അങ്ങാടിപ്പുറം: ഭൂരിഭാഗം ഉദ്യോഗസ്ഥരേയും സ്ഥലം മാറ്റിയതോടെ അങ്ങാടിപ്പുറം പഞ്ചായത്ത് പ്രവർത്തനം പൂർണാർഥത്തിൽ നിശ്ചലമായ സ്ഥിതി. ഒരു മാസം മുമ്പ് 21ൽ 17 പേരെയും സ്ഥലം മാറ്റിയതോടെയാണ് പഞ്ചായത്ത് നാഥനില്ലാ കളരിയായത്.
ഏതാനും ദിവസം മുമ്പ് തിരുവന്തപുരം സ്വദേശിയായ സെക്രട്ടറിയെ നിയമിച്ചിരുന്നു. അവധി ദിവസങ്ങൾ കഴിഞ്ഞ് തിങ്കളാഴ്ച പഞ്ചായത്ത് ഓഫിസ് തുറന്നപ്പോൾ ശുചീകരണ ജീവനക്കാരടക്കം അഞ്ചുപേരുണ്ട്.
വിവിധ ആവശ്യങ്ങൾക്ക് ആളുകളെത്തിയെങ്കിലും സെക്ഷനുകൾ മിക്കതും ഒഴിഞ്ഞു കിടക്കുകയാണ്. ഒരു മാസമായിട്ട് ഇതാണ് അവസ്ഥ. തദ്ദേശ മന്ത്രിയും സർക്കാറും തുടരുന്ന അനാസ്ഥക്കെതിരെ സെപ്റ്റംബർ 30ന് പഞ്ചായത്ത് അംഗങ്ങൾ സത്യഗ്രഹ സമരം നടത്തിയിരുന്നു. അങ്ങാടിപ്പുറത്ത് 16 സ്ഥിരം ജീവനക്കാരാണുള്ളത്. അസി. എൻജിനീയർ അടക്കം മൂന്നുപേർ എൻജിനീയറിങ് വിഭാഗത്തിൽ വേറെയുമുണ്ട്.
ഇതിൽ സെക്രട്ടറി, അസിസ്റ്റൻറ് എൻജിനീയർ അടക്കം 17 ജീവനക്കാരെയാണ് കൂട്ടത്തോടെ സ്ഥലം മാറ്റിയത്. അസിസ്റ്റന്റ് സെക്രട്ടറി, അറ്റന്റർ, രണ്ട് ശുചീകരണ ജീവനക്കാർ എന്നിവരാണിനി ബാക്കിയുള്ളത്. പകരക്കാരെ ഉടൻ നിയമിക്കുമെന്നും അതിനു ശേഷമേ സ്ഥലം മാറ്റപ്പെട്ടവർ വിടുതൽ ചെയ്യൂ എന്ന തദ്ദേശ വകുപ്പ് നൽകിയ ഉറപ്പ് പാലിച്ചില്ല.
ജനന, മരണ രജിസ്ട്രേഷൻ, കെട്ടിട നിർമാണ പെർമിറ്റ്, വീട്ടു നമ്പർ, വ്യാപാരികളുടെ ലൈസൻസ് പുതുക്കൽ, പഞ്ചായത്ത് ജീവനക്കാരുടെ ഫീൽഡ്തല പരിശോധന തുടങ്ങി മിക്കസേവനങ്ങളും മുടങ്ങി.
വിവിധ ആവശ്യങ്ങൾക്കെത്തിയവർ സർക്കാറിനെ പഴിച്ച് മടങ്ങേണ്ട സ്ഥിതിയാണ്. സർക്കാറിനെയും തദ്ദേശ വകുപ്പിനെയും കണ്ണുതുറക്കിപ്പിക്കാനായി പലവട്ടം സമരം നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നും ഇനി പഞ്ചായത്ത് ഓഫിസ് അടച്ചിടേണ്ട സ്ഥിതിയായെന്നും അംഗങ്ങൾ പറയുന്നു.
72,000 വരെയാണ് പഞ്ചായത്തിലെ ജനസംഖ്യ. സമീപത്തെ പെരിന്തൽമണ്ണ നഗരസഭയിലേതിനേക്കാൾ ജനസംഖ്യയുണ്ട് അങ്ങാടിപ്പുറം പഞ്ചായത്തിൽ. എന്നാൽ അവിടെയുള്ളതിന്റെ പകുതി പോലും തസ്തികകളില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.