1200 കോടിയുടെ മോറിസ്​ കോയിൻ തട്ടിപ്പ്​: മൂന്ന്​ പ്രതികൾ അറസ്റ്റിൽ

മലപ്പുറം: 1200 കോടി രൂപയുടെ മോറിസ് കോയിൻ തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന്​ പ്രതികളെ സംസ്ഥാന ക്രൈം ബ്രാഞ്ചിന്‍റെ മലപ്പുറം യൂനിറ്റ് അറസ്റ്റ് ചെയ്തു. പൂക്കോട്ടുംപാടം കരുളായി പിലാക്കോട്ടുപാടം വെള്ളമുണ്ട് വീട്ടിൽ സക്കീർ ഹുസൈൻ (40), തിരൂർ കൂട്ടായി പടിഞ്ഞാറെക്കര അരയച്ചന്‍റെപുരക്കൽ ദിറാർ (51), പെരിന്തൽമണ്ണ ആലിപ്പറമ്പ് കളരിക്കൽ വീട്ടിൽ ശ്രീകുമാർ (54) എന്നിവരാണ് അറസ്റ്റിലായത്. മഞ്ചേരി അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തേക്ക് റിമാൻഡ്​ ചെയ്തു. തുടർന്ന് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.

ഈ കേസിലെ പ്രധാന പ്രതി പൂക്കോട്ടുംപാടം തോട്ടക്കര കിളിയിടുക്കിൽ വീട്ടിൽ നിഷാദ് (39) വിദേശത്ത് ഒളിവിലാണ്. നിഷാദിനെതിരെ ക്രൈം ബ്രാഞ്ച് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. ഇൻറർപോൾ മുഖേന നിഷാദിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിച്ച് വരികയാണ്​. കേസുമായി ബന്ധപ്പെട്ട് ഫോർട്ട് കൊച്ചി ചിരട്ടപ്പാലം സരോജിനി റോഡിൽ ജൂനിയർ കെ. ജോഷി (40) എന്നയാളെ മലപ്പുറം ക്രൈം ബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

മോറിസ് കോയിൻ എന്ന പേരിലുള്ള ക്രിപ്റ്റോ കറൻസി നിക്ഷേപ പദ്ധതിയിലേക്ക് നിരവധി ആളുകളെ ചേർത്ത് 1200 കോടിയോളം രൂപ തട്ടിച്ച് എടുത്ത കേസാണിത്. മലപ്പുറം ജില്ലയിലെ പൂക്കോട്ടുപാടം കേന്ദ്രീകരിച്ച് നടത്തിയ ഈ തട്ടിപ്പിൽ കേരളത്തിന്‍റെ വടക്കൻ ജില്ലകളിലെ നിരവധി പേരുടെ പണം നഷ്ടപ്പെട്ടു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പ്രതികൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്രൈംബ്രാഞ്ച്​ അന്വേഷണത്തിൽ പ്രതികളുടെ അക്കൗണ്ടുകൾ മരവിപ്പിക്കുകയും, വസ്തുക്കളും വാഹനങ്ങളുമടക്കം പ്രതികളുടെ പേരിലുള്ള സ്വത്തുക്കൾ സർക്കാരിലേക്ക് കണ്ട് കെട്ടുകയും ചെയ്തിട്ടുണ്ട്.

Tags:    
News Summary - 1200 crore Morris coin scam: Three accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.