കാവനൂർ: പന്ത്രണ്ടിൽ പള്ളിക്ക് മുന്നിൽ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് 22 പേർക്ക് പരിക്ക്. മഞ്ചേരിയിൽ നിന്ന് അരീക്കോട്ടേക്ക് പോവുകയായിരുന്ന മദീന ബസും അരീക്കോട് ഭാഗത്ത് നിന്ന് മഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയുമാണ് കൂട്ടിയിടിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് അേഞ്ചാടെയായിരുന്നു സംഭവം. വളവിൽ നിന്ന് ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടയിലാണ് ബസ് നിയന്ത്രണം വിട്ടതെന്നാണ് പ്രദേശവാസികൾ പറയുന്നത്. തുടർന്ന് ബസും ലോറിയും പള്ളിയുടെ വശത്തെ നടപ്പാതയുടെ കൈവരിയിൽ ചെന്ന് ഇടിക്കുകയായിരുന്നു. കനത്ത മഴയിലും ശബ്ദം കേട്ട് പ്രദേശവാസികൾ ഓടിയെത്തി ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.
ലോറി ഡ്രൈവറെ നാട്ടുകാരുടെ നേതൃത്വത്തിൽ കുറച്ചു സമയം പരിശ്രമിച്ചാണ് ലോറിയുടെ കാബിനിൽ നിന്ന് പുറത്ത് എത്തിച്ചത്. ഇയാൾക്ക് കാലിന് ഗുരുതര പരിക്കുണ്ട്. ബസ് ഡ്രൈവറും യാത്രക്കാരും ഉൾപ്പെടെയുള്ള 21 പേർക്കാണ് പരിക്കേറ്റത്. ഇവരിൽ 13 പേരെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എട്ട് പേരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അപകടത്തെ തുടർന്ന് മഞ്ചേരി - അരീക്കോട് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. അരീക്കോട് പൊലീസും നാട്ടുകാരും ചേർന്ന് ക്രെയിൻ ഉപയോഗിച്ച് ലോറിയും ബസും റോഡിൽ നിന്ന് നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തിൽ ബസിനും ലോറിക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കനത്ത മഴയിൽ വളവിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണാതായതും അപകടത്തിനിടയാക്കിയെന്ന് പ്രദേശവാസികൾ പറഞ്ഞു.
അരീക്കോട് ആസ്റ്റർ
മദർ ആശുപത്രിയിൽ
ചികിത്സ തേടിയവർ
ലോറി ഡ്രൈവർ കോയമ്പത്തൂർ സ്വദേശി രഞ്ജിത്ത് കുമാർ (27), മുക്കം സ്വദേശി പി. റുബീന (30), സൗത്ത് പുത്തലം സ്വദേശി ഷീബ വാസു (50), അരീക്കോട് സ്വദേശി കെ. നജിയ (43), അരീക്കോട് സ്വദേശി ഷഫീക്(52), മുണ്ടമ്പ്ര സ്വദേശി ഷഹനാസ് (20), ചെറുവായൂർ സ്വദേശി മുഹമ്മദ് (53), മുണ്ടമ്പ്ര സ്വദേശി മൈമൂന (49), കാവനൂർ ഇരുവേറ്റി സ്വദേശി മുഹമ്മദലി (75), ഇരുവേറ്റി സ്വദേശി അബ്ദുൽ ജാബിർ (66), ചെമ്പ്ര കാട്ടൂർ സ്വദേശി എം. അശ്വിനി (26), എരഞ്ഞിക്കൽ സ്വദേശി സി. ലിസി (43), പൂക്കോട്ടുചോല സ്വദേശി സൽമ (37). ബാക്കി ഒമ്പത് പേർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സ തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.