കെ.ടി. ജലീ​ലിന്‍റേത്​ ഇന്ത്യക്കാരന്​ നിരക്കാത്ത പരാമർശം -വി.ഡി. സതീശൻ

പാലക്കാട്: മുൻ മന്ത്രി കെ.ടി. ജലീ​ലിന്‍റെ 'ആസാദ് കശ്മീർ' ഒരിന്ത്യക്കാരനും ഉപയോഗിക്കാത്ത വാക്കെന്ന്​ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ​. പാലക്കാട്ട്​ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അ​ദ്ദേഹം. ''പാകിസ്താൻ കൈവ​ശപ്പെടുത്തിയ കശ്മീരിനെക്കുറിച്ച് അവർ നയതന്ത്ര വേദികളിൽ നിരന്തരം ഉപയോഗിക്കുന്ന വാക്കാണ് 'ആസാദ് കശ്മീർ' എന്നത്. ആ വാക്കാണ്​ ജലീൽ പ്രയോഗിച്ചത്. നമ്മുടെ കശ്മീരിനെക്കുറിച്ച് ഇന്ത്യൻ അധീന കശ്മീർ എന്നതും പാകിസ്താന്‍റെ പ്രയോഗമാണ്. പാകിസ്താന്‍റെ കൈവശമുള്ള കശ്മീരിനെ ഇന്ത്യ പാക് അധീന കശ്മീർ എന്നാണ് വിളിക്കുന്നത്. ഇതൊന്നും അറിയാതെയാണോ ജലീൽ ആ വാക്ക് ഉപയോഗിച്ചത് എന്ന് വ്യക്തമല്ല. അറിവില്ലായ്മ കൊണ്ട് തെറ്റുപറ്റിയതാണെങ്കിൽ ജലീൽ അവ പിൻവലിച്ച് പൊതുജനത്തോട് മാപ്പ് പറയണം'' -സതീശൻ പറഞ്ഞു. പാകിസ്താന്‍റെ കൈവശമുള്ള കശ്മീർ സ്വതന്ത്ര കശ്മീർ ആണെന്ന പാക് വാദത്തെയാണ് ജലീൽ പ്രചരിപ്പിക്കുന്നത്. ഇത് അറിവില്ലായ്മയാണോ, വിവാദവിഷയങ്ങളിൽനിന്ന് സർക്കാറിനെ രക്ഷിക്കാൻ സി.പി.എം പയറ്റുന്ന തന്ത്രമാണോ എന്ന് വ്യക്തമല്ല. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതും എ.കെ.ജി സെന്‍ററിന് പടക്കമെറിഞ്ഞതും ഭരണഘടന വിരുദ്ധ പരാമർശം നടത്തിയതും കെ.കെ. രമയെ അധിക്ഷേപിച്ചതും കണക്കിലെടുത്താൽ ഇതും അത്തര​മൊരു തന്ത്രമാണോ എന്ന് സംശയിക്കാവുന്നതാണ്. ജലീൽ തുടർച്ചയായി വിവാദം സൃഷ്ടിക്കുകയാണ്. 'മാധ്യമ'ത്തിന്‍റെ യു.എ.ഇ പതിപ്പ് പൂട്ടിക്കാൻ പേരു മാറ്റി അബ്ദുൽ ജലീൽ എന്ന പേരിൽ യു.എ.ഇ ഭരണാധികാരിക്ക് കത്തെഴുതി ഗുരുതരമായ പ്രോട്ടോകോൾ ലംഘനമാണ് നടത്തിയത്. ഇത്ര ഗുരുതരമായ നിയമലംഘനം നടത്തിയെന്ന് മുഖ്യമന്ത്രി ശരിവെച്ചിട്ടും ജലീലിനെതിരെ ഒരു നടപടിയും എടുത്തിട്ടില്ല. ലോകായുക്തയെ വ്യക്തിപരമായി ആക്ഷേപിച്ച് ഒരാഴ്ച തുടർച്ചയായി ജലീൽ പോസ്റ്റിട്ടിരുന്നു. ഇതിനെതിരെയും നടപടി എടുത്തിട്ടില്ല. ഈ സാഹചര്യത്തിൽ സി.പി.എമ്മിന്‍റെയും മുഖ്യമന്ത്രിയുടെയും അറിവോടെയാണോ ജലീൽ ഇത്തരം പരാമർശം നടത്തുന്നതെന്ന് അവർ വ്യക്തമാക്കണം. ജലീലിന്‍റെ പരാമർശം രാജ്യതാൽപര്യത്തിന് വിരുദ്ധമാണ്. ജലീലിന് ഇങ്ങനെ ഒരു നിലപാട് ഉണ്ടെങ്കിൽ അത് തുറന്നുപറയട്ടെ. സി.പി.എമ്മും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്ക​ട്ടെ -സതീശൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.