മലപ്പുറം: ജില്ലയിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 736 കേസുകൾ രജിസ്റ്റർ ചെയ്തു. കാപ്പ പ്രകാരം നാടുകടത്തിയ മൂന്ന് പേർ വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് അറസ്റ്റിലായി. പെരിന്തൽമണ്ണ ചെരക്കാപറമ്പ് പെരുമ്പൻ മുഹമ്മദ് ഷരീഫ്(41), പുത്തനങ്ങാടി ആലിക്കൽ അജ്നാസ്(31), കാളികാവ് ചോക്കാട് മുതുകുളവൻ ഫായിസ്(26) എന്നിവരെ അറസ്റ്റ് ചെയ്തു. എം.ഡി.എം.എയുമായി മേലാറ്റൂർ വട്ടത്തൂർ പിലായിത്തൊടി ഹബീബ്, കണ്ണത്ത് കക്കുന്നൻ നിഷാദ്, 280 ഗ്രാം കഞ്ചാവും 6.90 ഗ്രാം ഹാഷിഷ് ഓയിലുമായി വെള്ളില മുരിങ്ങാപറമ്പിൽ വിജേഷ് എന്നിവരെ പിടികൂടി.
12 ലിറ്റർ മദ്യവുമായി തൃക്കലങ്ങോട് വെയിയംകുന്ന് ശിവനെ മഞ്ചേരി പൊലീസും ചാപ്പപ്പടി മൂന്നാന്റെ പുരക്കൽ സൈനുൽ ആബിദ്, ഒട്ടുമ്മൽ നരിക്കോടൻ ശിഹാബ് എന്നിവരെ പരപ്പനങ്ങാടി പൊലീസും 14 ലിറ്റർ മദ്യവുമായി പാഴൂർ കുന്നമ്പള്ളിയാലിൽ പ്രശാന്തിനെ കുറ്റിപ്പുറം പൊലീസും പിടികൂടി. അനധികൃത മദ്യവിൽപന, പൊതുസ്ഥലത്ത് മദ്യപിക്കൽ എന്നിവയിൽ 115 കേസുകളും രജിസ്റ്റർ ചെയ്തു. മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് 109 കേസുകളും അനധികൃത മണൽകടത്തിനെതിരെ ഒമ്പത് കേസുകളും രജിസ്റ്റർ ചെയ്തു. മൂന്നക്ക ലോട്ടറിയുമായി ബന്ധപ്പെട്ട് 39 കേസുകൾ രജിസ്റ്റർ ചെയ്തു.
കോടതിയിൽ ഹാജരാകാതെ ഒളിവിൽ താമസിച്ചിരുന്ന 37 പ്രതികളെയും ജാമ്യമില്ലാവാറന്റിൽ പിടികിട്ടാനുണ്ടായിരുന്ന 125 പേരെയുമടക്കം 162 കുറ്റവാളികളെയാണ് പൊലീസ് പിടിച്ചത്. വാഹന പരിശോധനയിൽ 4,663 വാഹനങ്ങൾ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തി. ഇവരിൽ നിന്ന് 8,84,550 രൂപ പിഴയായി ഈടാക്കി. ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന്റെ നിർദേശ പ്രകാരമാണ് മിന്നൽ പരിശോധന നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.