സംഘ്​പരിവാർ പൊതുസമൂഹത്തെ ലക്ഷ്യമിട്ട് വിദ്യാഭ്യാസ മേഖലയെ വർഗീയവത്​കരിക്കുന്നു -എ. വിജയരാഘവൻ

പെരിന്തൽമണ്ണ: വിദ്യാഭ്യാസമേഖലയെ വർഗീയവത്​കരിച്ച് അതിലൂടെ പൊതുസമൂഹത്തെ പൂർണമായി വർഗീയതക്കടിപ്പെടുത്താനുള്ള ശ്രമങ്ങളാണ് രാജ്യത്ത് ബി.ജെ.പി തുടരുന്നതെന്നും ഇതിനെ ചെറുത്ത് മതനിരപേക്ഷതയിലൂന്നിയ ബദൽ രാഷ്ട്രീയമുയർത്തുകയാണ് ഇടതുപക്ഷം ചെയ്യുന്നതെന്നും സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ പറഞ്ഞു. എസ്.എഫ്.ഐ 34 ാം സംസ്ഥാനസമ്മേളന ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുതുബ് മിനാറും താജ്മഹലും രാജ്യത്തിന്‍റെ ചരിത്രവും പൈതൃകവും നമ്മെ ഓർമപ്പെടുത്തു​മ്പോൾ സംഘ്പരിവാറുകാർ അതിനടിയിൽ ഒരമ്പലമാണ് കാണുന്നത്. മധ്യകാല ബോധത്തിലേക്കാണ് അവർ നയിക്കുന്നത്. കർണാടകയിൽ ശ്രീനാരായണഗുരുവി​നെയും ഇ.വി. രാമസ്വാമി നായ്ക്കരെയും പഠിപ്പിക്കേണ്ടെന്ന് തീരുമാനിച്ച് വിദ്യാർഥികളുടെ സിലബസിലും കൈവെച്ചു. പാഠപുസ്തകത്തിൽനിന്ന് മായ്ക്കാൻ ബി.ജെ.പി ശ്രമിച്ചാൽ ഇല്ലാതാവുന്നതല്ല രാജ്യത്തെ മഹാസമരങ്ങളുടെ ഭൂതകാലം. ഭഗവത്ഗീത നിർബന്ധമായി എല്ലാവരും പഠിക്കണമെന്നാണ് പറയുന്നത്. വലിയ ദാരിദ്ര്യത്തിലേക്ക് നീങ്ങുകയാണ് രാജ്യം. രണ്ട്​ ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ പണപ്പെരുപ്പവും വിലക്കയറ്റവുമാണ് അനുഭവപ്പെടുന്നത്​. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം അരനൂറ്റാണ്ടിനിടയിലെ സർവകലാശാല ഭരണവും പഠനവും പരിശോധിച്ച് അനുയോജ്യമായ മാറ്റങ്ങൾക്ക് തീരുമാനമെടുത്തിരിക്കുകയാണ്. വലിയ ഫീസ് കൊടുത്ത്​ വിദ്യാഭ്യാസം വിലയ്ക്ക്​ നൽകേണ്ട സ്ഥിതി ഒഴിവാക്കി ലോകോത്തര വിദ്യാഭ്യാസ മുന്നേറ്റമാണ് നാലുവർഷംകൊണ്ട് കേരളം ലക്ഷ്യമിടുന്നത്. കേരളത്തിന്‍റെ പൊതുമുന്നേറ്റത്തെ തകർക്കാനാണ് യു.ഡി.എഫ് ആഗ്രഹിക്കുന്നത്. ഇടതുപക്ഷ അടിത്തറയെ ദുർബലപ്പെടുത്താൻ എല്ലാ വലതുപക്ഷ ശക്തികളുമായി ഐക്യപ്പെടാനാണ് അവർ ശ്രമിക്കുന്നത്. ലീഗ്, ജമാഅത്തെ ഇസ്​ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ ന്യൂനപക്ഷ വർഗീയചേരിയുമായും ഐക്യപ്പെടുന്നുണ്ട്. ഇവരുടെ ഏറ്റവും വലിയ ശത്രു ഇടതുപക്ഷവും പുരോഗമന ആശയങ്ങളുമാണെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.