മഞ്ചേരി: മലപ്പുറം ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീർ മഞ്ചേരി മണ്ഡലത്തിൽ രണ്ടാംഘട്ട പര്യടനം പൂർത്തിയാക്കി. ബുധനാഴ്ച രാവിലെ ഒമ്പതിനാണ് പര്യടനം ആരംഭിച്ചത്. വിദ്യാർഥികളെയും മുതിർന്നവരെയും നേരിൽകണ്ട് വോട്ടഭ്യർഥിച്ചു. രാവിലെ മുനിസിപ്പൽ, പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻമാർ, കൺവീനർമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് കിഴക്കേത്തലയിൽ പാചക തൊഴിലാളി യൂനിയൻ (എസ്.ടി.യു) സംഘടിപ്പിച്ച റിലീഫ് വിതരണ ചടങ്ങിൽ പങ്കെടുത്തു. മഞ്ചേരി യൂനിറ്റി കോളജിലെത്തി വിദ്യാർഥികളുമായി സംവദിച്ചു.
തുടർന്ന് മഞ്ചേരി ജില്ല കോടതി സമുച്ചയത്തിലെത്തി അഭിഭാഷകരെയും മറ്റു വോട്ടർമാരെയും കണ്ടു. അർബൻ ബാങ്ക് ജീവനക്കാരുടെ പരിപാടിയിലെത്തി വോട്ടഭ്യർഥിച്ചു. തൃക്കലങ്ങോട് പഞ്ചായത്ത് യു.ഡി.എഫ് നേതൃസംഗമത്തിലും സ്ഥാനാർഥിയെത്തി. കാരക്കുന്ന് ജാമിഅ ഇസ്ലാമിയ്യ കോളജിലും സന്ദർശനം നടത്തി. ഉച്ചക്ക് ശേഷം പാണ്ടിക്കാട്, കീഴാറ്റൂർ എന്നിവടങ്ങളിലും നേതൃസംഗമത്തിൽ സംസാരിച്ചു.
മണ്ഡലം യു.ഡി.എഫ് ചെയർമാൻ പറമ്പൻ റഷീദ്, കൺവീനർ പി.എച്ച്. ഷമീം, ഭാരവാഹികളായ കണ്ണിയൻ അബൂബക്കർ, ഹുസൈൻ വല്ലാഞ്ചിറ, കെ.കെ.ബി മുഹമ്മദലി, ഹനീഫ മേച്ചേരി എന്നിവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.
പെരുമ്പടപ്പ്: താള പെരുമ തീർത്ത് പൊന്നാനി മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യൻ. പെരുമ്പടപ്പ് പഞ്ചായത്തിലെ അയിരൂർ ചെമ്പയിൽ സന്തോഷിന്റെ വീട്ടിലാണ് സ്ഥാനാർഥിയുടെ നേതൃത്വത്തിൽ മേളം നടന്നത്. കുടുംബത്തിലെ ഉത്സവത്തിന് എത്തിയ മേളക്കാർക്ക് ഒപ്പമാണ് താളം പിടിച്ചത്.
ചെണ്ട നേരത്തെ പരിശീലിച്ചിരുന്നതായി സ്ഥാനാർഥി പറഞ്ഞു. പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡൻറ് രവി ചൂരിപ്പുറം, ജനറൽ സെക്രട്ടറി ലോഹിതാക്ഷൻ വന്നേരി, കൃഷ്ണൻ വന്നേരി, മഹിള മോർച്ച ജില്ല പ്രസിഡൻറ് ദീപ പുഴക്കൽ, ബി.ജെ.പി മണ്ഡലം പ്രസിഡൻറ് പടിഞ്ഞാക്കര പ്രസാദ്, ജനു പട്ടേരി, അനീഷ്, സന്തോഷ് അയിരൂർ, കെ. ഗിരീഷ് തുടങ്ങിയവരും ഉണ്ടായിരുന്നു.
വളാഞ്ചേരി: പൊന്നാനി ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഡോ. എം.പി. അബ്ദു സമദ് സമദാനി കോട്ടക്കൽ മണ്ഡലത്തിലെ വിവിധ മേഖലകളിൽ തെരഞ്ഞെടുപ്പ് പ്രചാരണം സംഘടിപ്പിച്ചു.
എടയൂർ, വളാഞ്ചേരി, ഇരിമ്പിളിയം, കുറ്റിപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ സംഘടിപ്പിച്ച സ്നേഹസംഗമത്തിലും വിവിധ കോളജുകളിലും സന്ദർശിച്ചു. യു.ഡി.എഫ് എടയൂർ, ഇരിമ്പിളിയം, കുറ്റിപ്പുറം പഞ്ചായത്ത് കമ്മിറ്റികളും, വളാഞ്ചേരി നഗരസഭ കമ്മിറ്റിയും യഥാക്രമം കരേക്കാട് ചങ്കുണ്ടം പടി, വലിയകുന്ന്, കുറ്റിപ്പുറം, കുളമംഗലം തുടങ്ങിയ സ്ഥലത്തെ ഓഡിറ്റോറിയങ്ങളിൽ സംഘടിപ്പിച്ച മാനവസൗഹൃദ സദസ്സിൽ പങ്കെടുത്തു.
എം.ഇ.എസ്.കെ.വി.എം കോളജ് വളാഞ്ചേരി, മജിലിസ് ആർട്സ് ആൻഡ് സയൻസ് കോളജ് പുറമണ്ണൂർ എന്നിവിടങ്ങളിലും സ്ഥാനാർഥി സന്ദർശിച്ചു. സ്ഥാനാർഥി എത്തുന്നിടത്തെല്ലാം കൊടും വെയിലിലും നിരവധി പേരെത്തി. നേരിൽ കണ്ടവരുടെ വോട്ടുകൾ ഉറപ്പിച്ചാണ് സമദാനി വേദി വിട്ടത്.
കന്നി വോട്ടർമാരും യുവതികളും സ്ത്രീകളും വൃദ്ധരുമടക്കം നിരവധി പേരാണ് ശക്തമായ ചൂടിലും സമദാനിയെ കാണാൻ ഒത്തുകൂടിയത്. വാഹനാപകടത്തിൽ മരിച്ച തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് എം.എസ്.എഫ് യൂനിറ്റ് ജനറൽ സെക്രട്ടറിയും കോളജ് യൂനിയൻ സ്റ്റുഡന്റ്സ് എഡിറ്ററുമായ കെ.വി. സാദിഖിന്റെ ജനാസ സന്ദർശിച്ചു. വളാഞ്ചേരി പുറമണ്ണൂരിലും മരണവീട് സന്ദർശിച്ചു.
പൊന്നാനി: രോഗികളെ സന്ദർശിച്ചും വിദ്യാർഥികളുമായി സൗഹൃദം പങ്കിട്ടും പൊന്നാനി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.എസ്. ഹംസയുടെ പര്യടനം.
പൊന്നാനി നിയോജക മണ്ഡലത്തിന്റെ വിവിധയിടങ്ങളിലാണ് പര്യടനം നടന്നത്. പൊന്നാനിയിലെ സർക്കാർ താലൂക്ക് ആശുപത്രിയിലും മാതൃശിശു ആശുപത്രിയിലും എത്തി രോഗികളെയും കൂട്ടിരിപ്പുകാരെയും കണ്ട് വോട്ട് തേടിയും മണ്ഡലത്തിലെ വിവിധ കോളജുകളിലെത്തി വിദ്യാർഥികളെ തെരഞ്ഞെടുപ്പ് പ്രാധാന്യം ഓർമിപ്പിച്ചുമാണ് പര്യടനം നടത്തിയത്. ശ്രീ കണ്ട കുറുമ്പ കാവ് ക്ഷേത്രോത്സവ നഗരിയിൽ രാവിലെ എത്തി ഭക്തരെ നേരിൽ കണ്ട് വോട്ട് തേടി.
തുടർന്ന് 10.15ഓടെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിയ സ്ഥാനാർഥി ഡോക്ടർമാരെയും നഴ്സുമാരെയും മറ്റു ജീവനക്കാരെയും കണ്ട് വോട്ടഭ്യർഥിച്ചു. പിന്നീട് മാതൃശിശു ആശുപത്രിയിലും വിവിധ വാർഡുകളിലെ രോഗികളെ സന്ദർശിച്ചു. പൊന്നാനി എം.ഇ.എസ് കോളജ്, വളയംകുളം അസ്സബാഹ് കോളജ്, വട്ടംകുളം ഐ.എച്ച്.ആർ.ഡി, തവനൂർ ഗവ. കോളജ് എന്നിവിടങ്ങളിലും വോട്ടഭ്യർഥിച്ചു.
പെരിന്തൽമണ്ണ: കുടുംബയോഗങ്ങളിൽ ഓടിയെത്തിയായിരുന്നു മലപ്പുറം മണ്ഡലം ഇടതുപക്ഷ സ്ഥാനാർഥി വി. വസീഫിന്റെ ബുധനാഴ്ചയിലെ പര്യടനം. പെരിന്തൽമണ്ണ മുനിസിപ്പൽ പരിധിയിൽ ഒമ്പത് കുടുംബയോഗങ്ങളിലാണ് ഉച്ചക്ക് 12ന് മുമ്പായി സ്ഥാനാർഥി പങ്കെടുത്തത്. പാതായ്ക്കരയിൽ ആദ്യ കുടുംബ യോഗം രാവിലെ ഒമ്പതിനായിരുന്നു.
കുറഞ്ഞ സമയ വ്യത്യാസത്തിലായിരുന്നു കുടുംബയോഗങ്ങൾ. കാർഗിൽ, കോവിലകംപടി, പൊന്ന്യാകുർശി, ജൂബിലി റോഡ്, ലങ്കാർ ഹൗസിങ് കോളനി, ടൗണിൽ വലിയങ്ങാടി, ലക്ഷം വീട്, കിടങ്ങ് എന്നീ സ്ഥലങ്ങളിലായിരുന്നു മറ്റു കുടുംബയോഗങ്ങൾ. ഉച്ചക്ക് 12.30ഓടെ പെരിന്തൽമണ്ണ എസ്.എൻ.ഡി.പി യോഗം കോളജിലും ചെറുകര എയ്ഡഡ് യു.പി സ്കൂളിലും സന്ദർശിച്ചു. സ്ഥാനാർഥി തന്നെ മിക്കയിടത്തും ഹ്രസ്വമായി തെരഞ്ഞെടുപ്പ് ഇക്കാര്യങ്ങൾ വിശദീകരിച്ചു.
ഉച്ചക്ക് മൂന്നു മുതൽ വെട്ടത്തൂർ, ചെമ്മാണിയോട്, മേലാറ്റൂർ എന്നിവിടങ്ങളിലെ കുടുംബയോഗങ്ങളിൽ പങ്കെടുത്തു. സി.പി.എം ഏരിയ സെക്രട്ടറി ഇ. രാജേഷ്, ഡി.വൈ,എഫ്.ഐ ജില്ല പ്രസിഡന്റ് ശ്യാം പ്രസാദ്, ഏരിയ കമ്മിറ്റി അംഗം ഗോവിന്ദ പ്രസാദ്, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.പി അനീഷ് തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു.
തെരഞ്ഞെടുപ്പ്: സ്ക്വാഡുകള്‍ പ്രവര്‍ത്തനം തുടങ്ങി; സി വിജില്‍ ആപ് വഴി ലഭിച്ചത് 25 പരാതികള്‍
മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വിവിധ സ്ക്വാഡുകള്‍ പ്രവര്‍ത്തനം തുടങ്ങി. സി-വിജില്‍ വഴി ഇതിനകം 25 പരാതികള്‍ ലഭിച്ചു. മാതൃക പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടെത്തി തുടര്‍നടപടി സ്വീകരിക്കുക, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണ ചെലവുകളുടെ നിരീക്ഷണം, വോട്ടര്‍മാരെ പണം, മദ്യം, ലഹരി പദാർഥങ്ങള്‍, മറ്റു സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിവ ഉപയോഗിച്ച് സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന് അറിയുകയും തടയുകയും ചെയ്യുക എന്നീ ചുമതലകളാണ് വിവിധ സ്ക്വാഡുകള്‍ക്ക്.
ഓരോ നിയമസഭ മണ്ഡലത്തിലും മൂന്ന് വീതം ഫ്ലൈയിങ് സ്ക്വാഡ്, സ്റ്റാറ്റിക് സർവയലന്‍സ് ടീം, വിഡിയോ സർവയലന്‍സ് ടീം, വിഡിയോ വ്യൂയിങ് ടീം, രണ്ട് വീതം ആന്റി ഡിഫേസ്മെന്റ് സ്ക്വാഡ് എന്നിവയാണ് പ്രവര്‍ത്തിക്കുന്നത്. ഇവരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി അസിസ്റ്റന്റ് എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ഫ്ലൈയിങ് സ്ക്വാഡ് (എഫ്.എസ്), സ്റ്റാറ്റിക് സർവയലന്‍സ് ടീം (എസ്.എസ്.ടി), വിഡിയോ സർവയലന്‍സ് ടീം (വി.എസ്.ടി), ആന്റി ഡിഫേസ്മെന്റ് ടീം എന്നിവയാണ് ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ നടത്തുക.
മലപ്പുറം: ജില്ലയിലെ 16 മണ്ഡലങ്ങളിലായി 48 ഫ്ലൈയിങ് സ്ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്. മൂന്നു ഷിഫ്റ്റുകളിലായി ഓരോ മണ്ഡലത്തിലും 24 മണിക്കൂറും സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കും. അസിസ്റ്റന്റ് ഡയറക്ടര്‍-4 (എ.ഡി.സി) പി. ബൈജുവാണ് ജില്ല തല നോഡല്‍ ഓഫീസര്‍. ടീം ലീഡര്‍, എ.എസ്.ഐ റാങ്കില്‍ കുറയാത്ത ഒരു പൊലീസ് ഉദ്യോഗസ്ഥന്, ഒരു വീഡിയോഗ്രാഫര്‍, മൂന്ന് മുതല്‍ നാല് വരെ സായുധ പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയതാണ് ഒരു ടീം.
മാതൃക പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍ കണ്ടെത്തി റിപ്പോര്‍ട്ടു ചെയ്യുക, വോട്ടര്‍മാരെ ഏതെങ്കിലും തരത്തില്‍ ഭീഷണിപ്പെടുത്തിയോ പണം നല്‍കിയോ ഉപഹാരങ്ങള്‍, സൗജന്യ മദ്യം, ഭക്ഷണം എന്നിവ വാഗ്ദാനം ചെയ്തോ സ്വാധീനിക്കുന്നത് തടയുക എന്നിവക്കായി സ്ക്വാഡുകളുടെ നേതൃത്വത്തില്‍ നിരീക്ഷണം നടക്കും.
മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ബാനറുകള്‍, കൊടിമരം തുടങ്ങിയവ സ്ഥാപിക്കുന്നതിനും നോട്ടീസ് ഒട്ടിക്കുന്നതിനും മറ്റുമായി സര്‍ക്കാറിന്റെയോ രേഖാമൂലമുള്ള അനുമതിയില്ലാതെ സ്വകാര്യ വ്യക്തികളുടെയോ ഭൂമി ഉപയോഗിക്കുന്നത് നിരീക്ഷിച്ച് നടപടിയെടുക്കുകയാണ് ആന്റി ഡിഫേസ്മെന്റ് സ്ക്വാഡിന്റെ ജോലി. തെരഞ്ഞെടുപ്പ് സമയത്തെ എല്ലാ നിര്‍ണായക സംഭവങ്ങളുടെയും വീഡിയോ പകര്‍ത്താനും ഇവര്‍ക്ക് ചുമതലയുണ്ട്. ഓരോ നിയോജക മണ്ഡലത്തിലും ഓരോ ടീം ഇതിനകം പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. ഓരോ ടീം കൂടി ഉടന്‍ രംഗത്തിറങ്ങും.
മലപ്പുറം: തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥികളുടെയും പാര്‍ട്ടികളുടെയും പ്രചാരണച്ചെലവുകള്‍ നിരീക്ഷിക്കുന്നതിനായി എക്സപെന്റിച്ചര്‍ മോണിറ്ററിങ് ടീം, വീഡിയോ സര്‍വെയ്ലന്‍സ് ടീം, വിഡിയോ വ്യൂവിങ് ടീം എന്നിവയും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഫിനാന്‍സ് ഓഫിസര്‍ പി.ജെ. തോമസാണ് ഈ സ്ക്വാഡുകളുടെ നോഡല്‍ ഓഫിസര്‍. സ്ഥാനാർഥികളുടെ പ്രചാരണ പരിപാടികള്‍ ശബ്ദസഹിതം റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയാണ് വിഡിയോ സര്‍വെയ്ലന്‍സ് ടീമിന്റെ പ്രധാന ചുമതല.
പരിപാടി നടക്കുന്ന സ്ഥലം, വേദി, ഇരിപ്പിടങ്ങളുടെ എണ്ണം, സ്ഥാനാർഥികളുടെ കട്ടൗട്ടുകളുടെയും ബാനറുകളുടെയും പ്രസംഗപീഠത്തിന്റെയും വലിപ്പം, പ്രചാരണ വാഹനങ്ങള്‍ എന്നിവ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയും സ്ഥാനാർഥികളുടെ ചെലവിലേക്ക് ചേര്‍ക്കുകയും ചെയ്യും. വിഡിയോ സര്‍വെയ്ലന്‍സ് ടീം റെക്കോര്‍ഡ് ചെയ്ത് നല്കുന്ന വിഡിയോ നിരീക്ഷിച്ച് ചെലവ്, മാതൃകാ പെരുമാറ്റച്ചട്ട ലംഘനം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കണ്ടെത്തുകയുമാണ് വിഡിയോ വ്യൂവിങ് ടീമിന്റെ പ്രധാന ചുമതല.
മലപ്പുറം: മാതൃക പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കുന്നതിന് ജില്ലതലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമും പ്രവര്‍ത്തനക്ഷമമാണ്. കൂടാതെ പൊതുജനങ്ങള്‍ക്ക് സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയും പരാതി നല്‍കാം. ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോര്‍/ ആപ്പിള്‍ പ്ലേ സ്റ്റോര്‍ എന്നിവയില്‍ ലഭ്യമാണ്.
മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തുകളില്‍ നിയോഗിക്കുന്നതിനായി ജീവനക്കാരുടെ ഡാറ്റാ എന്‍ട്രി തെരഞ്ഞെടുപ്പ് കമീഷന്റെ order.ceo.kerala.gov.in എന്ന സൈറ്റില്‍ എല്ലാ ഓഫിസ് മേധാവികളും അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ല കലക്ടര്‍ അറിയിച്ചു.
പെരിന്തൽമണ്ണ: എൽ.ഡി.എഫ് പെരിന്തൽമണ്ണ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസ് സി.പി.എം മുൻ കേന്ദ്ര കമ്മിറ്റി അംഗം പാലോളി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ കോടതിപടിക്ക് സമീപമുള്ള ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പ്രവർത്തിക്കുന്നത്.
ചടങ്ങിൽ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.എ. അജയകുമാർ അധ്യക്ഷത വഹിച്ചു. ഫാഷിസ്റ്റ് ഭരണത്തിനുകീഴിൽ ജീവിക്കേണ്ട അവസ്ഥ ഒഴിവാക്കാൻ എല്ലാവരും ഈ തെരഞ്ഞെടുപ്പിൽ ഉണർന്നു പ്രവർത്തിക്കണമെന്ന് പാലോളി ഉദ്ഘാടന പ്രസംഗത്തിൽ ഓർമിപ്പിച്ചു.
യു.ഡി.എഫിലുളവായ ആഭ്യന്തര കുഴപ്പങ്ങൾ പൊട്ടിത്തെറിയിലെത്തിയിട്ടുണ്ട്. മുൻ കാലങ്ങളിൽ യു.ഡി.എഫ് പക്ഷത്തുണ്ടായിരുന്ന വിവിധ വിഭാഗങ്ങൾ എൽ.ഡി.എഫിന് അനുകൂലമായ നിലപാടെടുക്കുന്നത് സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം മുൻ സംസ്ഥാന കമ്മിറ്റി അംഗം പി.പി. വാസുദേവൻ, വി. ശശികുമാർ, സി. ദിവാകരൻ, കെ. ശ്യാം പ്രസാദ്, പി. ഷാജി, എ. നസീറ, ഹംസ പാലൂർ, കെ. മധുസൂദനൻ, കെ. രാധാമോഹൻ, ജോസ് പണ്ടാരപ്പള്ളി, വർഗീസ്, തോമസ് ചാണ്ടി എന്നിവരും പങ്കെടുത്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി മണ്ഡലം കൺവീനർ ഇ. രാജേഷ് സ്വാഗതവും എം.എം. മുസ്തഫ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.