാണ് സമരസമിതിക്കാർ പ്രകടിപ്പിക്കുന്നത്. അതിന്റെ ഭാഗമായാണ് കോതിയിൽ സമരക്കാർ ആഹ്ലാദപ്രകടനവുമായി ഇറങ്ങിയത്. പദ്ധതിയിൽനിന്ന് കോർപറേഷൻ പൂർണമായും പിന്മാറുന്നതുവരെ സമരത്തിൽനിന്ന് പിന്മാറില്ലെന്ന് ആവിക്കൽത്തോട് സമരസമിതി കൺവീനർ ഇർഫാൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.