എടവണ്ണപ്പാറ: ജൽജീവൻ പദ്ധതിയുടെ ഭാഗമായി കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് മൂന്ന് വർഷത്തോളമായി പൊളിച്ചിട്ട എളമരം ഇരട്ടമുഴി റോഡ് പുനരുദ്ധാരണം ഭാഗികമായതിൽ മപ്രം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു. ഈ റോഡിന്റെ നവീകരണത്തിന് ടി.വി. ഇബ്രാഹിം എം.എൽ.എ ബജറ്റ് വിഹിതമായി അനുവദിച്ച അഞ്ച് കോടി രണ്ട് വർഷമായി വിനിയോഗിക്കാനായില്ല.
പുനരുദ്ധാരണ പ്രവർത്തിയുടെ ഉത്തരവാദിത്വത്തെ ചൊല്ലി ജല പൊതുമരാമത്ത് വകുപ്പുകൾ തമ്മിൽ നിലനിന്ന പ്രശ്നങ്ങൾ നേരത്തെ പരിഹരിച്ചിരുന്നു. വകുപ്പുകൾ തമ്മിൽനിലനിൽക്കുന്ന ഏകോപനക്കുറവും പൊതുമരാമത്ത് വിഭാഗം തുടരുന്ന നിസ്സംഗതയുമാണ് പ്രധാനമയും റോഡിന്റെ ശോച്യാവസ്ഥക്ക് കാരണം.
ജലവകുപ്പിന്റെ അനാസ്ഥയിൽ സാങ്കേതിക കുരുക്കിലായിരുന്ന പദ്ധതി എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് പരിഹരിച്ചത്. റോഡിന്റെ പൊളിച്ചിട്ട ഇരുവശങ്ങളും പൂർവ സ്ഥിതിയിലാക്കുന്ന പ്രവൃത്തി ആരംഭിച്ചെങ്കിലും പാതിവഴി നിന്നു. നവീകരണത്തിന് അനുവദിച്ച അഞ്ച് കോടി ഇതുമൂലം വിനിയോഗിക്കാനാവുന്നില്ല.
എളമരം, കൂളിമാട് പാലങ്ങൾ തുറന്നതോടെ വലിയ ഗതാഗതകുരുക്കാണ് പ്രദേശത്ത്. കാൽനട യാത്രക്കാരും അംഗൻവാടി, സ്കൂൾ, മദ്റസ വിദ്യാർഥികളും ഭീഷണി നേരിടുകയാണ്. രൂക്ഷമായ പൊടിശല്യം ജനജീവിതത്തെയും ദുസ്സഹമാക്കുന്നുണ്ട്.
ബന്ധപ്പെട്ട വകുപ്പുകൾ അലംഭാവം വെടിഞ്ഞ് റോഡ് പ്രവൃത്തി പെട്ടന്ന് പൂർത്തിയാക്കണമെന്ന് മപ്രം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. കെ.സി. മുത്തുക്കോയ തങ്ങളുടെ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.