മലപ്പുറം: മലപ്പുറം നഗരത്തിൽ കാലപ്പഴക്കം ചെന്ന കുടിവെള്ള വിതരണ പൈപ്പ് ലൈനുകൾ ഇടക്കിടെ പൊട്ടുന്നത് ജലവകുപ്പിന് തലവേദനയാകുന്നു. രണ്ടാഴ്ചക്കിടെ ഒരു ലൈനിൽ അടുത്തടുത്തായി രണ്ട് തവണയാണ് പൈപ്പ് പൊട്ടി ജലവിതരണം തടസ്സപ്പെട്ടത്. മൂന്നാംപടി പാസ്പോർട്ട് ഓഫിസിന് സമീപമാണ് തിങ്കളാഴ്ച പൈപ്പ് പൊട്ടിയത്. സിവിൽ സ്റ്റേഷൻ ഭാഗത്തേക്ക് പോകുന്ന വിതരണ ലൈനിനാണ് തകരാർ സംഭവിച്ചത്. രണ്ടര മീറ്ററോളം താഴ്ചയിൽ തകർന്ന പൈപ്പ് പുനഃസ്ഥാപിക്കാൻ മൂന്ന് ദിവസം വേണ്ടി വന്നു. ഇതോടെ സിവിൽ സ്റ്റേഷൻ ലൈനിലെ 100ലധികം വീടുകളിലേക്കുള്ള ജലവിതരണം തടസ്സപ്പെട്ടു.
രണ്ടാഴ്ച മുമ്പ് മൂന്നാംപടി പാസ്പോർട്ട് ഓഫിസിന് എതിർ വശത്തെ കോൺവെന്റിന് സമീപത്തും പൈപ്പ് പൊട്ടിയിരുന്നു. മഴക്കാലത്തും ജലവിതരണം തടസ്സപ്പെടുന്നത് ഗാർഹിക ഉപഭോക്താക്കൾക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പൈപ്പുകളുടെ കാലപ്പഴക്കമാണ് പ്രശ്നത്തിന് കാരണമെന്ന് അധികൃതർ അറിയിച്ചു. 30 മുതൽ 40 വർഷം വരെ പഴക്കമുള്ള പൈപ്പുകളാണ് കുടിവെള്ള വിതരണത്തിനായി ജലവകുപ്പ് പ്രയോജനപ്പെടുത്തുന്നത്.
നിലവിൽ പൊട്ടുന്ന സ്ഥലങ്ങളിൽ താൽക്കാലികമായി പുതിയ പൈപ്പ് സ്ഥാപിച്ച് മുന്നോട്ട് പോകുകയാണ്. നഗരത്തിൽ പുതുതായി പൂർണ തോതിൽ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കാൻ 300 കോടിയോളം രൂപ ചെലവ് വരുമെന്നാണ് വകുപ്പിന്റെ പ്രാഥമിക പഠനത്തിൽ കണ്ടെത്തിയത്. കുടിവെള്ള വിതരണം കാര്യക്ഷമമാക്കാൻ പാണക്കാട്, മേൽമുറി വില്ലേജുകളിലേക്ക് 15 കോടിയുടെ പദ്ധതി പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.