മലപ്പുറം: ഡെങ്കിപ്പനി ബാധിച്ച് രണ്ടുമരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദേശം. കാലവർഷം ശക്തമായില്ലെങ്കിലും ജലജന്യരോഗങ്ങൾക്കെതിരെ പൊതുജനം പ്രത്യേകശ്രദ്ധ പുലർത്തണമെന്ന് ജില്ല ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. ഡെങ്കിപ്പനി ബാധിച്ച് ഏപ്രിലിൽ കുഴിമണ്ണ പഞ്ചായത്തിലും ജൂണിൽ പോരൂർ പഞ്ചായത്തിലുമായി ഓരോ മരണമാണ് സ്ഥിരീകരിച്ചത്. മേയ് ഒന്ന് മുതൽ ജൂൺ ഇതുവരെ ജില്ലയിൽ 53 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
കൂടാതെ സംശയാസ്പദമായ 213 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് വണ്ടൂർ, മേലാറ്റൂർ എന്നീ ആരോഗ്യ ബ്ലോക്ക് പരിധിയിലാണ്. വണ്ടൂരിൽ 78 കേസുകളും മേലാറ്റൂരിൽ 54 കേസുകളുമാണ് സ്ഥിരീകരിച്ചത്. ഡെങ്കി കൂടാതെ എലിപ്പനിയും വയറിളക്ക രോഗങ്ങളും വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.
കുറ്റിപ്പുറം: കുറ്റിപ്പുറം പഞ്ചായത്തിൽ ആരോഗ്യ വകുപ്പ് കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ട്. പൈങ്കണ്ണൂർ പത്താം വാർഡിൽ തിങ്കളാഴ്ച പനി സർവേ നടത്തി. പനി ലക്ഷണമുള്ളവരെ ചൊവാഴ്ച വാർഡിൽ നടത്തുന്ന പ്രത്യേക ക്യാമ്പിൽ പരിശോധിക്കും. പനി ബാധിച്ച് മരിച്ച 13കാരന്റെ സാമ്പിൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. പോസ്റ്റ് മോർട്ടം റിപ്പോർട്ടും രണ്ടു ദിവസത്തിനകം ലഭിക്കും. ഇതിനു ശേഷം മാത്രമേ എന്ത് പനിയാണെന്ന് സ്ഥിരീകരിക്കാൻ കഴിയൂവെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക പറഞ്ഞു. ചൊവാഴ്ച കുറ്റിപ്പുറം പഞ്ചായത്തിൽ പ്രത്യേക യോഗം ചേരുന്നുണ്ട്.
മഴ ശക്തമായതോടെ ജില്ലയിൽ പനിബാധിതരുടെ എണ്ണവും കൂടുകയാണ്. ഒരാഴ്ചക്കിടെ ജില്ലയിൽ 10,000 പേർക്കാണ് പനി ബാധിച്ചത്. ദിവസം ശരാശരി 400 പേർ പനിയുടെ ലക്ഷണങ്ങളുമായി സർക്കാർ ആശുപത്രികളിലെത്തുന്നുണ്ട്. സ്വകാര്യ ആശുപത്രികളിൽ എത്തുന്നവർ വേറെ. ഇടവിട്ടുള്ള മഴമൂലം പലയിടത്തും വെള്ളം കെട്ടിക്കിടക്കുന്നതും കൊതുകുകൾ പെരുകുന്നതുമാണ് പനി കൂടാൻ കാരണം.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഉറവിട നശീകരണമടക്കമുള്ള പ്രതിരോധ നടപടികൾ നടന്നുവരികയാണ്. രണ്ടാഴ്ചയായി ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും കൂടുന്നുണ്ട്. ജില്ലയിൽ ദിവസം ശരാശരി 50 പേർ വയറിളക്കം ബാധിച്ചും സർക്കാർ ആശുപത്രികളിലെത്തുന്നുണ്ട്.
മലപ്പുറം: ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് രണ്ട് മരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക അറിയിച്ചു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനിൽക്കുന്നത് അനുവദിക്കരുത്. രോഗം വന്നയാളെ കൊതുക് വലക്കുള്ളിൽ തന്നെ കിടത്താൻ ശ്രമിക്കണം. രോഗിയെ കടിക്കുന്ന കൊതുക് മറ്റുള്ളവരെ കടിച്ചാൽ രോഗം പകരാൻ സാധ്യതയുണ്ട്. അതിനാൽ പ്രത്യേകശ്രദ്ധ അനിവാര്യമാണ്.
കൈകളും കാലുകളും നന്നായി മറച്ച് വസ്ത്രം ധരിക്കാൻ ശ്രദ്ധിക്കണം. കൊതുക് കടി ഒഴിവാക്കാൻ തൊലിപ്പുറത്ത് ക്രീമുകൾ, ലേപനങ്ങൾ എന്നിവ ഉപയോഗിക്കാം. ഡെങ്കിപ്പനിയുടെ ലക്ഷണമാണെന്ന് തോന്നിയാൽ രോഗിക്ക് മതിയായ വിശ്രമം നൽകുകയും ധാരാളം വെള്ളം നൽകുകയും വേണം. രോഗം വന്ന് കഴിഞ്ഞാൽ വിദഗ്ധ ചികിത്സയാണ് പ്രധാനം. സ്വയം ചികിത്സ ചെയ്യരുത്. രോഗലക്ഷണം കണ്ടാൽ യഥാസമയം ചികിത്സ നൽകേണ്ടത് വളരെ പ്രധാനമാണ്. രോഗം ഗുരുതരമായവർക്ക് രക്തം, പ്ലാസ്മ, പ്ലേറ്റ്ലെറ്റ് ചികിത്സ എന്നിവ നൽകാറുണ്ട്.
ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. പകൽ സമയത്താണ് ഇവ മനുഷ്യരെ കൂടുതലായി കടിക്കുന്നത്. ഡെങ്കി 1, ഡെങ്കി 2, ഡെങ്കി 3, ഡെങ്കി 4 എന്നിങ്ങനെ നാലുതരം അണുക്കളാണ് ഇത് പരത്തുന്നത്. ഏതെങ്കിലും ഒരു ഇനം വൈറസ് മൂലം ഡെങ്കിപ്പനി വന്ന് ഭേദമായ വ്യക്തിക്ക് തുടർന്ന് മറ്റൊരു ഇനം ഡെങ്കി വൈറസ് മൂലം ഡെങ്കി ബാധിച്ചാൽ രോഗം ഗുരുതരമാകുകയും രക്തസ്രാവം ഉണ്ടാകുകയും മരണത്തിനുവരെ കാരണമാകുകയും ചെയ്തേക്കാം.
ഡെങ്കി വൈറസ് ശരീരത്തിൽ കയറിയാൽ അഞ്ച് മുതൽ എട്ട് ദിവസം എടുത്താണ് രോഗം പുറത്തേക്ക് വരുന്നത്. അതി തീവ്രമായ പനി (104 ഡിഗ്രി വരെ), കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിൽ വേദന, കടുത്ത ശരീരവേദന, തൊലിപ്പുറത്ത് ചുവന്ന പാടുകൾ, ഛർദ്ദിയും ഒക്കാനാവും തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
ഡെങ്കിപ്പനി മൂർച്ഛിച്ചാൽ സാധാരണ ലക്ഷണങ്ങൾക്കൊപ്പം അസഹ്യമായ വയറുവേദന, മൂക്കിൽ നിന്നും വായിൽ നിന്നും മോണയിൽനിന്നും രക്തസ്രാവം, ബോധക്ഷയം, തൊണ്ട വരളുക, ശ്വാസോഛാസത്തിന് വിഷമം, രക്തത്തോടു കൂടിയോ ഇല്ലാതെയോ ഇടവിട്ടുള്ള ഛർദ്ദി, കറുത്ത നിറത്തിൽ മലം പോകുക, അമിതമായ ദാഹം എന്നിവയുണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.