വേങ്ങര കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തി ചികിത്സ പുനരാരംഭിക്കും

വേങ്ങര: വേങ്ങര കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കോവിഡ് കാരണം നിർത്തിവെച്ച കിടത്തിച്ചികിത്സ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ ജില്ല മെഡിക്കൽ ഓഫിസർക്ക് നിർദേശം നൽകി. നിയോജക മണ്ഡലത്തിലെ ആരോഗ്യ- ഊർജവകുപ്പ് വിഷയങ്ങളുമായി ബന്ധപ്പെട്ട് എം.എൽ.എ വിളിച്ച ഉദ്യോഗസ്ഥന്മാരുടെയും ജനപ്രതിനിധികളുടെയും അവലോകന യോഗത്തിലാണ് തീരുമാനം. നാലുകോടി രൂപ ചെലവിൽ നിർമിച്ച ഡയാലിസിസ് കെട്ടിടത്തിൽ സൗജന്യ ഡയാലിസിസ് ആരംഭിക്കുന്നതിന് ആവശ്യമായ തസ്തികകൾ സൃഷ്ടിക്കുന്നതിനുള്ള പ്രപ്പോസലുകൾ തയാറാക്കി സമർപ്പിക്കാനും ജില്ല മെഡിക്കൽ ഓഫിസറെ ചുമതലപ്പെടുത്തി. കുന്നുംപുറം, കണ്ണമംഗലം എഫ്.എച്ച്.സികളിൽ കോവിഡ് ഐസൊലേഷൻ വാർഡ് സ്ഥാപിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തും. കുന്നുംപുറം എഫ്.എച്ച്.സിയിൽ കിടത്തി ചികിത്സക്കുള്ള നടപടികൾ ഊർജിതപ്പെടുത്താൻ സർക്കാറിൽ സമ്മർദം ചെലുത്തും. ഊരകം പി.എച്ച്.സിയെ വേങ്ങര ബ്ലോക്കിൽ ഉൾപ്പെടുത്തുന്നതിനും പരപ്പിൽപാറ സബ് സെന്റർ കെട്ടിടം നിർമാണം അടിയന്തരമായി ആരംഭിക്കുന്നതിനും നിർദേശം നൽകി. നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ മുഴുവൻ ഹൈമാസ്റ്റ് ലൈറ്റുകളും പ്രകാശിപ്പിക്കാൻ വേണ്ട നടപടികൾ വേഗത്തിലാക്കാൻ ഇലക്ട്രിസിറ്റി ഡെപ്യൂട്ടി ചീഫ് എൻജിനീയർക്ക് നിർദേശം നൽകി. മാർച്ച് 31നുള്ളിൽ ആവശ്യമായ പോസ്റ്റുകൾ ലഭ്യമാക്കി മുഴുവൻ ലൈറ്റുകൾക്കും കണക്​ഷൻ ലഭ്യമാക്കുമെന്ന് ഉറപ്പുവരുത്തി. വേങ്ങര 110 കെ.വി സബ്സ്റ്റേഷൻ നടപടികൾ ത്വരിതപ്പെടുത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ മണ്ണിൽ ബെൻസീറ, ഗ്രാമപഞ്ചായത്ത് പ്രഡിഡന്‍റുമാരായ കെ.കെ. മൻസൂർ കോയ തങ്ങൾ, കടമ്പോട്ട് മൂസ, കെ.പി. ഹസീന ഫസൽ, സലീമ ടീച്ചർ, ലിയാഖത്ത് അലി കാവുങ്ങൽ, യു.എൻ. ഹംസ, ബ്ലോക്ക് വൈസ് പ്രസിഡന്‍റ്​ അബൂബക്കർ മാസ്റ്റർ പുളിക്കൽ, ജില്ല പഞ്ചായത്ത് അംഗം സമീറ പുളിക്കൽ, ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക, ഡെപ്യൂട്ടി ജില്ല മെഡിക്കൽ ഓഫിസർ ഡോ. മുഹമ്മദ് ഇസ്മായിൽ, ഡെപ്യൂട്ടി ചീഫ് എൻജിനീയർ (ഇലക്ട്രിസിറ്റി) കെ.എസ്. ഷീബ, എക്സിക്യൂട്ടിവ് എൻജിനീയർ ഒ.പി. വേലായുധൻ തുടങ്ങിയവർ സംബന്ധിച്ചു. പടം : mt vngr pkk kutty വേങ്ങര നിയോജക മണ്ഡലത്തിലെ ആരോഗ്യ-ഊർജ വകുപ്പ് വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥന്മാരുടെയും ജനപ്രതിനിധികളുടെയും അവലോകന യോഗത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.