മലപ്പുറം: ജില്ലയിൽ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കെ.എസ്.ഇ.ബി പ്രസരണ മേഖലയിൽ നടപ്പാക്കുന്ന പദ്ധതികൾ 2030ഓടെ പൂർത്തീകരിച്ചേക്കും. ആറ് പുതിയ സബ് സ്റ്റേഷനുകളുടെ നിർമാണം, എട്ട് സബ് സ്റ്റേഷനുകളുടെ ശേഷി വർധിപ്പിക്കൽ, 250 കിലോ മീറ്റർ വൈദ്യുതി ലൈൻ നിർമാണം, വിപുലീകരണമടക്കമുള്ള പദ്ധതികളാണ് പ്രസരണ മേഖലയിൽ നടപ്പാക്കുന്നത്.
പദ്ധതി പ്രവർത്തനങ്ങൾക്കായി 2023-24ൽ 65.03 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ജില്ലയിലെ വൈദ്യുതി പ്രശ്നത്തിനും വോൾട്ടേജ് ക്ഷാമത്തിനും പരിഹാരമായി വിവിധ പ്രവൃത്തികൾ തിരൂർ-മലപ്പുറം ട്രാൻസ് മിഷന്റെ കീഴിൽ നടത്തിയതായി കെ.എസ്.ഇ.ബി അറിയിച്ചു.
എടപ്പാൾ, പൊന്നാനി, തിരൂർ, എടരിക്കോട്, പരപ്പനങ്ങാടി, മലാപറമ്പ്, മേലാറ്റൂർ എന്നിവിടങ്ങളിലായി ഭരണാനുമതി ലഭിച്ച 90ഓളം മെഗാവോൾട്ട് ആംപിയർ കപ്പാസിറ്റി വർധിപ്പിക്കൽ പ്രവൃത്തികൾ നീണ്ട് പോകുന്നുണ്ട്. 20 മെഗാ വോൾട്ട് ആംപിയർ ട്രാൻസ്പോർമറുകൾ ലഭിക്കാത്തതാണ് പ്രശ്നത്തിന് കാരണം. ഇവ ലഭിക്കുന്ന മുറക്ക് പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് അധികൃതർ വിശദീകരിക്കുന്നു.
വെന്നിയൂർ, കുന്നുംപുറം, ചങ്ങരംകുളം, കൊണ്ടോട്ടി, കരുവാരകുണ്ട്, കാരത്തോട് എന്നീ 33 കെ.വി സബ് സ്റ്റേഷനുകളിലും വേങ്ങര, കാടാമ്പുഴ, തിരുവാലി, സിവിൽ സ്റ്റേഷൻ, പുളിക്കൽ എന്നിവിടങ്ങളിലെ 110 കെ.വി സബ് സ്റ്റേഷനിലും വെങ്ങാല്ലൂരിലെ 220 കെ.വി സബ് സ്റ്റേഷനിലും പ്രവൃത്തികൾ പുരോഗമിക്കുകയാണ്. 12 സബ് സ്റ്റേഷനുകളിൽ നിന്നായി 610 മെഗാ വോൾട്ട് ആംപിയർ ശേഷിയാണ് അധികൃതർ കണക്കാക്കുന്നത്.
കൂടാതെ വിതരണ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി ദ്യുതി സ്പെഷൽ എന്ന പേരിൽ 2024-25, 2025-26, 2026-27 വർഷങ്ങളിലേക്കായി നടപ്പാക്കാൻ തിരൂർ സർക്കിളിന് 257.52 കോടി, മഞ്ചേരി സർക്കിളിന് 113.23 കോടി, നിലമ്പൂർ സർക്കിളിന് 40.18 കോടിയുടെയും പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. പുതിയ ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കൽ, ട്രാൻസ്പോർമറുകളുടെ ശേഷി വർധിപ്പിക്കൽ, റീ കണ്ടക്ടറിങ് എന്നിവയാണ് ഉൾപ്പെട്ടിരിക്കുന്നത്. നിലവിൽ ജില്ലക്കായി അനുവദിച്ച 521 കോടി രൂപയുടെ മലപ്പുറം പാക്കേജിൽ ഉൾപ്പെടുത്തിയ വിവിധ പ്രവൃത്തികളുടെ സാങ്കേതിക പഠനം നടന്നുവരികയാണ്.
സാങ്കേതിക പഠനത്തിൽ അനുയോജ്യമായി കണ്ടെത്തുന്ന പ്രവൃത്തികളുടെ പദ്ധതി റിപ്പോർട്ട് തയാറാക്കി ബോർഡിന്റെ അനുമതിക്കായി സമർപ്പിക്കും. 2021 മുതൽ 2024 വരെയുള്ള കെ.എസ്.ഇ.ബിയുടെ കണക്ക് പ്രകാരം വൈദ്യുതി ഉപഭോഗം കൂടി വരികയാണ്. തിരൂർ ഡിവിഷനിൽ 15 സബ് സ്റ്റേഷനുകളിലായി 2021ൽ 260.68, 2022ൽ 270.93, 2023ൽ 296.47, 2024ൽ 332.87 മെഗാ വാട്ട് ഉപഭോഗമാണ് നടന്നത്. മലപ്പുറം ഡിവിഷനിൽ 18 സബ് സ്റ്റേഷനുകളിലായി 2021ൽ 217.73, 2022ൽ 237.62, 2023ൽ 266.76, 2024ൽ 308.01 മെഗാ വാട്ടും ഉപയോഗമുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.