മലപ്പുറം: ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിലെ ഏഴോ എട്ടോ സീറ്റുകൾ നേടി ഇടതുമുന്നണി തിളക്കമാർന്ന പ്രകടനം കാഴ്ചവെക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയും തവനൂരിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയുമായ ഡോ. കെ.ടി. ജലീൽ. പിണറായി വിജയൻ സർക്കാർ നടപ്പാക്കിയ ജനപക്ഷ വികസനപ്രവർത്തനങ്ങൾക്കും മുന്നണി ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷ മൂല്യങ്ങൾക്കുമുള്ള അംഗീകാരമായിരിക്കും വിജയമെന്നും അദ്ദേഹം മലപ്പുറം പ്രസ് ക്ലബിെൻറ 'സഭാങ്കം 2021' മുഖാമുഖം പരിപാടിയിൽ പറഞ്ഞു.
ഏതാനും മാസങ്ങൾക്കുമുമ്പ് എനിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങളിൽ അന്വേഷണ ഏജൻസികൾക്ക് യാതൊന്നും കണ്ടെത്താനാവാതിരുന്നത് അവയുടെ പൊള്ളത്തരം വ്യക്തമാക്കുന്നതായിരുന്നു. എന്നെ ജനങ്ങൾക്കറിയാം. ആരോപണങ്ങളിൽ ഒരു കഴമ്പുമില്ലെന്ന് അവർ മനസ്സിലാക്കി. മറിച്ചൊരു നിലപാട് സ്വീകരിക്കാനുള്ള യാതൊരു ജീവിതാനുഭവങ്ങളും എനിക്കില്ല. അന്വേഷണ ഏജൻസികൾ പോലും പകച്ചുനിന്നു. ദുരാരോപണങ്ങൾ ഉന്നയിച്ചവർക്ക് ജനം തെരഞ്ഞെടുപ്പിൽ മറുപടി കൊടുക്കും.
കാലിക്കറ്റ് സർവകലാശാലയുടെ വൈസ് ചാൻസലറായിരുന്ന ഡോ. എം. അബ്ദുസ്സലാം ഇപ്പോൾ തിരൂരിലെ ബി.ജെ.പി സ്ഥാനാർഥിയാണ്. സംസ്കൃത സർവകാശാല മുൻ വൈസ് ചാൻസലർ കെ.എസ്. രാധാകൃഷ്ണനും ബി.ജെ.പിക്കുവേണ്ടി മത്സരിക്കുന്നു. യു.ഡി.എഫിെൻറ അപക്വമായ നിലപാടുകളാണ് ഇതിൽ ചർച്ച ചെയ്യേണ്ടത്. ബി.ജെ.പി മനഃസ്ഥിതിയുള്ളവരെ അവർ ഉന്നതപദവികളിലിരുത്തി. എൽ.ഡി.എഫ് സ്ഥാനാർഥികളിൽ കോൺഗ്രസുകാരും മുസ്ലിം ലീഗുകാരുമൊക്കെയുണ്ട്. അവർ മുമ്പ് ആരായിരുന്നു എന്നതല്ല ഇപ്പോഴത്തെ നിലപാടാണ് നോക്കേണ്ടത്.
വിദ്യാഭ്യാസവും നിലപാടുമുള്ളവർക്ക് ലീഗിൽ ഒരു സ്ഥാനവുമില്ല. അധിക യോഗ്യതകൾ ലീഗിൽ അയോഗ്യതയാണ്. പത്താം ക്ലാസ് കടക്കാതെ നോക്കുന്നതാണ് നല്ലത്. സാത്വിക ജീവിതം നയിക്കുന്ന ടി.എ. അഹമ്മദ് കബീറിന് സീറ്റ് നൽകിയില്ല. നിയമസഭയിലെ പ്രകടനമൊന്നുമല്ല പരിഗണിക്കുന്നത്. സമ്പത്തും ആരോഗ്യവും സമയവുമൊക്കെ ലീഗിന് വേണ്ടി സമർപ്പിച്ചവരെ തരാം താരാം എന്ന് പറഞ്ഞ് സീറ്റ് നൽകാതെ ക്രൂരമായി പറ്റിക്കുന്നു. ലീഗിലെ ഭാരവാഹിത്വത്തിനും ഒരു നിലയും വിലയുമില്ലാതെ വന്നിരിക്കുന്നു. സി.പി.എം സെക്രട്ടറിയാവാനാണ് പണ്ട് പിണറായി വിജയൻ മന്ത്രിസ്ഥാനമൊഴിഞ്ഞതെന്നോർക്കണം.
ജീവകാരുണ്യ പ്രവർത്തനങ്ങൾ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ സാധാരണ നടത്തുന്നതാണ്. അത് പക്ഷേ, വിളിച്ചുപറയാറില്ല. തവനൂരിൽ യു.ഡി.എഫ് ആരെ മത്സരിപ്പിച്ചാലും എൽ.ഡി.എഫ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കും. പൊന്നാനിയിൽ ശ്രീരാമകൃഷ്ണനില്ലാത്തത് വികസന പ്രവർത്തനങ്ങളെ ബാധിക്കില്ല. വ്യക്തിയല്ല മുന്നണിയാണ് പ്രധാനം. സ്ഥാനാർഥി നിർണയത്തിനെതിരായ പ്രതിഷേധം അവിടെ മുമ്പുമുണ്ടായിട്ടുണ്ട്. അത് തീരദേശത്തെ ജനങ്ങളുടെ വികാരപ്രകടനം മാത്രമാണ്. താനൂരിൽ വികസനവിപ്ലവം നടത്തിയ വി. അബ്ദുറഹ്മാനുള്ളപ്പോൾ ഇറക്കുമതി ചെയ്ത സ്ഥാനാർഥിക്ക് ഒരു വിജയസാധ്യതയുമില്ല.
തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെ അധ്യാപക ജോലിയിൽ തിരിച്ചുകയറണം എന്നായിരുന്നു ആഗ്രഹം. എന്നാൽ, പാർട്ടി വീണ്ടും മത്സരിക്കാൻ ആവശ്യപ്പെട്ടതോടെ വഴങ്ങി. സ്വയം വിരമിക്കലിന് സമയം ലഭിക്കാത്തതിനാൽ ജോലി രാജിവെച്ചെന്നും ജലീൽ അറിയിച്ചു. പ്രസ് ക്ലബ് പ്രസിഡൻറ് ശംസുദ്ദീൻ മുബാറക് സ്വാഗതവും സെക്രട്ടറി കെ.പി.എം. റിയാസ് നന്ദിയും പറഞ്ഞു. ട്രഷറർ സി.വി. രാജീവ് ഉപഹാരം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.