മലപ്പുറം: ജില്ലയിൽ രണ്ടാഴ്ചക്കിടെ പനി ബാധിച്ച് മരിച്ചവരിൽ കൂടുതലും കുട്ടികളെന്നത് ആശങ്ക ഉയർത്തുന്നു. ശനിയാഴ്ച മങ്കട സ്വദേശിയും നിലവിൽ തലശ്ശേരിയിൽ താമസിക്കുകയും ചെയ്യുന്ന ഒമ്പത് വയസ്സുകാരി മരിച്ചത് പനി ബാധിച്ചാണ്. ഇതോടെ ജില്ലയിൽ ഈ സീസണിൽ പനി ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം നാലായി. ഈ സീസണിലെ ആകെ മരണം ഏഴായി.
14 വയസ്സിനുതാഴെയുള്ളവരാണ് മരിച്ച കുട്ടികളിൽ അധികവും. കുറ്റിപ്പുറം പഞ്ചായത്തിൽ കഴിഞ്ഞദിവസം 13 വയസ്സുകാരൻ മരിച്ചത് എച്ച് വൺ-എൻ വൺ ബാധിച്ചാണ്. മക്കരപ്പറമ്പ് കടുങ്ങപുരത്ത് നാലര വയസ്സുകാരിയും മരിച്ചത് പനി ബാധിച്ചാണ്. ചികിത്സയിലിരിക്കെ ഈ കുട്ടിയുടെ സ്രവ സാമ്പിൾ പുണെയിലേക്ക് അയച്ചിരുന്നു. ഫലം വരുന്നതിന് മുമ്പാണ് മരണം സംഭവിച്ചത്. എച്ച് വൺ-എൻ വൺ ബാധിച്ച് 13 വയസ്സുകാരൻ മരിച്ച കുറ്റിപ്പുറം പഞ്ചായത്തിൽ തന്നെ 10 വയസ്സുകാരനും മരിച്ചത് ആരോഗ്യവകുപ്പ് ഗൗരവത്തിലെടുത്തിട്ടുണ്ട്. കഴുത്തല്ലൂർ പള്ളിപ്പടി സ്വദേശിയും ബഡ്സ് സ്കൂൾ വിദ്യാർഥിയുമായ റുഫൈലിനും പനിയുണ്ടായിരുന്നെന്ന സൂചന ലഭിച്ചിട്ടുണ്ട്. സ്രവ പരിശോധന നടത്താത്തതിനാൽ രോഗം സ്ഥിരീകരിച്ചിട്ടില്ല.
മങ്കടയിലെ ബാലിക പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് ശനിയാഴ്ച പുലർച്ചയാണ് മരിച്ചത്. മങ്കട സ്വദേശിയായ ഇവർ കുട്ടിയുടെ മാതാവിന് ജോലി ലഭിച്ചതിനെ തുടർന്ന് തലശ്ശേരിയിലേക്ക് താമസം മാറുകയായിരുന്നു. കുട്ടിയുടെ പിതാവ് നേരത്തേ പ്രവാസിയായിരുന്നു. കുടുബസമേതം മാസങ്ങൾക്ക് മുമ്പാണ് തലശ്ശേരിയിലേക്ക് താമസം മാറിയത്. വെള്ളിയാഴ്ച തലശ്ശേരി ഗവ. ആശുപത്രിയിൽ കാണിച്ചെങ്കിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.
കഴുത്തല്ലൂർ പള്ളിപ്പടി സ്വദേശി റുഫൈലിന്റെ നാട് കഴുത്തല്ലൂരിലാണെങ്കിലും കുറച്ചു ദിവസമായി മാതാവിന്റെ നാടായ ആനപ്പടിയിലായിരുന്നു താമസം. കുട്ടിയെ രാവിലെ വിളിച്ചിട്ടും എഴുന്നേൽക്കാത്തതിനെത്തുടർന്നാണ് തിരുനാവായയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് മരണം സ്ഥിരീകരിച്ചത്.
കുട്ടികളുടെ മരണം ആശങ്കയുണ്ടാക്കുന്നതാണെന്നും രക്ഷിതാക്കളും സ്കൂൾ അധികൃതരും ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
സ്വയം ചികിത്സ ചെയ്യരുത്. പനി ലക്ഷണങ്ങൾ കണ്ടാൽ ഉടനടി ആശുപത്രിയിൽ ചികിത്സ തേടണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ജില്ലയിൽ ഡെങ്കപ്പനി, എലിപ്പനി, എച്ച് വൺ-എൻ വൺ മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് ഉത്തരവിട്ടു. സ്വയം ശുചിത്വവും പരിസര ശുചിത്വവും പാലിക്കണമെന്നും കൊതുകുകൾ വളരുന്ന ഉറവിടങ്ങൾ നശിപ്പിക്കണമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.