തിരൂർ നഗരസഭ പ്രതിപക്ഷ നേതാവിന്റെ വെപ്രാളം ജാള്യത മറയ്​ക്കാൻ -ചെയർപേഴ്സൻ

തിരൂർ: നഗരവികസനത്തിനായി ഒന്നും ചെയ്യാതെ അഞ്ച്​ വർഷം കസേരക്കളി നടത്തി നശിപ്പിച്ച ജാള്യത മറയ്​ക്കാനാണ് പ്രതിപക്ഷ നേതാവിന്റെ ഇപ്പോഴത്തെ വെപ്രാളമെന്ന് തിരൂർ നഗരസഭ ചെയർപേഴ്സൻ എ.പി. നസീമ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. മാർച്ച് 31ന് മുമ്പ്​ കൊടുത്തു തീർക്കേണ്ടിയിരുന്ന വ്യക്തിഗത ആനുകൂല്യം കൊടുത്തില്ലെന്ന പേരിൽ നടക്കുന്നത് വ്യാജ പ്രചാരണമാണ്​. അതത് വാർഡ് കൗൺസിലർമാർ ഇടപെട്ട് സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിച്ച റിപ്പോർട്ട് നൽകിയ എല്ലാവർക്കും ആനുകൂല്യം നൽകിയിട്ടുണ്ട്​. സാങ്കേതിക കാരണങ്ങളാൽ ലഭിക്കാത്തവർക്ക് സ്പിൽ ഓവറിൽ ഉൾപ്പെടുത്തി ഉടൻ നൽകും. വിവിധ പദ്ധതികൾക്കായി സർക്കാർ പാസാക്കി തന്ന 1.46 കോടി രൂപയുടെ പ്ലാൻ ഫണ്ടിന്റെ അപര്യാപ്തതയെന്ന പേരിൽ വെട്ടിക്കുറച്ചിട്ടുണ്ട്. അവരവരുടെ വാർഡുകളിൽ നന്നായിടപെടുന്ന ഭരണ, പ്രതിപക്ഷ കൗൺസിലർമാർക്കൊക്കെ ഇക്കാര്യങ്ങൾ അറിയാം. പ്രതിപക്ഷ വാർഡുകളെ അവഗണിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. പ്രതിപക്ഷ കൗൺസിലർമാരുടെ വാർഡുകളിൽ ലക്ഷക്കണക്കിന് രൂപയുടെ വികസനം നടത്തിയതിന്റെ പേരിൽ പ്രതിപക്ഷ പാർട്ടി നേതാക്കൾ തന്നെ മാലയിട്ട് സ്വീകരിച്ച അനുഭവം വരെ ഉണ്ടായിട്ടുണ്ട്​. സിറ്റി ജങ്ഷൻ-തൃക്കണ്ടിയൂർ റോഡ്​ പണി മഴയൊഴിയുന്ന മുറയ്ക്ക് തുടങ്ങും. കോരങ്ങത്ത് ചിൽഡ്രൻസ് പാർക്കും ഉടൻ തുറക്കും. താഴെപ്പാലം സ്റ്റേഡിയവും ഉടൻ പണി പൂർത്തീകരിക്കും. പുഴയോര ടൂറിസവും സമഗ്രമായി നഗരത്തിൽ ഉടനെയാരംഭിക്കുമെന്നും നസീമ പറഞ്ഞു. വാർത്തസമ്മേളനത്തിൽ വൈസ് ചെയർമാൻ പി. രാമൻകുട്ടി പങ്കെടുത്തു. കുടുംബശ്രീ സാമ്പത്തിക തിരിമറിയിൽ നഗരസഭക്ക് ബന്ധമില്ല നടപടി ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് പരാതി നൽകി തിരൂർ: നഗരസഭയിലെ 10, 11 വാർഡുകളിലെ കുടുംബശ്രീയിൽ മുൻ എ.ഡി.എസായിരുന്ന വനിതയും തെക്കനന്നാര സ്വദേശിയായ ഒരാളും ചേർന്ന് നടത്തിയെന്ന് പറയുന്ന സാമ്പത്തിക തിരിമറിയിൽ നഗരസഭക്ക് ഒരു അറിവോ ബന്ധമോ ഇല്ലെന്ന് നഗരസഭ ചെയർപേഴ്സൻ എ.പി. നസീമ പറഞ്ഞു. കുടുംബശ്രീ സ്വതന്ത്രസംവിധാനമാണ്. അതിനുള്ളിൽ ആര് വായ്പയെടുക്കുന്നുവെന്നൊന്നും ഭരണസമിതിക്ക് നോക്കാനാവില്ലെന്നും ഇത് എൽ.ഡി.എഫ് ഭരണകാലത്ത് നടന്നതാണെന്നും അവർ പറഞ്ഞു. എന്നിട്ടും ഇരകളായ സ്ത്രീകൾ തന്നെ സമീപിച്ചപ്പോൾ ജില്ല മിഷനിലും പൊലീസിലും പരാതി നൽകാൻ സഹായിച്ചിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതായാണ് അറിയാൻ കഴിഞ്ഞതെന്നും ചെയർപേഴ്സൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.