കരിപ്പൂർ ഭൂമിയേറ്റെടുക്കൽ: സർക്കാർ ഉത്തരവ്​ നീളുന്നു

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ റൺവേ എൻഡ്​ സേഫ്​റ്റി ഏരിയ (റെസ) വികസനത്തിന്​ ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ്​ നീളുന്നു. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മാർച്ച് 24ന് മുഖ്യമന്ത്രി പിണറായി വിജയന് ഈ ആവശ്യമുന്നയിച്ച് കത്തയച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടപടികൾ വേഗത്തിലാക്കുമെന്ന്​ സർക്കാർ പ്രഖ്യാപിച്ചിരുന്നു. തുടർന്ന്​ മലപ്പുറത്ത്​ ഏപ്രിൽ അഞ്ചിന്​ മന്ത്രി വി. അബ്ദുറഹ്മാൻ ഉന്നതതല യോഗം വിളിക്കുകയും തുടർ നടപടികളുമായി മുന്നോട്ടുപോകാനും തീരുമാനിച്ചു. ഏപ്രിൽ 18ന്​ കരിപ്പൂരിലും ഇതുമായി ബന്ധപ്പെട്ട്​ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗവും ചേർന്നു. പ്രദേശവാസികളുടെ സഹകരണത്തോടെ നടപടികൾ ആരംഭിക്കാനായിരുന്നു ധാരണ. എന്നാൽ, ഭൂമിയേറ്റെടുക്കാനുള്ള സർക്കാൻ ഉത്തരവ്​ നീളുകയാണ്​. അടുത്ത വർഷം മാർച്ചിനകം ഭൂമി കൈമാറി നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കാനാണ്​ അതോറിറ്റി നിർദേശം. ഉത്തരവ്​ ഇറങ്ങിയാൽ മാത്രമേ തുടർനടപടികളും വേഗത്തിലാക്കാൻ സാധിക്കൂ. റെസ നീളം കൂട്ടാൻ നെടിയിരുപ്പ്​ വില്ലേജിൽനിന്ന്​ ഏഴര ഏക്കറും പള്ളിക്കൽ വില്ലേജിൽനിന്ന്​ 11 ഏക്കറുമാണ്​ ഏറ്റെടുക്കുക. ഇവർക്ക്​ 2013ലെ ഭൂമി​യേറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും മ​ന്ത്രി വ്യക്തമാക്കിയിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.