പാലം വഴി ഗതാഗതവും ടൂറിസവും ഒരുമിച്ച് സാധ്യമാക്കും -മന്ത്രി മുഹമ്മദ് റിയാസ്

എടവണ്ണപ്പാറ: ചാലിയാറിൽ പണി പൂർത്തിയാക്കിയ എളമരം കടവ് പാലത്തിൽ സി.ആർ.ഐ.എഫ് ഫണ്ടുപയോഗപ്പെടുത്തി ഗതാഗതത്തോടൊപ്പം ടൂറിസ വികസനവും സാധ്യമാക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പാലം ഉദ്​ഘാടനം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനി മുതൽ പൊതുമരാമത്ത് വകുപ്പിന് കീഴിൽ നടക്കുന്ന പ്രവൃത്തികളിൽ ജനങ്ങൾ കേവലം കാഴ്ചക്കാരെല്ലെന്നും മറിച്ച് കാവൽക്കാരാണെന്നും സദസ്സിന്റെ കരഘോഷങ്ങൾക്കിടെ മന്ത്രി പ്രഖ്യാപിച്ചു. 35 കോടി രൂപ ചെലവിൽ നിർമിച്ച പാലം പൂർണമായി കേന്ദ്രഫണ്ടുപയോഗിച്ചാണെന്നത്​ തെറ്റായ പ്രചാരണമാണ്​. ഇന്ധനവിലയായി സംസ്ഥാന സർക്കാർ നൽകുന്ന തുകയുടെ പ്രധാന വിഹിതമാണ് സി.ആർ.ഐ.എഫ് ഫണ്ട്​ എന്ന പേരിൽ കേന്ദ്രസർക്കാറിൽനിന്ന് ലഭിക്കുന്നത്​. 2025 ഓടെ കാസർകോട്-തിരുവനന്തപുരം ദേശീയപാത വികസനം പൂർത്തിയാകുമെന്നും മന്ത്രി വ്യക്തമാക്കി. ഇനി എളുപ്പയാത്ര എടവണ്ണപ്പാറ: പാലം തുറന്നതോടെ എളമരം, അരീക്കോട്, കൊണ്ടോട്ടി ഭാഗത്തുള്ളവര്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ്, എന്‍.ഐ.ടി, കുന്നമംഗലം, വയനാട് ഭാഗങ്ങളിലേക്കും കുന്ദമംഗലം താമരശ്ശേരി, വയനാട് ഭാഗത്തുനിന്നുള്ളവര്‍ക്ക് കരിപ്പൂര്‍ വിമാനത്താവളം, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലേക്കും എളുപ്പത്തിലെത്താം. മലപ്പുറം പി.ഡബ്ല്യു.ഡി ദേശീയപാത വിഭാഗമാണ് നടത്തിപ്പ് ചുമതല നിര്‍വഹിച്ചത്. കോഴിക്കോട് ആസ്ഥാനമായ പി.ടി.എസ് ഹൈടൈക് പ്രോജക്ട്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും കെ.കെ ബില്‍ഡേഴ്‌സും ചേര്‍ന്നാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.