ആരാധകരേ അർമാദിക്കുവിൻ എന്നാണ് 2022 മലപ്പുറത്തോട് പറഞ്ഞത്. കോവിഡ് പ്രതിസന്ധി അതിജീവിച്ച് പുതിയ കാലത്തിലേക്കുള്ള ജിമിട്ടൻ വരവ്. നഷ്ടങ്ങളേക്കാളേറെ നേട്ടങ്ങളാണ് കഴിഞ്ഞ വർഷം ജില്ലക്ക് സമ്മാനിച്ചത്. കായികമേഖലയിൽ നേട്ടങ്ങളുണ്ടാക്കിയപ്പോൾ നഷ്ടങ്ങളുടെ കോളത്തിൽ പ്രമുഖ നേതാക്കളുടെ പേരുകൾ. കേരളത്തിനൊപ്പം മലപ്പുറവും കാൽപന്തിന്റെ വിശ്വമേളയുടെ ആരവത്തിൽ നുരഞ്ഞുപതഞ്ഞ കാലം. മേളകളും ഉത്സവങ്ങളും തിരിച്ചെത്തിയ ആവേശക്കാലം കൂടിയായിരുന്നു 2022.
മലപ്പുറത്തിന് സന്തോഷ കായികം
ജില്ലയുടെ 2022ലെ കായിക കലണ്ടർ എക്കാലവും സന്തോഷം നൽകുന്ന ഓർമകളുമായാണ് യാത്രയാവുന്നത്. കേരളം ജേതാക്കളായ സന്തോഷ് ട്രോഫി, ആദ്യമായി മലപ്പുറം വേദിയായ ഐ ലീഗ് പോരാട്ടം, കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റേഡിയം ആതിഥേയത്വം വഹിച്ച ദേശീയ ഫെഡറേഷൻ അത്ലറ്റിക് മീറ്റ്, സംസ്ഥാന സ്കൂൾ കായികമേളയിൽ മലപ്പുറത്തിന്റെ ചരിത്ര കുതിപ്പ് എന്നിവയെല്ലാം ജില്ലയുടെ കായിക കുതിപ്പിനും ആവേശത്തിനും മുതൽക്കൂട്ടായി.
കായികമേളയിലെ ഐഡിയൽ കുതിപ്പ്
ഡിസംബർ ആറിന് തിരുവനന്തപുരത്ത് സമാപിച്ച സംസ്ഥാന സ്കൂൾ കായികമേളയിൽ ചരിത്രനേട്ടമാണ് ജില്ല സ്വന്തമാക്കിയത്. പതിറ്റാണ്ടുകൾ നീണ്ട കായികമേളയിൽ ചരിത്രത്തിലാദ്യമായി രണ്ടാം സ്ഥാനത്തെത്തിയ മലപ്പുറം, ഓവറോൾ സ്കൂൾ ചാമ്പ്യൻപട്ടവും സ്വന്തമാക്കി. കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ് സ്കൂളാണ് മേളയിലെ ഓവറോൾ ജേതാക്കൾ. ഈ സ്ഥാനം കുത്തകയാക്കി വെച്ചിരുന്നവരെ തകർത്താണ് ഐഡിയൽ പുതിയ നേട്ടം എത്തിപ്പിടിച്ചത്. കൂടാതെ ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസ് എട്ടാം സ്ഥാനവും കരസ്ഥമാക്കി. ആദ്യപത്തിൽ ജില്ലയിലെ രണ്ട് സ്കൂളുകൾ ഇടംപിടിക്കുന്നതും ചരിത്രത്തിലാദ്യം.
‘സന്തോഷ’ ട്രോഫി...
2022 മേയ് രണ്ടിന് നടന്ന സന്തോഷ് ട്രോഫി ഫൈനലിൽ കേരളം ജേതാക്കളായത് കാൽപന്തിനെ നെഞ്ചേറ്റിയ ഫുട്ബാൾ ആരാധകർക്ക് സന്തോഷ സമ്മാനമായി. ഏപ്രിൽ 16ന് തുടങ്ങിയ ടൂർണമെന്റിലുടനീളം തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിൽ മികച്ച കളിയാണ് കേരളം കാഴ്ചവെച്ചത്. ചരിത്രത്തിൽ ആദ്യമായാണ് സന്തോഷ് ട്രോഫി അന്തിമ റൗണ്ട് മത്സരങ്ങൾക്ക് ജില്ല വേദിയായത്. മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലായിരുന്നു മത്സരങ്ങൾ.
ഐവാ...ഐ ലീഗും
സന്തോഷ് ട്രോഫി ആരവത്തിനു പിന്നാലെ ഐ ലീഗ് പോരാട്ടത്തിനും ആദ്യമായി ജില്ല വേദിയായി. പയ്യനാട് സ്റ്റേഡിയത്തിൽ നവംബർ 12ന് ഗോകുലം കേരള എഫ്.സി, മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബിനെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് അങ്കം കുറിച്ചത്.
നേരത്തേ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയമായിരുന്നു ഗോകുലത്തിന്റെ ഹോം ഗ്രൗണ്ട്. ഈ പ്രാവശ്യം മഞ്ചേരി ഹോം ഗ്രൗണ്ടായതോടെയാണ് ഐ ലീഗ് ആവേശം ജില്ലക്കും കിട്ടിയത്.
ട്രാക്കിലായി സർവകലാശാല സ്റ്റേഡിയം
സംസ്ഥാനത്ത് ആദ്യമായി വിരുന്നെത്തിയ ദേശീയ ഫെഡറേഷൻ കപ്പ് സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയം വേദിയായതും ജില്ലക്ക് അഭിമാനമായി. ഏപ്രിൽ രണ്ടുമുതൽ ആറുവരെ നടന്ന 800ഓളം കായിക താരങ്ങൾ പങ്കെടുത്ത മീറ്റ് സംഘാടനത്തിലും സൗകര്യങ്ങളിലും മികച്ചുനിന്നു. മികച്ച ടൂർണമെന്റുകൾക്കായി സജ്ജീകരിച്ച കാലിക്കറ്റിലെ ട്രാക്കും ഫീൽഡും യൂനിവേഴ്സിറ്റി വിദ്യാർഥികൾക്കും സ്കൂൾ വിദ്യാർഥികൾക്കും പരിശീലനത്തിനും അതിലൂടെ ജില്ലക്ക് മികച്ച താരങ്ങളെ വാർത്തെടുക്കാനും സൗകര്യമൊരുക്കി.
സാദിഖലി തങ്ങൾ ലീഗിന്റെ അമരത്ത്
മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷനായി ഈ വർഷം മേയ് ഏഴിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ചുമതലയേറ്റു. സംസ്ഥാന പ്രസിഡന്റായിരുന്ന ജ്യേഷ്ഠൻ ഹൈദരലി ശിഹാബ് തങ്ങൾ മരിച്ചതിനെ തുടർന്നുള്ള ഒഴിവിലാണ് നിയമനം. ഹൈദരലി തങ്ങൾ അസുഖ ബാധിതനായപ്പോൾ സാദിഖലി തങ്ങൾക്കായിരുന്നു താൽക്കാലിക ചുമതല. ലീഗ് മലപ്പുറം ജില്ല പ്രസിഡന്റ്, ഉന്നതാധികാര സമിതി അംഗം, യൂത്ത്ലീഗ്, എസ്.കെ.എസ്.എസ്.എഫ് എന്നിവയുടെ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
പി.ബിയിൽ വിജയരാഘവൻ, സംസ്ഥാന സെക്രട്ടേറിയറ്റിൽ സ്വരാജ്
സി.പി.എം പോളിറ്റ് ബ്യൂറോയിലേക്ക് എ. വിജയരാഘവൻ. ജില്ലയിൽനിന്ന് ഇം.എം.എസ് നമ്പൂതിരിപ്പാടിനു ശേഷം ഈ സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തി. കോടിയേരി ബാലകൃഷ്ണൻ അവധിയിൽ പ്രവേശിച്ച സമയത്ത് പാർട്ടിയെ നയിക്കുന്നതിനുള്ള താൽക്കാലിക ചുമതല വഹിച്ചതും മലപ്പുറം ചെമ്മങ്കടവ് സ്വദേശിയായ വിജയരാഘവനായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ പുതുമുഖമായി ഇടം നേടി എം. സ്വാരാജ് പാർട്ടിയുടെ നേതൃസ്ഥാനത്തെ യുവപ്രാതിനിധ്യം ഉറപ്പുവരുത്തി. ആദ്യമായാണ് നിലമ്പൂർ പോത്തുകൽ സ്വദേശിയായ എം. സ്വരാജ് സംസ്ഥാന സെക്രട്ടേറിയറ്റിലെത്തുന്നത്.
പ്രതിസന്ധികളെ മറികടന്ന് കരിപ്പൂർ
നിരവധി പ്രതിസന്ധികളെ അതിജീവിച്ച് മൂന്നര പതിറ്റാണ്ട് മുന്നേറിയ കോഴിക്കോട് വിമാനത്താവളത്തിന് 2022ലും മാറ്റങ്ങളുണ്ടായിരുന്നില്ല. വിമാന സർവിസുകൾ പുനഃസ്ഥാപിച്ചിട്ടും യാത്രക്കാരുടെ തിരക്കേറിയിട്ടും ചിറകരിയുന്ന നീക്കങ്ങളിൽനിന്ന് അധികൃതർ പിന്നാക്കം പോകാത്തതാണ് തിരിച്ചടിയായത്. വ്യോമയാന ലോകത്ത് കേട്ടുകേൾവിയില്ലാത്ത രീതിയിൽ നിലവിലെ റൺവേ നീളം കുറക്കുന്നതടക്കമുള്ള തീരുമാനങ്ങളാണ് ഉണ്ടായത്. ‘മാധ്യമം’ അടക്കമുള്ള പത്രങ്ങളുടെയും ജനപ്രതിനിധികളുടെയും ശക്തമായ ഇടപെടലിൽ അധികൃതർ തീരുമാനം മാറ്റി. ഒടുവിൽ റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) ദീർഘിപ്പിക്കാനാണ് തീരുമാനം. ഭൂമി കൈമാറി വികസനം പൂർത്തിയായാൽ 2023 കരിപ്പൂരിന് നല്ല വർഷമാകും.
ചുരുളഴിഞ്ഞ് നാട്ടുവൈദ്യൻ കൊലപാതകം
മൈസൂരു സ്വദേശി 60കാരൻ നാട്ടുവൈദ്യൻ ഷാബ ശരീഫിനെ ക്രൂരമായി കൊലപ്പെടുത്തി മൃതശരീരം വെട്ടിനുറുക്കി പുഴയിൽ തള്ളിയ സംഭവം പുറംലോകം അറിഞ്ഞത് ഏപ്രിലിലാണ്. കേസിലെ മുഖ്യപ്രതി നിലമ്പൂർ മുക്കട്ടയിലെ കൈപ്പഞ്ചേരി ഷൈബിൻ അഷറഫിന്റെ കൊട്ടാരസദൃശമായ വീട്ടിൽ 2020 ഒക്ടോബർ എട്ടിനാണ് ഷാബാ ശരീഫിനെ കൊലപ്പെടുത്തിയത്. ഒമ്പതിന് മൃതദേഹം വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറുകളിലാക്കി പിറ്റേന്ന് പുലർച്ച ചാലിയാറിലൊഴുക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ.
പോക്സോ കേസിൽ കൗൺസിലർ പുറത്ത്
റിട്ട. അധ്യാപകനും മലപ്പുറം നഗരസഭ 11ാം വാർഡ് സി.പി.എം കൗൺസിലറുമായ കെ.വി. ശശികുമാറിനെതിരെ പോക്സോ കേസ്. ലൈംഗിക പീഡന പരാതിയിൽ മലപ്പുറം വനിത പൊലീസാണ് കേസെടുത്തത്. തുടർന്ന് മേയ് 11ന് കൗൺസിലർ രാജിവെച്ചു.
വീണ്ടും തുറന്ന് അംഗൻവാടികളും വിദ്യാലയങ്ങളും
കോവിഡ് തരംഗം കാരണം നിർത്തിയ അംഗൻവാടി രണ്ടു വർഷത്തിനു ശേഷം ഫെബ്രുവരി 13ന് വീണ്ടും തുറന്നു. കൂടുതൽ കുട്ടികളുള്ള അംഗൻവാടികളിൽ ബാച്ചുകളായി തിരിച്ചായിരുന്നു പ്രവർത്തനം. 3808 അംഗൻവാടികളാണ് നിലവിൽ ജില്ലയിലുള്ളത്. കോവിഡിനു ശേഷം ആദ്യമായി ജൂണിൽ ക്ലാസുകൾ തുടങ്ങി. കോവിഡ് മാനദണ്ഡങ്ങള് പാലിച്ച് മാസ്കിട്ടാണ് എല്ലാവരും ക്ലാസുകളിലെത്തിയത്.
എസ്.എസ്.എൽ.സിയിലും പ്ലസ് ടുവിലും മലപ്പുറം ഗാഥ
2022ലും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മലപ്പുറം നേട്ടങ്ങൾ സ്വന്തമാക്കി. എസ്.എസ്.എൽ.സിയിൽ വിജയശതമാനത്തിൽ നേരിയ ഇടിവുണ്ടായെങ്കിലും മികച്ച വിജയം നേടാനായി. കൂടുതൽ കുട്ടികളെ ഉപരിപഠനത്തിന് അർഹരാക്കിയതിലും സമ്പൂർണ എ പ്ലസിലും സംസ്ഥാനതലത്തിൽ ഇത്തവണയും മലപ്പുറമാണ് ഒന്നാമത്. ഹയര്സെക്കന്ഡറി പരീക്ഷയില് ജില്ലയില്നിന്ന് 86.80 ശതമാനം വിദ്യാര്ഥികള് ഉപരിപഠനത്തിന് യോഗ്യത നേടി.
മേളകൾ തിരിച്ചെത്തി
രണ്ടു വർഷത്തെ കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം സ്കൂൾ ശാസ്ത്രമേള, കായികമേള, കലാമേള എന്നിവ തിരിച്ചെത്തിയത് ഇത്തവണത്തെ പ്രത്യേകതയാണ്. ശാസ്ത്രമേള മഞ്ചേരിയിലും കായികമേള തേഞ്ഞിപ്പലത്തും കലാമേള തിരൂരിലും നടന്നു.
ലോകകപ്പ് ആവേശം
ഖത്തർ ലോകകപ്പിന് ജില്ലയിൽ ഗംഭീര വരവേൽപായിരുന്നു. ഫുട്ബാൾ ഇഷ്ടക്കാരായ മലപ്പുറത്തുകാർക്ക് കാൽപന്തിന്റെ മഹോത്സവം നേരിട്ട് കാണുന്നതിനുള്ള അവസരമായിരുന്നു ഇക്കുറി. നിരവധി പേരാണ് കളി കാണുന്നതിന് വിമാനം കയറിയത്. ജില്ലയിലും ആവേശക്കാഴ്ചകളായിരുന്നു എങ്ങും. എല്ലായിടങ്ങളിലും ബിഗ് സ്ക്രീനുകളും ഒരുക്കിയിരുന്നു. മാധ്യമം വേങ്ങരയിൽ ഒരുക്കിയ ബിഗ് സ്ക്രീനിൽ മത്സരം വീക്ഷിക്കുന്നതിനായി നിരവധി പേരാണ് എത്തിയത്. ഫൈനലിൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന കപ്പുയർത്തിയപ്പോൾ കരിമരുന്ന് പ്രയോഗത്തോടെയാണ് ആരാധകർ ആഹ്ലാദപ്രകടനം നടത്തിയത്.
സമൂഹ മാധ്യമങ്ങളിൽ തരംഗമായി ശിഹാബ് ചോറ്റൂരിന്റെ ഹജ്ജ് യാത്ര
ഇന്ത്യയിലും പുറത്തും സമൂഹ മാധ്യമങ്ങളിൽ തരംഗമായ ആതവനാട് സ്വദേശി ശിഹാബ് ചോറ്റൂരിന്റെ കാൽനടയായുള്ള ഹജ്ജ് യാത്രക്ക് തുടക്കമായത് ജൂൺ രണ്ടിന്. ശിഹാബ് ചോറ്റൂർ ഇപ്പോൾ പഞ്ചാബിലെ വാഗാ അതിർത്തിയിലാണ്. പാകിസ്താൻ അധികൃതർ ട്രാൻസിറ്റ് വിസ അനുവദിക്കാത്തതിനെ തുടർന്നാണ് യാത്ര തുടരാൻ കഴിയാത്തത്. ആതവനാട് ചോറ്റൂർ ചേലമ്പാടൻ സൈതലവി -സൈനബ ദമ്പതികളുടെ മകനായ ഇദ്ദേഹത്തിന് പാകിസ്താൻ, ഇറാൻ, ഇറാഖ് വഴി സൗദി അറേബ്യയിലെത്താനാണ് പദ്ധതി. 8640 കിലോമീറ്ററാണ് ദൈർഘ്യം.
ഓർമയായി ആറ്റപ്പൂ...
സംസ്ഥാനത്തിനകത്തും പുറത്തും ആയിരങ്ങളുടെ രാഷ്ട്രീയ, സാമുദായിക, ആത്മീയ നേതൃസ്ഥാനം അലങ്കരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ (74) വിടവാങ്ങി. മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷനായ അദ്ദേഹം അസുഖ ബാധിതനായി എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മാർച്ച് ആറിനാണ് വിടവാങ്ങിയത്. 2009ൽ ശിഹാബ് തങ്ങളുടെ മരണശേഷമാണ് പ്രസിഡന്റ് സ്ഥാനത്തെത്തിയത്.
വിടവാങ്ങി ആര്യാടൻ
ജില്ലയിലെ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ അമരക്കാരനും പാർട്ടിയുടെ കരുത്തനായ നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദും വിടവാങ്ങിയത് ഈ വർഷമാണ്. 87 വയസ്സായിരുന്നു. സെപ്റ്റംബർ 25ന് ചികിത്സയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലം ഡി.സി.സി പ്രസിഡന്റ് പദവി, വിവിധ വകുപ്പുകളുടെ മന്ത്രിസ്ഥാനം എന്നിവ വഹിച്ച ആര്യാടൻ ജില്ലയിൽ കോൺഗ്രസിന്റെ അവസാന വാക്കുകൂടിയായിരുന്നു.
ശിവദാസ മേനോൻ
മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ ടി. ശിവദാസ മേനോനും (90) ഇക്കഴിഞ്ഞ വർഷം ഓർമയായി. സി.പി.എം സംസ്ഥാന കമ്മിറ്റി, സെക്രട്ടേറിയറ്റ് അംഗം, ജില്ല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. 1987ൽ ഇ.കെ. നായനാർ മന്ത്രിസഭയിൽ വൈദ്യുതി ഗ്രാമവികസന മന്ത്രിയായും 96ൽ ധനമന്ത്രിയായും പ്രവർത്തിച്ചു. രണ്ടുതവണയും മലമ്പുഴ മണ്ഡലത്തിൽനിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.