മലപ്പുറം: അപകടകരമായ രീതിയിൽ ഡ്രൈവിങ് നടത്തുന്നവർക്കും മോടി കൂട്ടിയവർക്കും കാതടപ്പിക്കുന്ന ശബ്ദത്തിലുള്ള ഹോണിൽ ഇമ്പം കണ്ടെത്തിയവർക്കും പിഴ നൽകി മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞമാസം ജില്ലയിലെ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ 36 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും അപാകത കണ്ടെത്തിയ 44 വാഹനങ്ങളുടെ ഫിറ്റ്നസും മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. ജില്ല ആർ.ടി.ഒ സി.വി.എം. ഷരീഫിന്റെ നിർദേശപ്രകാരം ജില്ലയിൽ ഒക്ടോബറിൽ നടത്തിയ പരിശോധനയിൽ ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ 249 വാഹനങ്ങളിൽ രൂപമാറ്റം വരുത്തിയതായി കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ ജില്ലയിൽനിന്ന് കഴിഞ്ഞമാസം 5,794 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. കാതടിപ്പിക്കുന്ന ശബ്ദത്തിലുള്ള എയർ ഹോൺ ഉപയോഗിച്ചത് 49, അപകടകരമായ രീതിയിൽ നിരത്തുകളിൽ റൈസിങ് ഉൾപ്പെടെ അപകടകരമായ ഡ്രൈവിങ് നടത്തിയത് 53, ലൈസൻസില്ലാതെ വാഹനം ഓടിച്ചത് 225, ഓവർലോഡ് 51, ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിച്ചത് 463, ഫിറ്റ്നസ് ഇല്ലാത്തത് 122, ഹെൽമെറ്റ് ഇല്ലാതെ വാഹനം ഓടിച്ചത് 3,396, മൊബൈൽ ഫോൺ ഉപയോഗിച്ച് ഡ്രൈവിങ് ചെയ്തത് 78, നികുതി ഇല്ലാത്തത് 223, ഫാൻസി നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചത് 187, നമ്പർ പ്ലേറ്റുകൾ പ്രദർശിപ്പിക്കാത്തത് 240, മൂന്നുപേരെ കയറ്റിയുള്ള ഇരുചക്ര വാഹനയാത്ര 139, പെർമിറ്റ് ഇല്ലാത്തത് 36, സ്പീഡ് ഗവർണറില്ലാത്തത് 75 എന്നിങ്ങനെ 5794 കേസുകളിലായാണ് മോട്ടോർ വാഹന വകുപ്പ് 1,13,51,725 രൂപ പിഴ ചുമത്തിയത്.
പരിശോധന തുടരും -ആർ.ടി.ഒ
മലപ്പുറം: ജില്ലയിൽ വരുംദിവസങ്ങളിൽ പരിശോധന കൂടുതൽ കർശനമാക്കുമെന്ന് ജില്ല ആർ.ടി.ഒ സി.വി.എം. ഷരീഫ് അറിയിച്ചു. സ്കൂൾ വാഹനങ്ങളും സ്കൂൾ, കോളജ് പരിസരങ്ങൾ കേന്ദ്രീകരിച്ചും പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ വാഹനങ്ങളിലെ നിയമലംഘനം: ഇനി നിയമനടപടിയും
മലപ്പുറം: ഇനിമുതൽ സ്കൂൾ വാഹനങ്ങൾ നിയമ ലംഘനങ്ങൾക്ക് പിടിക്കപ്പെട്ടാൽ പിഴ അടച്ച് തടിയൂരാനാകില്ല. പിഴക്ക് പുറമെ നിയമനടപടിയും സ്കൂൾ അധികൃതർ നേരിടേണ്ടിവരും. അപാകത കണ്ടെത്തുന്ന സ്കൂൾ ബസിന്റെ വാഹന ഉടമ എന്ന നിലയിൽ സ്കൂൾ അധികൃതർക്കെതിരെ ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടി സ്വീകരിക്കാൻ ജില്ല കലക്ടർക്ക് ശിപാർശ ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. നിയമലംഘനം നടത്തിയ 17 സ്കൂൾ വാഹനങ്ങളുടെ ഉടമയായ സ്കൂൾ അധികൃതർക്കെതിരെ ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പ് ജില്ല കലക്ടർക്ക് ശിപാർശ ചെയ്തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞമാസം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിയ സ്കൂൾ വാഹനങ്ങളുടെ പരിശോധനയിൽ ഗുരുതര നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
1,200 സ്കൂൾ വാഹനങ്ങൾ പരിശോധിച്ചതിൽ നിയമലംഘനങ്ങൾ കണ്ടെത്തിയ 72 സ്കൂൾ വാഹനങ്ങൾക്കെതിരെ കേസെടുത്തു. അപാകത കണ്ടെത്തിയ നാല് സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കി. വിദ്യാർഥികളുടെ സുരക്ഷിത യാത്ര ഉറപ്പ് വരുത്തുന്നതിൽ ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന നിലപാടിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.