മലപ്പുറം: 'എന്‍റെ പാർട്ടിക്ക് എന്‍റെ ഹദിയ' എന്ന പേരിൽ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓൺലൈൻ വഴിയാരംഭിച്ച പാർട്ടി ഫണ്ട് പിരിവ് ഊർജിതമാക്കാൻ മലപ്പുറം ജില്ല കമ്മിറ്റിക്ക് മേൽ അമിത സമ്മർദവുമായി സംസ്ഥാന നേതൃത്വം. ജില്ലയുടെ ചുമതലയുള്ള സംസ്ഥാന നിരീക്ഷകൻ സി.പി. ചെറിയ മുഹമ്മദിന്‍റെ സാന്നിധ്യത്തിൽ ഫണ്ട് പിരിവ് അവലോകനത്തിനായി കഴിഞ്ഞ ദിവസം ചേർന്ന ജില്ല പ്രവർത്തക സമിതിയിൽ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്.
30 കോടി രൂപ പിരിക്കാൻ ലക്ഷ്യമിട്ട് ഏപ്രിൽ ഒന്ന് മുതൽ 30 വരെയാണ് കാമ്പയിൻ നടത്താൻ ആദ്യം തീരുമാനിച്ചത്.
റമദാൻ മാസം കൂടി കണക്കു കൂട്ടിയായിരുന്നു ഈ തീരുമാനം. എന്നാൽ, പ്രതീക്ഷിച്ചതിന്‍റെ തൊട്ടടുത്തുപോലും പിരിവ് എത്താത്തതിനെ തുടർന്ന് കാമ്പയിൻ ഒരു മാസം കൂടി നീട്ടി. മൊത്തം പിരിക്കേണ്ട 30 കോടിയിൽ 11 കോടി രൂപയാണ് മലപ്പുറം ജില്ലക്ക് നൽകിയ ടാർഗറ്റ്.
കാമ്പയിൻ അവസാനിക്കാൻ രണ്ടാഴ്ച മാത്രം ശേഷിക്കെ ചൊവ്വാഴ്ച വരെ മൊത്തം പിരിച്ചത് 6.49 കോടി രൂപ മാത്രമാണ്. ഇതിൽ മൂന്നു കോടിയോളം (2.96 കോടി) പിരിച്ചത് മലപ്പുറം ജില്ലയാണ്. പാർട്ടി പത്രത്തിന്‍റെ കടം തീർക്കാൻ വലിയ തുക വേണമെന്നും പിരിവ് ഊർജിതമാക്കണമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി യോഗത്തിൽ പറഞ്ഞു.
പാർട്ടിക്ക് എം.എൽ.എമാരുള്ള മണ്ഡലങ്ങൾ 80 ലക്ഷവും അല്ലാത്തവ 40 ലക്ഷവും പിരിക്കണമെന്നും നിർദേശം നൽകി. എന്നാൽ, പ്രവർത്തകരെ വീണ്ടും പിഴിയുകയാണെന്ന് യോഗത്തിൽ ഒരു വിഭാഗം ആക്ഷേപമുന്നയിച്ചു. നിലവിൽ പിരിഞ്ഞുകിട്ടിയ തുകയിൽ പകുതിയോളം നൽകിയ മലപ്പുറം ജില്ലക്ക് മേൽ സമ്മർദം ചെലുത്തുന്നതിന് പകരം മറ്റ് ജില്ലകളിൽ നേതൃത്വം സജീവമായി ഇടപെടണമെന്ന് അവർ ആവശ്യപ്പെട്ടു.
36 ലക്ഷത്തോളം മാത്രമാണ് നിരീക്ഷകൻ സി.പി. ചെറിയ മുഹമ്മദിന്‍റെ ജില്ലയായ കോഴിക്കോട്ട് പിരിച്ചത്. അദ്ദേഹത്തിന്‍റെ പഞ്ചായത്തായ തിരുവമ്പാടിയിൽ നിന്ന് പിരിച്ചത് 7790 രൂപയും. കോഴിക്കോട്ട് പിരിവ് ഊർജിതമായി നടക്കുന്നില്ല. അവിടെയുള്ള നേതാക്കളിൽ പലരും മത്സരിക്കാൻ മലപ്പുറത്തേക്ക് വണ്ടി കയറുകയാണെന്നും ആക്ഷേപമുയർന്നു. മലപ്പുറം ജില്ലയിൽ നിന്നുള്ള പല സംസ്ഥാന നേതാക്കളുടെയും സ്വന്തം വാർഡുകളിൽ കുറഞ്ഞ തുകയാണ് ലഭിച്ചത്.
സംസ്ഥാന നേതാക്കളുൾപ്പെടുന്ന മലപ്പുറം നഗരസഭയിലെ ഒരു വാർഡിൽ നിന്ന് ആകെ ലഭിച്ചത് ഒരു രൂപയാണ്. സംസ്ഥാന നേതാക്കളിൽ പലരും തങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കാതെ ജില്ല നേതൃത്വത്തിന്‍റെ മേൽ സമ്മർദം ചെലുത്തുകയാണെന്നും വിമർശനമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.