നിലമ്പൂർ: ഇരുട്ടിന്റെ മറവിൽ ചിന്നംവിളിച്ച് തോട്ടത്തിലിറങ്ങിയിരുന്ന കരിവീരന്മാർ ഒരിക്കല്ലും ആസ്യയുടെ പേടി സ്വപ്നമായിരുന്നില്ല. ചെങ്കുത്തായ കുന്നിൻമുകളിലെ വീട്ടിൽ ഒറ്റക്ക് താമസിച്ചിരുന്ന ആസ്യക്ക് പതിവായി തോട്ടത്തിൽ ഇറങ്ങുന്ന കൊമ്പൻ കുഞ്ഞിക്കണ്ണനായിരുന്നു.
ചുള്ളിക്കമ്പുമായി ആനയുടെ അടുത്തെത്തി ശകാരിച്ച് ആനയെ തോട്ടത്തിൽനിന്നും അകറ്റി കാടുകയറ്റിയിരുന്ന ആസ്യയോട് സമീപവീട്ടുകാർ എപ്പോഴും പറയുമായിരുന്നു, അത് കാട്ടാനയാണ് എപ്പോഴാണ് 'നേരെ തിരിയുക'യെന്നറിയില്ലെന്ന്. അവൻ എന്റെ കുഞ്ഞിക്കണ്ണനാണെന്നാണ് ആസ്യയുടെ മറുപടി. കാടിറങ്ങിയെത്തുന്ന ആനകളെ ഒറ്റക്ക് തുരത്തിയിരുന്ന ആസ്യക്ക് താൻ ഓമനയായി കണ്ട കുഞ്ഞിക്കണ്ണന്റെ കാലിനടിയിൽ തന്നെ ഒടുവിൽ അന്ത്യമായി. ശനിയാഴ്ച പുലർച്ച റബർ ടാപ്പിങ് തൊഴിലാളികളാണ് മമ്പാട് കണക്കംകുന്നിലെ സ്വന്തംപറമ്പിൽ 63കാരിയായ ആസ്യയുടെ കാട്ടാന ചവിട്ടിയരച്ച മൃതദേഹം കാണുന്നത്. രണ്ടായി വേർപെട്ട മൃതദേഹം കണ്ടവർക്കെല്ലാം ദാരുണകാഴ്ചയായി.
അത്രക്ക് അടുപ്പമായിരുന്നു ആനകളുമായി ഇവർക്ക്. ആനകളെ പേടിയില്ലാത്തതുകൊണ്ടുതന്നെയാണ് കല്യാണംകഴിഞ്ഞ പെൺമക്കൾ കൂടെ വരാൻ നിർബന്ധിച്ചിട്ടും വനാതിർത്തിയിലെ വീട് ഉപേക്ഷിച്ച് മല ഇറങ്ങാതിരുന്നത്. ഇ.ആർ.എഫിന്റെ ആംബുലൻസിൽ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. ആനയുടെ അക്രമണത്തെ തുടർന്നാണ് അന്ത്യം എന്ന് സ്ഥിരീകരിച്ചു. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്.
വനാതിർത്തിയിൽ വനം വകുപ്പ് സോളാർ വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാട്ടാനക്കൂട്ടത്തെ തടയാൻ ഇതൊന്നും പര്യാപ്തമല്ല. അടുത്തിടെ നാട്ടിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്കേറ്റിരുന്നു. ചാലിയാർ പുഴ നീന്തിക്കടന്നാണ് ഒറ്റക്കും കൂട്ടമായും കാട്ടാനകൾ നാട്ടിൻപുറത്തേക്ക് ഇറങ്ങുന്നത്. നാട്ടുകാർ സംഘം ചേർന്നാണ് കാട്ടാനകളെ തുരത്താറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.