കൊണ്ടോട്ടി: കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ വിപുലീകരണ പ്രവൃത്തികളുടെ ഭാഗമായി അടച്ച ക്രോസ് റോഡിന് ബദല്‍ സംവിധാനം ഒരുക്കണമെന്ന ആവശ്യവുമായി ചിറയില്‍ ജി.എം.യു.പി സ്കൂള്‍ അധികൃതര്‍ രംഗത്ത്. നിലവില്‍ ഉപയോഗിച്ചിരുന്ന റോഡ് ഇല്ലാതായതോടെ വിദ്യാലയത്തിലെത്താന്‍ കുട്ടികള്‍ കിലോമീറ്ററുകളോളം നടക്കേണ്ട അവസ്ഥയാണെന്നും വികസനത്തിന്റെ ഭാഗമായി ഇല്ലാതാകുന്ന റോഡിന് പകരം പുതിയ റോഡരുക്കണമെന്നും വിദ്യാലയ രക്ഷാകര്‍തൃ സമിതി യോഗം ആവശ്യപ്പെട്ടു.
കൊണ്ടോട്ടി ഉപജില്ലയിലെ വലിയ സര്‍ക്കാര്‍ യു.പി സ്കൂളുകളിലൊന്നായ ചിറയില്‍ സ്കൂളില്‍ വിവിധ ക്ലാസുകളിലായി 1500-ാളം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ഭൂരിഭാഗം കുട്ടികളും വരുന്ന പാലക്കാപ്പറമ്പ് മേഖലയിലുള്ളവരാണ് ക്രോസ് അടക്കുകയും വികസനത്തിനായി ഏറ്റെടുത്ത സ്ഥലത്ത് വിമാനത്താവള അതോറിറ്റി മതില് നിര്‍മാണം ആരംഭിക്കുകയും ചെയ്തതോടെ ദുരിതത്തിലായത്.
ഈ ആശങ്ക നേരത്തെ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചപ്പോള്‍ ഇല്ലാതാകുന്ന റോഡിന് പകരം വഴിയൊരുക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടികളെ പോലും ബുദ്ധിമുട്ടിലാക്കുന്ന പ്രശ്നത്തിന് അടിയന്തര പരിഹാര നടപടിയുണ്ടാകണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.
കൊണ്ടോട്ടി നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പി. ഫിറോസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.പി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ കെ.പി. സല്മാന്, എസ്.എം.സി ചെയര്മാന് എ.കെ. അബ്ദുല്‍ ജലീല്‍, പ്രഥമാധ്യാപകന്റെ ചുമതലയിലുള്ള കെ.പി. ശിവദാസന്‍, കെ.കെ. ജാഫര്‍, വി. മണി, കെ. മിനി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.