പൊന്നാനി: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി സ്വകാര്യ ബസുകൾ വഴി തിരിച്ചുവിട്ടതോടെ പ്രയാസത്തിലായി യാത്രക്കാർ. പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയതോടെ പ്രശ്നത്തിന് താൽക്കാലിക പരിഹാരമായി. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി കടവനാട് കൊല്ലൻപടി വഴിയുള്ള ഗതാഗതം നിർത്തിവെച്ചതോടെയാണ് വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ വലഞ്ഞത്.
അർധവാർഷിക പരീക്ഷ ഉൾപ്പെടെ ആരംഭിച്ച സാഹചര്യത്തിൽ കൊല്ലൻപടി വഴിയുള്ള സർവിസ് റൂട്ട് മാറ്റിയതോടെ കടവനാട് കൊല്ലൻപടി ഭാഗത്തുള്ളവർ കിലോമീറ്ററുകളോളം നടന്നാണ് ബസ് കയറിയത്.
നിരവധി വർഷങ്ങളായി ബസുകളെ ആശ്രയിച്ചുകഴിയുന്ന പ്രദേശവാസികൾക്കാണ് മുന്നറിയിപ്പും നൽകാതെ ബസുകൾ ഓട്ടം നിർത്തിവെച്ചത്.
ബസുകൾ കൊല്ലൻപടി വഴി പോകുന്നതിന് പകരം ദേശീയപാതയിലെ പള്ളപ്രം വഴി തിരിച്ചുവിട്ടതാണ് പ്രതിഷേധങ്ങൾക്കിടയാക്കിയത്.
ഇതേത്തുടർന്ന് കോൺഗ്രസ് പ്രവർത്തകരും സി.പി.എം പ്രവർത്തകരും ബസുകൾ തടഞ്ഞു. ബി.ജെ.പി പ്രവർത്തകർ ജോയൻറ് ആർ.ടി.ഒക്ക് പരാതിയും നൽകിയിരുന്നു. കൊല്ലൻപടി വഴി ബസ് ഗതാഗതം പുനരാരംഭിച്ചെങ്കിലും ചില ബസുകൾ പള്ളപ്രം വഴിതന്നെ പോയത് പ്രതിഷേധം ശക്തമാക്കി. ബുധനാഴ്ച രാവിലെ സി.പി.എം പ്രവർത്തകർ ബസ് തടഞ്ഞതോടെ ബസ് റൂട്ട് പുനഃസ്ഥാപിച്ചു. പ്രതിഷേധത്തിന് കെ. ഗോപിദാസ്, ശിവദാസ് ആറ്റുപുറം, ബിന്ദു സിദ്ധാർഥൻ എന്നിവർ നേതൃത്വം നൽകി.
പൊന്നാനി: ബസുകൾ റൂട്ട് മാറ്റിയ സംഭവത്തിൽ പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ് രംഗത്ത്. യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കാത്ത തരത്തിൽ ഗതാഗതം നടത്താൻ നിർദേശം നൽകി.
സ്വകാര്യ ബസുകൾ കൊല്ലൻപടി വഴി കടന്നുപോകാൻ നിർദേശം നൽകിയിട്ടും ഇത് ലംഘിച്ച് സർവിസ് നടത്തിയതോടെയാണ് ജോയൻറ് ആർ.ടി.ഒ ഷഫീഖിന്റെ നിർദേശപ്രകാരം പരിശോധന നടത്തി വീണ്ടും നിർദേശം നൽകിയത്. യാത്രക്കാരുടെ പ്രയാസം മനസ്സിലാക്കി കൊല്ലൻപടി വഴി സർവിസ് നടത്താനാണ് ബസ് ജീവനക്കാർക്ക് നിർദേശം നൽകിയത്.
കൂടാതെ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി സർവിസ് റോഡുകൾ വഴി പോകേണ്ട വാഹനങ്ങൾ ഏതൊക്കെയെന്നുള്ള കാര്യത്തിൽ അന്തിമ തീരുമാനം കൈ കൊള്ളുന്നതിനായി വെള്ളിയാഴ്ച പി. നന്ദകുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേരും.
ദേശീയപാത അധികൃതർ, സ്വകാര്യ ബസുടമകൾ, മോട്ടോർ വാഹന വകുപ്പ്, പൊലീസ് എന്നിവരുടെ സംയുക്ത യോഗം വിളിച്ചു ചേർക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.