മലപ്പുറം: വയനാട് ലോക്സഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും. മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജക മണ്ഡലങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് വയനാട് ലോക്സഭ മണ്ഡലം. ഈ മൂന്ന് മണ്ഡലങ്ങളിലെ 6,45,755 പേരാണ് പോളിങ് ബൂത്തിലേക്ക് പോകുന്നത്. ഇവരില്‍ 3,20,214 പേര് പുരുഷമാരും 3,25,535 പേര് സ്ത്രീകളും ആറുപേര്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാരുമാണ്. വോട്ടെടുപ്പിനുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായി.
രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് പോളിങ്. പുലര്‍ച്ചെ 5.30ന് മോക് പോള്‍ ആരംഭിക്കും. വോട്ടിങ് യന്ത്രങ്ങള്‍ ഉള്‍പ്പെടെ പോളിങ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. ഏറനാട് നിയോജക മണ്ഡലത്തിലെ ബൂത്തുകളിലേക്കുള്ള സാമഗ്രികള്‍ മഞ്ചേരി ചുള്ളക്കാട് ജി.യു.പി സ്കൂളിലും നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങളിലേത് നിലമ്പൂര്‍ അമല്‍ കോളജിലുമാണ് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്തത്. വോട്ടെടുപ്പിനുശേഷം ഇതേ കേന്ദ്രങ്ങളിലാണ് വോട്ടിങ് യന്ത്രങ്ങള്‍ തിരികെയെത്തിക്കുക. തുടര്‍ന്ന് രാത്രിയോടെ തന്നെ നിലമ്പൂര്‍ അമല്‍ കോളജിലെ സ്ട്രോങ് റൂമുകളിലേക്ക് മാറ്റും. പോളിങ് സാമഗ്രികള്‍ ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥര്‍ പ്രത്യേക വാഹനങ്ങളില്‍ അതത് പോളിങ് സ്റ്റേഷനുകളിലെത്തി ബൂത്തുകള്‍ സജ്ജീകരിച്ചു.
25 ഓക്സിലറി ബുത്തുകള്‍ ഉള്‍പ്പെടെ ആകെ 595 പോളിങ് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്. എല്ലാ ബൂത്തുകളിലും റാംപ്, ശുചിമുറി, കുടിവെള്ള സൗകര്യങ്ങള്‍ എന്നിവ ഒരുക്കി. വനിത ഓഫിസര്‍മാരുടെ മേല്‍നോട്ടത്തില്‍ ഒമ്പത് പോളിങ് സ്റ്റേഷനുകളും ഒമ്പത് മാതൃക പോളിങ് ബൂത്തുകളും സജ്ജീകരിച്ചു. എല്ലാ പോളിങ് സ്റ്റേഷനുകളിലും വോട്ടെടുപ്പ് വെബ്കാസ്റ്റിങ് നടത്തും. പോളിങ് നിരീക്ഷിക്കാനുള്ള കണ്ട്രോള് റൂമും വെബ് കാസ്റ്റിങ് കണ്ട്രോള് റൂമും കലക്ടറേറ്റ് കോൺഫറന്‍സ് ഹാളില്‍ സജ്ജീകരിച്ചിട്ടുണ്ട്. സുരക്ഷ ചുമതലകള്‍ക്കായി 2500 പൊലീസ് ഉദ്യോഗസ്ഥരെയും രണ്ട് കമ്പനി കേന്ദ്ര സേനയെയും മൂന്ന് കമ്പനി സായുധ ബറ്റാലിയന് സേനാംഗങ്ങളെയും വിന്യസിച്ചു.
വയനാട് ലോക്സഭ മണ്ഡലം തെരഞ്ഞെടുപ്പിനായി പോളിങ് ബൂത്തുകളിൽ സജ്ജീകരിക്കുന്ന വോട്ടിങ് സെന്റററിൽ നോട്ടക്ക് മാത്രമായി ഒരു ബാലറ്റ് യൂനിറ്റ് ഉണ്ടാവും. സ്ഥാനാർഥികളുടെ എണ്ണത്തിന് അനുസരിച്ചാണ് പോളിങ് സ്റ്റേഷനുകളിൽ ബാലറ്റ് യൂനിറ്റ് അനുവദിക്കുന്നത്. ഒരു ബാലറ്റ് യൂനിറ്റിൽ 16 ബട്ടണുകളാണുള്ളത്. സ്ഥാനാർഥികൾക്ക് ക്രമനമ്പർ അനുസരിച്ച് ബട്ടനുകൾ നൽകികഴിഞ്ഞാൽ അവസാനമായി വരുന്ന ബട്ടനാണ് നോട്ടക്ക് അനുവദിക്കുന്നത്. വയനാട് ലോക്സഭ മണ്ഡലത്തിൽ ഇത്തവണ 16 സ്ഥാനാർഥികളുണ്ട്. അതിനാൽ ഒരു ബാലറ്റ് മെഷീൻ സ്ഥാനാർഥികൾക്ക് മാത്രമായി അനുവദിക്കും. അഡീഷനൽ ബാലറ്റ് മെഷീനിൽ പതിനേഴാമതായിട്ടാണ് നോട്ട വരിക. നോട്ടക്ക് മാത്രമായി ഒരു ബാലറ്റ് യൂനിറ്റ് വോട്ടിങ് സെന്ററിലുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.