അങ്ങാടിപ്പുറം: ലക്ഷങ്ങൾ വിലവരുന്ന ഭൂമി റോഡിനായി സൗജന്യമായി വിട്ടുനൽകാൻ അങ്ങാടിപ്പുറം ഓരാടംപാലം വലിയവീട്ടിൽപടി റോഡരികിലെ നാട്ടുകാർ തയാറായത്തോടെ കാത്തിരിപ്പില്ലാതെ ഇവിടെ പുതിയ ബൈപാസ് യഥാർഥ്യമാവുകയാണ്.
അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിന് ചെറിയൊരു പരിഹാരമായി ചെരക്കാപറമ്പ് വലിയവീട്ടിൽപടി മുതൽ അങ്ങാടിപ്പുറം ഓരാടംപാലം വരെയുള്ള ഒന്നേകാൽ കിലോമീറ്റർ വരുന്ന ഇടുങ്ങിയ റോഡാണ് വീതി കൂട്ടി വലിയ വാഹനങ്ങൾക്ക് സഞ്ചാരയോഗ്യമാക്കുന്നത്. അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് 73 ലക്ഷം രൂപയും മഞ്ഞളാംകുഴി അലി എം.എൽ.എയുടെ ഫണ്ടിൽനിന്ന് 55 ലക്ഷം രൂപയും വകയിരുത്തിയാണ് നവീകരിക്കുന്നത്. ആവശ്യമായ ഭൂമി വീടുകളുടെ മതിൽ പൊളിച്ച് നാട്ടുകാർ വിട്ടുനൽകി. ഇതാണ് പദ്ധതിക്ക് തിളക്കം കൂട്ടിയത്. റോഡ് നവീകരണം പൂർത്തിയായാൽ വൈലോങ്ങരയിൽനിന്ന് തിരിഞ്ഞ് കോട്ടക്കൽ റോഡിലൂടെ വന്ന് മലപ്പുറം, മഞ്ചേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ഇതുവഴി തിരക്കില്ലാതെ സുഗമമായി യാത്ര ചെയ്യാം. ഈ വാഹനങ്ങൾക്ക് അങ്ങാടിപ്പുറം ടൗണിൽ എത്തേണ്ട. ലക്ഷങ്ങൾ വില വരുന്ന സ്ഥലം റോഡിനായി സൗജന്യമായി 25 കുടുംബങ്ങളാണ് വിട്ടു നൽകിയത്. സംസ്ഥാനത്തുതന്നെ ഈ കുടുംബങ്ങൾ മാതൃകയാണെന്ന് പ്രദേശത്തെത്തിയ മഞ്ഞളാംകുഴി അലി എം.എൽ.എ പറഞ്ഞു.
വികസനത്തിനുവേണ്ടി രാഷ്ട്രീയം നോക്കാതെ നാട്ടുകാർ ഒറ്റക്കെട്ടായിനിന്ന് സ്ഥലം വിട്ടുനൽകിയത് മാതൃകയായി. വാർഡ് മെംബർമാരായ തുമ്പിലക്കാടൻ ബഷീർ കോറാടൻ റംല, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ എന്നിവരും പ്രദേശത്തെത്തി. റോഡിന്റെ പുനരുദ്ധാരണം പരമാവധി വേഗത്തിൽ പൂർത്തിയാക്കാൻ ഒരുങ്ങുകയാണ് പഞ്ചായത്തും ജനപ്രതിനിധികളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.