പൊന്നാനി: സി.പി.എം പൊന്നാനി ഏരിയ സമ്മേളനത്തോടനുബന്ധിച്ച് നടന്ന വിഭാഗീയ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി സി.പി.എമ്മിൽ കൂട്ട നടപടി വരുന്നു.
ജില്ല കമ്മിറ്റി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യാൻ നവംബർ 19ന് സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുക്കുന്ന അടിയന്തര ഏരിയ കമ്മിറ്റി യോഗം ചേരും. അന്നുതന്നെ ഏരിയ കമ്മിറ്റി പരിധിയിലെ എല്ലാ ലോക്കൽ കമ്മിറ്റികളിലും പാർട്ടി അംഗങ്ങളുടെ ജനറൽ ബോഡി യോഗവും ചേരുന്നുണ്ട്.
ഈ യോഗങ്ങളിൽ ജില്ല കമ്മിറ്റി തീരുമാനങ്ങൾ മുതിർന്ന നേതാക്കൾ റിപ്പോർട്ട് ചെയ്യും. പൊന്നാനി ഏരിയ സമ്മേളനത്തിൽ കടുത്ത വിഭാഗീയ പ്രവർത്തനങ്ങൾ നടന്നതായാണ് ജില്ല കമ്മിറ്റി അംഗീകരിച്ച റിപ്പോർട്ടിലുള്ളത്.
ഏരിയ സമ്മേളനത്തിൽ തോറ്റ സി.ഐ.ടി.യു ഏരിയ സെക്രട്ടറി സുരേഷ് കാക്കനാത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാർട്ടി കമീഷനെ നിയോഗിച്ചിരുന്നു.
ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ ഇ. ജയൻ, വി.എം. ഷൗക്കത്ത് എന്നിവരടങ്ങിയ അന്വേഷണ കമീഷൻ തെളിവെടുപ്പിനുശേഷം തയാറാക്കിയ റിപ്പോർട്ട് പാർട്ടി ജില്ല കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. തുടർന്നാണ് കഴിഞ്ഞദിവസം നടന്ന ജില്ല കമ്മിറ്റി നടപടി തീരുമാനിച്ചത്.
മുതിർന്ന നേതാക്കളുൾപ്പെടെ പതിനാറോളം പേർ കുറ്റക്കാരാണെന്ന് പാർട്ടി കമീഷൻ കണ്ടെത്തിയതായാണ് സൂചന. ഇവർക്കെതിരെ പരസ്യശാസന ഉൾപ്പെടെ നടപടി ഉണ്ടാകുമെന്നാണ് കരുതുന്നത്. 19ന് അടിയന്തരമായി ഒരേസമയം വിളിച്ചുചേർക്കുന്ന വിവിധ ലോക്കൽ ജനറൽ ബോഡികളിൽ ഇക്കാര്യം ജില്ല-സംസ്ഥാന നേതാക്കൾ റിപ്പോർട്ട് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.