അങ്ങാടിപ്പുറം: തദ്ദേശ വകുപ്പ് പുറത്തിറക്കിയ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ പട്ടിക കരട് ലിസ്റ്റിൽ അങ്ങാടിപ്പുറം പഞ്ചായത്തിൽനിന്ന് സെക്രട്ടറി അടക്കം ഏഴു പേർ. അതേസമയം ഇവിടേക്ക് ആരും ഓപ്ഷൻ നൽകിയിട്ടുമില്ല.
സെക്രട്ടറി, ജൂനിയർ സൂപ്രണ്ട്, നാലു യു.ഡി ക്ലർക്കുമാർ, മരാമത്ത് വിഭാഗത്തിലെ അസിസ്റ്റന്റ് എൻജിനീയർ എന്നിവരാണ് കരട് പട്ടികയിൽ. കരട് പട്ടികയിൽ വലിയ മാറ്റങ്ങൾ ഇല്ലാതെയാണ് അന്തിമ പട്ടിക ഇറങ്ങുക.
എൽ.ഡി ക്ലർക്കുമാരുടെ പട്ടിക വന്നിട്ടില്ല. ജില്ലയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയും അതിനനുസരിച്ച് ജോലിഭാരവുമുള്ള പഞ്ചായത്താണ് അങ്ങാടിപ്പുറം.
23 വാർഡിലായി 2011ലെ കണക്കനുസരിച്ച് 65,000 ആണ് ജനസംഖ്യ. രണ്ടു പഞ്ചായത്തിന്റെ വലുപ്പമുണ്ട്. യു.ഡി.എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്.
സെക്രട്ടറി ഒന്നര വർഷത്തിലേറെയായി ഇവിടെയുണ്ട്. മറ്റു ജീവനക്കാർ ഒരു വർഷത്തിൽ താഴെയാണ് ഇവിടെ സേവനം ചെയ്തത്.
പൂർത്തിയാക്കിയ സാമ്പത്തിക വർഷത്തിൽ ഉദ്യോഗസ്ഥരുടെ കുറവു കാരണം ഫണ്ട് ചെലവഴിക്കാതെ നാലര കോടിയോളം രൂപ നഷ്ടപ്പെട്ട പഞ്ചായത്താണിത്. അസിസ്റ്റന്റ് എൻജിനീയറുടെ അഭാവം കാരണം ജനങ്ങൾ എറെ ബുദ്ധിമുട്ടിയിരുന്നു.
എ.ഇ ഇല്ലാത്തിനാൽ പഞ്ചായത്തിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കേണ്ട പദ്ധതികൾക്ക് എസ്റ്റിമേറ്റ് തയാറാക്കാൻ കഴിഞ്ഞിരുന്നില്ല.
ജനപ്രതിനിധികൾ കൈയിൽനിന്ന് പണം നൽകി അംഗീകൃത എൻജിനീയർമാരെ വെച്ച് എസ്റ്റിമേറ്റ് തയാറാക്കി അനുമതി വാങ്ങേണ്ട സ്ഥിതിയും വന്നിരുന്നു. പലവട്ടം തലസ്ഥാനത്ത് പോയി മന്ത്രിയെയും തദ്ദേശ വകുപ്പ് സെക്രട്ടറെയും കണ്ട ശേഷമാണ് ഒഴിവുകൾ ഒരു വിധത്തിൽ നികത്തിയത്.
ജോലി ഭാരം കാരണം തദ്ദേശീയരായ ജീവനക്കാർ പോലും ഇവിടെ ജോലി ചെയ്യാൻ താൽപര്യമെടുക്കാത്ത സ്ഥിതിയുണ്ട്. മുൻ ഭരണസമിതി കാലത്തെ വസ്തു നികുതി പിരിവ് സംബന്ധിച്ച ക്രമക്കേടിൽ ജീവക്കാർക്കെതിരെ നടപടിയുമുണ്ടായിരുന്നു.
സ്ഥലം മാറ്റം ഭരണസമിതിയുടെ അവസാന വർഷ പദ്ധതി നിർവഹണം താറുമാറാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.