മഞ്ചേരി: ആനക്കയത്തെ കണ്ണീർക്കയമാക്കി വിദ്യാർഥികളുടെ മുങ്ങിമരണം. രണ്ട് ദിവസത്തിനിടെ രണ്ടുപേരുടെ ജീവൻ നഷ്ടമായത് നാട്ടുകാരെയും കണ്ണീരിലാഴ്ത്തി. രണ്ട് പേരും ബന്ധുവീടുകളിലേക്ക് എത്തിയതായിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷ വിയോഗം. പാണ്ടിക്കാട് പഴംപറമ്പ് മുഹമ്മദ് ഹർഷകാണ് (22) വ്യാഴാഴ്ച മരിച്ചത്. ആനക്കയം ചേപ്പൂരിൽ ഒറുപാറ കടവിൽ കുളിക്കാനെത്തിയതായിരുന്നു. മാതൃപിതാവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് ശേഷമാണ് കടവിലേക്ക് എത്തിയത്. ഉച്ചക്ക് രണ്ടോടെയാണ് അപകടം. മണിക്കൂറുകൾക്ക് ശേഷമാണ് മൃതദേഹം ലഭിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെ മൃതദേഹം പാണ്ടിക്കാട് ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
ആദ്യ മരണത്തിന്റെ നടുക്കം മാറുംമുമ്പേ നാടിനെ ഞെട്ടിച്ച് മറ്റൊരു അപകട വാർത്ത കൂടി എത്തി. മാതാവിന്റെ സഹോദരിയുടെ വീട്ടിലേക്ക് എത്തിയ മമ്പാട് സ്വദേശി മുഹമ്മദ് ഷിഹാനാണ് (21) മരിച്ചത്. കാലവർഷം ശക്തമായതിനാൽ പുഴയിൽ നല്ല ഒഴുക്കുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇതിന് പുറമെ ചുഴികളും വിദ്യാർഥികളുടെ മരണത്തിലേക്ക്
നയിച്ചു. രണ്ടുവർഷം മുമ്പ് ആനക്കയം പന്തല്ലൂരിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചിരുന്നു. ദുരന്തങ്ങൾ ആവർത്തിക്കുമ്പോൾ പലപ്പോഴും നാട്ടുകാരും നിസ്സാഹായ അവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.