കൊണ്ടോട്ടി നെടിയിരുപ്പ് മേഖലയില്‍ മൂന്നുപേര്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു

അയല്‍വാസികളായ രണ്ട് കുട്ടികള്‍ക്കും ഒരുകുട്ടിയുടെ മാതാവിനുമാണ്​ രോഗം കൊണ്ടോട്ടി: മലപ്പുറം ജില്ലയില്‍ മൂന്നുപേര്‍ക്ക് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. കൊണ്ടോട്ടി നഗരസഭയിൽ നെടിയിരുപ്പ് മേഖലയില്‍ പത്ത്​ വയസ്സുള്ള വിദ്യാര്‍ഥിക്കും അയല്‍വീട്ടിലെ കുട്ടിക്കും മാതാവിനുമാണ് രോഗം. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നുനടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 10 വയസ്സുള്ള വിദ്യാര്‍ഥി മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. മറ്റു രണ്ടുപേര്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാൽ വീട്ടിലേക്ക് മടങ്ങി. ഷിഗല്ല സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മേഖലയില്‍ ജാഗ്രത കര്‍ശനമാക്കിയതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. സമീപത്തെ 140ലധികം വീടുകള്‍ സന്ദര്‍ശിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ പൊതുജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കുകയും ബോധവത്കരണം നടത്തുകയും ചെയ്തു. ജലാശയങ്ങള്‍ ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. വെള്ളം, ഭക്ഷണം എന്നിവയുടെ സാമ്പിള്‍ പരിശോധനക്കായി ശേഖരിച്ചു. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തിലും പ്രത്യേക പരിശോധന ആരംഭിച്ചു. രോഗബാധയുണ്ടാകാനുള്ള സാഹചര്യം പരിശോധിച്ചുവരുകയാണെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.