അങ്ങാടിപ്പുറം: വഴിപ്പാറയിൽ അകാലത്തിൽ പൊലിഞ്ഞ അബ്ദുൽ റഷീദിന്റെ സ്മരണകൾ ഇനി പുസ്തകങ്ങൾ ഉള്ളിടത്തോളം നിലനിൽക്കും. ജ്യേഷ്ഠൻ അബ്ദുൽ വാഹിദിന്റെ നേതൃത്വത്തിൽ പ്രിയ സഹോദരന്റെ ഓർമകൾക്കായി ഒരുക്കിയ ഗ്രന്ഥശാല നാടിനു സമർപ്പിച്ചു. ഗ്രന്ഥാലയം അംഗത്വ വിതരണത്തോടെ പ്രവർത്തനം തുടങ്ങി. ഈ വർഷം മാർച്ച് 19 നാണ് അബ്ദുൽ റഷീദ് ജോലി സ്ഥലത്ത് ദേഹാസ്വാസ്ഥ്യം വന്ന് മരണപ്പെടുന്നത്.
സമൂഹമാധ്യമങ്ങളിലും മറ്റും സുഹൃത്തുക്കളായുള്ളവരും നാട്ടുകാരും പുസ്തകങ്ങൾ സംഭാവന നൽകിയിരുന്നു. 1500 ഓളം പുസ്തകങ്ങൾ മൂന്നരമാസത്തിനുള്ളിൽ ശേഖരിച്ചാണ് ഗ്രന്ഥശാല തുറക്കുന്നത്. എഴുത്തുകാരായ വി.ആർ. സുധീഷ്, രാജൻ കരുവാരകുണ്ട്, റഹ്മാൻ കിടങ്ങയം, ശ്രീനി ഇളയൂർ, മജീദ് സൈദ്, ഫർസാന, ശൈലൻ, വി.കെ. ദീപ, വി.എസ്. അജിത് തുടങ്ങിയ എഴുത്തുകാർ പുസ്തകങ്ങൾ നൽകി. പുസ്തക സമാഹരണം തുടർന്നുകൊണ്ടിരിക്കുമ്പോൾ തന്നെ അബ്ദുൽ റഷീദ് തവളേങ്ങൽ ഗ്രന്ഥശാലക്ക് പ്രവർത്തക സമിതിയും ഭാരവാഹികളുമായി. ഔപചാരിക ഉദ്ഘാടനം പിന്നീട് നടക്കും. മുഹമ്മദ് മാസ്റ്റർ പ്രസിഡന്റും അബ്ദുൽ വാഹിദ് തവളേങ്ങൽ ജനറൽ സെക്രട്ടറിയുമായി നടത്തിപ്പ് കമ്മിറ്റി രൂപവത്കരിച്ചു. ഡോ. ഷഫീഖ് റഹ്മാനി (വൈസ് പ്രസി.) ഉസ്മാൻ തവളേങ്ങൽ (ജോ. സെക്ര.) അബ്ദുൽ ഗഫൂർ കോലക്കണ്ണി (ട്രഷ.) അബുതാഹിർ തങ്ങൾ, നൗഫൽ തവളേങ്ങൽ, ഹംസ തവളേങ്ങൽ, എൻ.ടി. വിജയകുമാരി, സൈനബ, സി.പി. അജേഷ്, കെ.പി. ലിജി, ഡോ. ശുഐബ്, മുഹമ്മദ് വാസിൽ, റുബ ഫാത്തിമ്മ തവളേങ്ങൽ (അംഗങ്ങൾ) എന്നിവരാണ് പ്രവർത്തകസമിതിയിൽ. ടി. സിറാജുൽ ഹഖ്, സന്തോഷ്, ശരീഫ്, അബ്ദുൽ മജീദ് തവളേങ്ങൽ, ഹുസ്സൈൻ മാസ്റ്റർ തവളേങ്ങൽ, യു. ഉനൈസ് ബാബു എന്നിവർ സ്ഥിരം ക്ഷണിതാക്കളാണ്.
പ്രഥമ പ്രവർത്തനസമിതി യോഗം ഗ്രന്ഥാലയത്തിൽ ചേർന്നു. അംഗത്വ വിതരണം ആരംഭിച്ചു. റിട്ട. അധ്യാപകൻ ഹുസ്സൈന്‍ ഗ്രന്ഥാലയം പ്രസിഡന്റ് മുഹമ്മദ് മാസ്റ്റർ അംഗത്വം നൽകി തുടക്കം കുറിച്ചു. പ്രവർത്തക സമിതി അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.