ചങ്ങരംകുളം: സ്ഥിരം ബണ്ട് സംവിധാനം നിലവിൽ വന്നിട്ടും ബണ്ട് തകർച്ച പതിവാകുന്നത് കോൾ മേഖലയിലെ കർഷകരെ സാമ്പത്തികമായി തകർക്കുകയും ദുരിതത്തിലാക്കുകയും ചെയ്യുന്നു. ബണ്ട് പൊട്ടി കൃഷി മുങ്ങി നാശനഷ്ടങ്ങൾ തുടർക്കഥയാകുമ്പോഴും നഷ്ടപരിഹാരമായി ഇതുവരെയും ഒന്നും തന്നെ ലഭിക്കുന്നില്ല എന്നുള്ളത് കർഷകരുടെ നേർക്കുള്ള തികഞ്ഞ അവഗണനയാണ്.
ബണ്ട് പൊട്ടി കൃഷി നശിക്കുമ്പോൾ ഒരു ഏക്കറിന് ചുരുങ്ങിയത് 20,000 രൂപയിലേറെ നടീൽ കഴിയുന്ന സമയത്ത് കർഷകന് ചിലവ് വരുന്നുണ്ട്. ഈ തുക പാട്ടത്തിനും പലിശക്കും എടുത്ത് കൃഷി ചെയ്യുന്നവർക്ക് ഇതിലേറെ നഷ്ടം വരുന്നു. ബണ്ട് നിർമാണ സമയത്ത് ബലക്ഷയമുള്ള സ്ഥലങ്ങളിൽ കർഷകരുടെ അഭിപ്രായങ്ങൾ മാനിക്കാതെയും കൃത്യമായ പഠനം നടത്താതെയുമുള്ള അശാസ്ത്രിയ നിർമാണത്തിന്റെ അനന്തരഫലങ്ങളാണ് ബണ്ട് തകർച്ചക്ക് കാരണമാകുന്നത്.
ചെളിയും പൂതച്ചേറും ഉറക്കാത്ത കളിമണ്ണുമുള്ള സ്ഥലങ്ങളിൽ ബണ്ട് ഉറപ്പിക്കാൻ ശാസ്ത്രീയ സമീപനങ്ങൾ കൈക്കൊള്ളേണ്ടതുണ്ട്. ഇത്തരം പ്രദേശങ്ങളിലെ മണ്ണിന്റെ ഘടന പരിശോധിച്ച് ഈ ഭാഗത്ത് ബണ്ട് ബലപ്പെടുത്തി കോൺക്രീറ്റ് തൂണുകളോ തെങ്ങിൻമുട്ടികളോ നിരത്തി അടിത്തറ ഉറപ്പിക്കണം. തകരുന്ന ബണ്ടിന്റെ ഇത്തരം ഭാഗങ്ങളിൽ പഠനം നടത്തേണ്ടതിന്റെ ആവശ്യകത ഏറെയാണ്.
2020ലാണ് 300 കോടി രൂപ വേൾഡ് ബാങ്കിൽനിന്ന് കടമെടുത്ത് കോൾ മേഖലയിലെ വികസനത്തിന് വിനിയോഗിച്ചത്. നബാർഡ് വായ്പയായി 54 കോടിയോളം രൂപയും കേന്ദ്ര സർക്കാർ അനുവദിച്ച തുകയും കൂടി ചേർത്താൽ 429 കോടി രൂപയാണ് നൂറടി തോടിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ചെലവഴിച്ചത്.
കോൾമേഖലയിലെ 13,632 ഹെക്ടർ കൃഷിസ്ഥലത്ത് നിർമാണ ഉൽപാദനക്ഷമത കൈവരുത്താനും കർഷകർക്ക് അടിസ്ഥാന സൗകര്യം ഒരുക്കാനും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ 729 കോടിയോളം രൂപ ഫണ്ട് വിനിയോഗിച്ചു. കെ.എൽ.സി.സി, കെ.എ.ഐ.സി.ഒ, കെ.എസ്.ഇ.ബി, അഗ്രിക്കൾച്ചറൽ എൻജിനീയറിങ് തുടങ്ങിയ വകുപ്പുകളാണ് ഫണ്ട് ചിലവഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.