കോഴിക്കോട്: ലഹരിവിരുദ്ധ ബോധവത്കരണ സന്ദേശമുയര്‍ത്തി ലോകകപ്പിനെ വരവേല്‍ക്കാനായി കാലിക്കറ്റ് പ്രസ് ക്ലബ് ക്രസന്റ് ഫുട്‌ബാള്‍ അക്കാദമിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച ഫുട്ബാള്‍ ടൂര്‍ണമെന്റിന് ജെ.ഡി.ടി ഗ്രൗണ്ടില്‍ തുടക്കമായി. 'ലോകകപ്പ് തന്നെ ലഹരി' എന്ന പ്രമേയത്തില്‍ മൂന്ന് ദിവസങ്ങളിലായാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.
താരങ്ങളുടെ കട്ടൗട്ട് സ്ഥാപിച്ച് ലോകശ്രദ്ധ നേടിയ പുള്ളാവൂരിലെ ബ്രസീല്‍, അര്‍ജന്റീന ഫാന്‍സ് ടീമുകള്‍ തമ്മിലുള്ള പ്രദര്‍ശനമത്സരവും നടന്നു. മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളുടെ താരങ്ങളും ആരാധകരുമൊന്നിച്ച് ബൈക്ക് റാലിയായാണ് മത്സരത്തിനായി ഗ്രൗണ്ടിലേക്കെത്തിയത്.
ഉദ്ഘാടന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് യൂനിറ്റി ക്ലബ് പ്രസ്‌ക്ലബിനെ തോൽപിച്ചു. അര്‍ഷല്‍ ആണ് രണ്ട് ഗോളുകളും സ്‌കോര്‍ ചെയ്തത്. രണ്ടാം മത്സരത്തില്‍ ജെ.ഡി.ടി ആര്‍ട്‌സ് കോളജ് ടീം ഗസ്സ് നയന്‍ സ്‌പോര്‍ട്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.
ജസീലാണ് ഗോള്‍ സ്‌കോര്‍ ചെയ്തത്. ടൂര്‍ണമെന്റ് എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനംചെയ്തു. ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ പി.എച്ച്. ത്വാഹ അധ്യക്ഷതവഹിച്ചു. കൗണ്‍സിലര്‍ ടി.കെ. ചന്ദ്രന്‍, പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാന്‍, പി.എം. ഫയാസ് എന്നിവർ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ മോഹനന്‍ പുതിയോട്ടില്‍ സ്വാഗതവും വി. മൊയ്തീന്‍ കോയ നന്ദിയും പറഞ്ഞു.
ഉദ്ഘാടന മത്സരത്തില്‍ ജെ.ഡി.ടി വൈസ് പ്രസിഡന്റ് സൂര്യ ഗഫൂര്‍ കളിക്കാരെ പരിചയപ്പെട്ടു. പി.എച്ച്. ത്വാഹ, മോഹനന്‍ പുതിയോട്ടില്‍, പി.എം. ത്വാഹ, പി.വി. നജീബ്, വിധുരാജ്, ഋതികേഷ്, സനോജ് കുമാര്‍ ബേപ്പൂര്‍, ഇ.പി. മുഹമ്മദ്, അരവിന്ദ്, പി.പി. ജുനൂബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വെള്ളിയാഴ്ച മൂന്നുമണിക്ക് ക്രസന്റ് ഫുട്‌ബാള്‍ അക്കാദമിയും ഇഖ്‌റ ഹോസ്പിറ്റലും തമ്മില്‍ ഏറ്റുമുട്ടും. വൈകീട്ട് സെമിഫൈനല്‍ മത്സരങ്ങളും നടക്കും. ഞായറാഴ്ച വൈകീട്ട് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മുഖ്യാതിഥിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.