സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നിയമസഭ മണ്ഡലങ്ങളുള്ള മലപ്പുറം ജില്ലയിൽ പോരാട്ടം കനക്കുകയാണ്. മുസ്ലിം ലീഗിെൻറ ശക്തിദുർഗമായ പച്ചക്കോട്ടയിൽ കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയം നേടാനാകുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. 16 സീറ്റുകളിൽ 10 ലീഗ്, നാല് സി.പി.എം, കോൺഗ്രസ് ഒന്ന് എന്നിങ്ങനെയാണ് നിലവിലെ സ്ഥിതി. പൊന്നാനി, തവനൂർ, നിലമ്പൂർ, താനൂർ എന്നിവയാണ് 2016ൽ ഇടതിനെ തുണച്ചത്. ഇവ തിരിച്ചുപിടിക്കാനും ബാക്കിയുള്ളത് നിലനിർത്താനുമാണ് യു.ഡി.എഫ് പടെയാരുക്കം.
പൊന്നാനിയിൽ പി. ശ്രീരാമകൃഷ്ണന് അപ്രതീക്ഷിതമായി സീറ്റ് നഷ്ടമായതോടെ ജില്ല സെക്രട്ടേറിയറ്റ് അംഗമായ ടി.എം. സിദ്ദീഖിനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് പാർട്ടി നേതൃത്വത്തെ ഞെട്ടിച്ച് നൂറുകണക്കിനാളുകൾ തെരുവിലിറങ്ങിയിരുന്നു. സി.പി.എം സ്ഥാനാർഥിയായി മുതിർന്ന നേതാവ് ടി. നന്ദകുമാറിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. കോൺഗ്രസ് യുവനേതാവ് രോഹിതാണ് എതിർ സ്ഥാനാർഥി. ശ്രീരാമകൃഷ്ണനെ മാറ്റിയതിലും നന്ദകുമാറിനെ സ്ഥാനാർഥിയാക്കിയതിലും പ്രതിഷേധമുള്ളവർ രോഹിതിന് വോട്ടു ചെയ്യുമെന്നാണ് ഐക്യമുന്നണിയുടെ പ്രതീക്ഷ. എന്നാൽ, അനുഭവസമ്പത്തുള്ള സ്ഥാനാർഥിയെ ജനം വിജയിപ്പിക്കുമെന്നും പൊന്നാനി വീണ്ടും ചുവക്കുമെന്നുമാണ് ഇടതുക്യാമ്പ് പറയുന്നത്. പ്രചാരണം പുരോഗമിക്കുേമ്പാൾ പ്രവചനാതീതമാണ് പൊന്നാനി.
നിലമ്പൂരിൽ ഡി.സി.സി പ്രസിഡൻറും നാട്ടുകാരനുമായ വി.വി. പ്രകാശാണ് സിറ്റിങ് എം.എൽ.എ പി.വി. അൻവറിനെ നേരിടുന്നത്. പ്രകാശ് വന്നതോടെ മണ്ഡലം തിരിച്ചുപിടിക്കാനാവുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. പി.വി. അൻവർ മണ്ഡലത്തിൽനിന്ന് ദിവസങ്ങളോളം വിട്ടുനിന്നതിനെ ചൊല്ലിയുള്ള വിവാദവും പ്രകാശിന് ലീഗ് അണികളിലടക്കം നാട്ടുകാർക്കിടയിലെ സ്വാധീനവും വോട്ടായി മാറുമെന്ന് യു.ഡി.എഫ് വിശ്വസിക്കുന്നു. സ്ഥാനാർഥി പ്രഖ്യാപനത്തിന് തൊട്ടുമുമ്പുവരെ കോൺഗ്രസ് അണികളിലുണ്ടായ പ്രതിഷേധവും പരസ്യപ്രകടനങ്ങളും തുണക്കുമെന്നാണ് ഇടതുപക്ഷം പ്രതീക്ഷിക്കുന്നത്.
തവനൂരിൽ ശക്തനായ കെ.ടി. ജലീലിനെ നേരിടാൻ ജീവകാരുണ്യ രംഗത്ത് പ്രമുഖനായ ഫിറോസ് കുന്നംപറമ്പിലിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. വിജയം ആരുടെ പക്ഷത്തായാലും അത്ര എളുപ്പമാവില്ല. പെരിന്തൽമണ്ണയാണ് ശ്രദ്ധേയമായ മത്സരം നടക്കുന്ന മറ്റൊരു മണ്ഡലം. യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരവും ലീഗ് ടിക്കറ്റിൽ മലപ്പുറം നഗരസഭ ചെയർമാനായി ഇപ്പോൾ ഇടത്തോട്ട് മാറിയ കെ.പി. മുസ്തഫയും തമ്മിലാണ് മത്സരം. ഇളകിനിൽക്കുന്ന ലീഗ് വോട്ടുകൾ പെട്ടിയിലാവുമെന്ന് സി.പി.എമ്മും ജനകീയരായ പാർട്ടി നേതാക്കളെ സ്ഥാനാർഥികളാക്കാതെ ലീഗ് വിമതന് സീറ്റ് കൊടുത്തതിലുള്ള ഇടതു അണികളുടെ പ്രതിഷേധം തങ്ങൾക്കനുകൂലമാകുമെന്ന് ലീഗും കരുതുന്നു.
താനൂർ ലീഗ് കോട്ടയാണെങ്കിലും കഴിഞ്ഞ തവണ അട്ടിമറി ജയം നേടിയ വി. അബ്ദുറഹ്മാൻ വിജയം ആവർത്തിക്കാനാവുമെന്നുറച്ചാണ് പടപ്പുറപ്പാട്. പി.കെ. ഫിറോസിനെയാണ് ലീഗ് രംഗത്തിറക്കിയിരിക്കുന്നത്. എന്തു വിലകൊടുത്തും മണ്ഡലം തിരിച്ചുപിടിച്ച് മാനം കാക്കുക എന്നതാണ് അജണ്ട. പൊടിപാറുന്ന മത്സരമാണ് താനൂരിലേത്.
തിരൂരങ്ങാടിയിൽ കെ.പി.എ. മജീദിനെ പ്രഖ്യാപിച്ചതോടെ മണ്ഡലത്തിൽ നിന്നുള്ളവർ പരസ്യപ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇത് മുതലാക്കാനാവുമെന്ന കണക്കുകൂട്ടലിൽ കഴിഞ്ഞ തവണ പി.കെ. അബ്ദുറബ്ബിെൻറ ഭൂരിപക്ഷം ഗണ്യമായ കുറച്ച നിയാസ് പുളിക്കലകത്തിനെ ഇടതുപക്ഷം വീണ്ടും സ്ഥാനാർഥിയാക്കി. നേരത്തേ അജിത് കൊളാടിയേയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇത്തവണ മത്സരിക്കാനില്ലെന്ന് അറിയിച്ച് നിയാസ് മാറിനിന്നിരുന്നു. തിരൂരങ്ങാടിയിലെ പ്രശ്നങ്ങൾ ലീഗ് നേതൃത്വം ഇടപെട്ട് പരിഹരിക്കുകയും സ്ഥാനാർഥിയാവുമെന്ന് പ്രതീക്ഷിച്ചിരുന്ന പി.എം.എ. സലാമിന് ജനറൽ സെക്രട്ടറി സ്ഥാനം നൽകുകയും ചെയ്തു.
ലീഗിെൻറ ശക്തികേന്ദ്രങ്ങളായ വേങ്ങര, മലപ്പുറം, തിരൂർ, കോട്ടക്കൽ, വള്ളിക്കുന്ന്, കൊണ്ടോട്ടി, മഞ്ചേരി, വണ്ടൂർ, ഏറനാട് എന്നിവിടങ്ങളിൽ കാര്യമായ വെല്ലുവിളിയുയർത്താൻ ഇടതുപക്ഷത്തിനാവില്ലെന്നാണ് നിലവിലെ സാഹചര്യത്തിലെ വിലയിരുത്തൽ. മങ്കടയിൽ ശക്തനായ മഞ്ഞളാംകുഴി അലിക്ക് കഴിഞ്ഞ തവണ അഹമ്മദ് കബീറിനെ വിറപ്പിച്ച യുവ എതിരാളി അഡ്വ. ടി.കെ. റഷീദലി എത്രത്തോളം വെല്ലുവിളിയായിട്ടുണ്ടെന്ന് അറിയാൻ മത്സരഫലം വരെ കാത്തിരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.