മലപ്പുറം: ജില്ലയിൽ ഇടപാടുകാരുടെ അക്കൗണ്ട് മരവിപ്പിച്ച സംഭവത്തിൽ ആർ.ബി.ഐയുടെ ഭാഗത്തുനിന്ന് ഇടപെടലുകൾ വേണമെന്ന് ജില്ലതല ബാങ്കിങ് അവലോകന യോഗം. വിവിധ ബാങ്ക് അധികൃതർ തങ്ങളുടെ നിലപാട് വിശദീകരിക്കുമ്പോഴാണ് വിഷയത്തിൽ നടപടി ആവശ്യവുമായി മുന്നോട്ട് വന്നത്. ഇടപാടുകാരുടെ അക്കൗണ്ടുകൾ വിശദീകരണം കൂടാതെ മരവിപ്പിച്ചത് കാരണം ഒരുപാട് പ്രതിസന്ധി നേരിട്ടിട്ടുണ്ടെന്ന് ബാങ്കുകൾ വ്യക്തമാക്കി. വിഷയത്തിൽ ഇടപാടുകാർക്ക് കൃത്യമായ മറുപടി നൽകാൻ വരെ ബാങ്കുകൾ ഏറെ പ്രയാസപ്പെട്ടു. ഇക്കാര്യത്തിൽ റിസർവ് ബാങ്ക് ഇടപെട്ട് തുടർനടപടി സ്വീകരിക്കണമെന്നും ബാങ്ക് അധികൃതർ അഭിപ്രായപ്പെട്ടു. അഭിപ്രായം യോഗം അംഗീകരിച്ചു.
ബാങ്കുകളിൽ ജൂൺ പാദത്തിൽ 51,391.43 കോടി രൂപയുടെ നിക്ഷേപമുണ്ടായി. കഴിഞ്ഞ പാദത്തിെനക്കാൾ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ പാദത്തിൽ (മാർച്ച്) ഇത് 52,351.66 കോടിയായിരുന്നു. പ്രവാസി നിക്ഷേപത്തിലും കുറവ് വന്നിട്ടുണ്ട്. 13,208.89 കോടി രൂപയാണ് ഈ പാദത്തിലെ പ്രവാസി നിക്ഷേപം. കഴിഞ്ഞ പാദത്തിൽ 15,503.93 കോടി രൂപയായിരുന്നു ഇത്. ജില്ലയിലെ മൊത്തം വായ്പകൾ 33,319.61 കോടി രൂപയാണ്. കഴിഞ്ഞ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിൽ 463.73 കോടി രൂപയുടെ വർധനയുണ്ടായി. കഴിഞ്ഞ പാദത്തിൽ 32,855.88 കോടിയായിരുന്നു വായ്പ. ജില്ലയിലെ വായ്പനിക്ഷേപ അനുപാതം 64.83 ശതമാനമാണ്. വായ്പനിക്ഷേപ അനുപാതം 60 ശതമാനത്തിൽ കുറവുള്ള ബാങ്കുകൾ റേഷ്യേ 60 ശതമാനത്തിൽ മുകളിൽ എത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗം എം.പി. അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.