മലപ്പുറം: എ.ഐ കാമറകളിൽ പതിഞ്ഞ ചിത്രങ്ങൾ വെച്ച് ഗതാഗത നിയമലംഘനങ്ങൾക്കെതിരെയുള്ള നടപടികളിലേക്ക് മോട്ടോർ വാഹന വകുപ്പ് കടന്നു.
തിങ്കളാഴ്ച കണ്ടെത്തിയ 545 നിയമലംഘനങ്ങൾക്കെതിരെ പിഴ ഈടാക്കാനുള്ള നടപടികൾ ആരംഭിച്ചു. നിയമലംഘനം നടത്തിയ വാഹന ഉടമക്ക് എസ്.എം.എസ് നൽകും. തുടർന്ന്, ചലാൻ തയാറാക്കി ആർ.സി. ഉടമക്ക് അയച്ചുകൊടുക്കും. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുവരെ റോഡിലെ കാമറയിൽ പതിഞ്ഞ ചിത്രങ്ങൾ പരിശോധിച്ചുവരികയാണ്. നിയമലംഘനമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാകും തുടർനടപടികൾ.
കഴിഞ്ഞ രണ്ടു ദിവസവും ഇതര ജില്ലകളെ അപേക്ഷിച്ച് കുറവ് നിയമലംഘനങ്ങൾ ഉണ്ടായിട്ടുള്ളത് ജില്ലയിലാണ്. കൂടുതലും ഹെൽമെറ്റ്, സീറ്റ്ബെൽറ്റ് ധരിക്കാത്തതുമായി ബന്ധപ്പെട്ടതാണ്. ജില്ലയിൽ വിവിധ ഇടങ്ങളിലായി 49 കാമറകളാണ് സ്ഥാപിച്ചത്. കോട്ടക്കൽ പറമ്പിലങ്ങാടിയിലുള്ള ആർ.ടി.ഒ എൻഫോഴ്മെന്റ് വിഭാഗം ഓഫിസിനോട് ചേർന്നാണ് 24 മണിക്കൂർ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. ഇവിടെ പകലും രാത്രിയിലും കാമറയിൽപതിയുന്ന ചിത്രങ്ങൾ പരിശോധിക്കും. ഗതാഗത നിയമങ്ങൾ പാലിക്കാനുള്ള ജാഗ്രത യാത്രക്കാർക്കിടയിൽ വർധിച്ചതായി മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു.
കൂട്ടുമൂച്ചി, നടുവട്ടം, കരിപ്പറമ്പ്, എടപ്പാൾ കാവിൽപ്പടി, പറമ്പിലങ്ങാടി, പെരുന്തല്ലൂർ, കടുങ്ങാത്തുകുണ്ട്, കുട്ടികളത്താണി, കൊട്ടപ്പുറം, പുലാമന്തോൾ, തിരൂർ താഴെപ്പാലം, കുളത്തൂർ ഓണപ്പുട, മൂന്നാക്കൽ, അമ്മിനിക്കാട് സ്കൂൾപ്പടി, മാനത്തുമംഗലം, താനൂർ നടക്കാവ്, പെരിന്തൽമണ്ണ, അങ്ങാടിപ്പുറം ജൂബിലി ജങ്ഷൻ, പടപ്പറമ്പ്, തടത്തിൽവളവ്, എടരിക്കോട്, കൊടക്കൽ, ചട്ടിപറമ്പ്, പുത്തൂർപാലം, പെരുന്തല്ലൂർ-രണ്ട്, മങ്കട വേരുംപുലാക്കൽ, കൂട്ടിലങ്ങാടി, നൂറാടിപ്പാലം, പരപ്പനങ്ങാടി, കുറ്റാളൂർ, ബിയ്യം കെ.കെ. ജങ്ഷൻ, മേൽമുറി കോണോംപാറ, മാറഞ്ചേരി, കൊളത്തുപറമ്പ്, കൊടക്കല്ല് കുന്നുംപുറം, പാണ്ടിക്കാട് പയ്യപ്പറമ്പ്, വായ്പ്പാറപ്പടി, മഞ്ചേരി തുറക്കൽ, വള്ളുവമ്പ്രം കാടപ്പടി, ചങ്ങരംകുളം, മഞ്ചേരി നെല്ലിപറമ്പ്, കോടങ്ങാട്, പുളിക്കൽ ആലുങ്ങൽ, വണ്ടൂർ നടുവത്ത് മൂച്ചിക്കൽ, എടവണ്ണ ചെറുമണ്ണ്, അരീക്കോട്, എടവണ്ണപ്പാറ, നിലമ്പൂർ ജനതപ്പടി, പാലുണ്ട.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.