കോഴിക്കോട്: സ്പെഷൽ സബ് ജയിലിലെ തടവുകാർക്ക് തൊഴിൽപരിശീലനം നൽകുന്ന പദ്ധതി ബുധനാഴ്ച ആരംഭിക്കും. പുതിയറയിലെ ജയിലിലുള്ള 20 പേർക്ക് ആദ്യഘട്ടത്തിൽ വയറിങ്ങിലാണ് പരിശീലനം നൽകുന്നത്. ജില്ല പഞ്ചായത്തിന്റെ കീഴിലുള്ള സ്കിൽ ഡെവലപ്മെന്റ് സെന്ററിന്റെ നേതൃത്വത്തിലാണ് പരിശീലനം.
ദിവസവും രാവിലെ 10 മുതൽ ഉച്ച ഒരുമണിവരെയാണ് പരിശീലനം. മൂന്നാഴ്ചത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജില്ല പഞ്ചായത്ത് സർട്ടിഫിക്കറ്റുകളും നൽകും. വയറിങ് പരിശീലനത്തിന് താൽപര്യമുള്ളവരുടെ പട്ടിക നേരത്തെ ജയിലധികൃതർ തയാറാക്കിയിട്ടുണ്ട്.
പരിശീലനത്തിനാവശ്യമായ സാമഗ്രികൾ സ്കിൽ ഡെവലപ്മെന്റ് സെന്റർ അധികൃതരാണ് എത്തിക്കുക. വയറിങ് നടത്തുക, ഫാൻ ഉൾപ്പെടെ ഉപകരണങ്ങൾ ഫിറ്റ് ചെയ്യുക എന്നിവയടക്കമാണ് പരിശീലിപ്പിക്കുക. തടവുകാർക്ക് വിവിധ തൊഴിലുകളിൽ പരിശീലനം നൽകുന്നതിന് നേരത്തെതന്നെ സർക്കാർ ഓരോ വർഷവും ഫണ്ട് അനുവദിക്കുന്നുണ്ട്.
മുമ്പ് സെൻട്രൽ ജയിലിനും ജില്ല ജയിലിനുമാണ് തുക അനുവദിച്ചതെങ്കിൽ ഈ വർഷം മുതൽ സ്പെഷൽ സബ് ജയിലിനും തുക അനുവദിക്കുന്നുണ്ടെന്നും ഇതുപയോഗിച്ചാണ് പരിശീലനം നൽകുന്നതെന്നും സ്പെഷൽ സബ് ജയിൽ വെൽഫെയർ ഓഫിസർ കെ.കെ. സുരേഷ് ബാബു പറഞ്ഞു.
ജയിലധികൃതർ ആവശ്യപ്പെടുന്നപക്ഷം അടുത്തഘട്ടമായി പ്ലംബിങ്, കമ്പ്യൂട്ടർ പരിശീലനം എന്നിവ നൽകുമെന്ന് സ്കിൽ ഡെവലപ്മെന്റ് സെന്റർ ഡയറക്ടർ ഡോ. ഡി.കെ. ബാബു പറഞ്ഞു. തടവുകാർക്ക് ഭാവിയിൽ സ്വയംതൊഴിലിനടക്കമുള്ള അവസരമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.