മങ്കട: കരിമലയിൽ പുലിയെ കണ്ട സാഹചര്യത്തിൽ വനംവകുപ്പ് സ്ഥലത്ത് പരിശോധന നടത്തി. തിങ്കളാഴ്ച പുലർച്ചെയാണ് ടാപ്പിങ് തൊഴിലാളി റബർ തോട്ടത്തിൽ പുലിയെ കണ്ടത്.
പുലിയുടേതെന്ന് കരുതുന്ന കാലടികൾ പ്രദേശത്ത് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് വനംവകുപ്പിൽ അറിയിച്ചതിനെ തുടർന്നാണ് തിങ്കളാഴ്ച രാവിലെ കരുവാരക്കുണ്ട് റേഞ്ച് ഫോറസ്റ്റ് ഓഫിസർ അരുൺ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്. നാട്ടുകാർ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് വനം വകുപ്പ് അറിയിച്ചു. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി കരിമല, കൂട്ടിൽ, മുള്ള്യാകുർശ്ശി, കൊടികുത്തിമല എന്നിവിടങ്ങളിലൂടെ പുലി കടന്നുപോകുന്നത് വനംവകുപ്പ് കൃത്യമായി നിരീക്ഷിച്ചു വരുന്നുണ്ട്. എന്നാൽ കാമറയിലോ മറ്റോ ഇതുവരെ പുലിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
ആരോഗ്യവാനായ പുലി ആണെന്നാണ് വനം വകുപ്പിന്റെ നിഗമനം. ആയതിനാൽ ആളുകളെ ആക്രമിക്കാൻ സാധ്യത കുറവാണ്. അവശയാകുമ്പോഴും പല്ല് കൊഴിയുമ്പോഴും ആണ് മൃഗങ്ങളെയും മനുഷ്യരെയും ആക്രമിക്കാൻ സാധ്യതയുള്ളത്. ഈ ഭാഗങ്ങളിൽ പുലി ആടിനെയാണ് സാധാരണയായി പിടിക്കുന്നത്. എന്നാൽ ടാപ്പിങ്ങിന് പോകുന്ന ആളുകൾ പടക്കം പൊട്ടിച്ചോ മതിയായ ലൈറ്റുകൾ ഉപയോഗിച്ചോ മുൻകരുതൽ സ്വീകരിക്കണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇനി പുലിയെ കാണുന്ന മുറക്ക് വനം വകുപ്പിന്റെ ഭാഗത്തുനിന്ന് കൃത്യമായി ഇടപെടൽ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.