ആദ്യ റാങ്കുകൾ എസ്.എഫ്.ഐ പ്രവർത്തകർക്ക്; മുക്തി ജില്ല കോഓഡിനേറ്റർ തസ്തികയിൽ രാഷ്ട്രീയ നിയമനമെന്ന്

മലപ്പുറം: വിമുക്തി ജില്ല കോഓഡിനേറ്റർ നിയമന പട്ടികയിലെ ആദ്യ റാങ്കുകളിൽ മിക്കതും എസ്.എഫ്.ഐ പ്രവർത്തകർക്കെന്ന് ആരോപണം. പ്രവൃത്തി പരിചയമില്ലാത്തവരും ഈ വർഷം ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവരും ഉൾപ്പെടെ ആദ്യ റാങ്കുകളിൽ ഇടം പിടിച്ചിട്ടുണ്ട്.

എസ്.എഫ്.ഐ അഖിലേന്ത്യ നേതാവിന്‍റെ ഭാര്യയാണ് ഒന്നാം റാങ്കുകാരി. എസ്.എഫ്.ഐ മലപ്പുറം ലോക്കൽ കമ്മിറ്റി നേതാവാണ് രണ്ടാം റാങ്കുകാരി. ഒന്നാം റാങ്കുകാരിയേക്കാൾ പ്രവർത്തന പരിചയമുള്ളവർക്ക് 25ന് മുകളിലാണ് റാങ്ക്. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിമുക്തി ജില്ല കോഓഡിനേറ്റർ അഭിമുഖത്തിന് അപേക്ഷ ക്ഷണിച്ചത്.

സോഷ്യൽ വർക്ക്, സൈക്കോളജി, വുമൺ സ്റ്റഡീസ്, ജെൻഡർ സ്റ്റഡീസ് എന്നിവയിൽ ഏതെങ്കിലുമൊന്നിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ/അർധ സർക്കാർ സ്ഥാപനങ്ങളിലോ മിഷനുകളിലോ പ്രോജക്ടുകളിലോ കുറഞ്ഞത് ഒരു വർഷത്തെ പരിചയവും വേണം. ഈ ചട്ടം മറികടന്നാണ് ഈ വർഷം കോഴ്സ് പൂർത്തിയാക്കിയവരെ ഉൾപ്പെടെ നിയമിക്കാനൊരുങ്ങുന്നത്. 250ന് മുകളിൽ പേരാണ് ഈ തസ്തികയിലേക്ക് അപേക്ഷിച്ചത്. 159 പേരെയാണ് അഭിമുഖത്തിന് ക്ഷണിച്ചത്. ഇത്രയും അപേക്ഷകരുണ്ടായിട്ടും പരീക്ഷ നടത്താതെ അഭിമുഖം മാത്രം സംഘടിപ്പിക്കുകയായിരുന്നു. ഓരോ ദിവസം 40ഓളം പേർക്ക് നാല് ദിവസം തുടർച്ചയായി നടത്തിയ അഭിമുഖം പ്രഹസനമായിരുന്നുവെന്ന് ഉദ്യോഗാർഥികൾ പറയുന്നു. ഇന്‍റർവ്യു പങ്കെടുത്ത നാലു പേർക്ക് പി.എച്ച്.ഡി യോഗ്യതയുണ്ട്. 10 പേർക്ക് എം.ഫിൽ യോഗ്യതയുമുണ്ട്. ആദ്യ അഞ്ചു റാങ്കുകാരിൽ അഞ്ചു വർഷത്തിൽ കൂടുതൽ പ്രവൃത്തി പരിചയം ഉള്ളവർ രണ്ട് പേർ മാത്രമാണ്. 50,000 രൂപയാണ് മാസവരുമാനം.

മദ്യവർജനത്തിന് ഊന്നൽ നൽകിയും മയക്കുമരുന്നുകളുടെ ഉപയോഗം പൂർണമായും ഇല്ലാതാക്കാനും ലക്ഷ്യമിട്ടാണ് സംസ്ഥാന എക്സൈസ് വകുപ്പ് വിമുക്തി പദ്ധതി നടപ്പാക്കുന്നത്. സ്കൂള്‍-കോളജ് ലഹരി വിരുദ്ധ ക്ലബുകള്‍, എസ്.പി.സി, കുടുംബശ്രീ, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, മദ്യവർജന സമിതികള്‍, സന്നദ്ധ സംഘടനകള്‍, വിദ്യാർഥി-യുവജന-മഹിള സംഘടനകള്‍ എന്നിവരുടെ പങ്കാളിത്തത്തോടുകൂടി ലഹരി ഉപയോഗത്തിന്‍റെ ദൂഷ്യവശങ്ങള്‍ ബോധ്യപ്പെടുത്തി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയാണ് ലക്ഷ്യം.

Tags:    
News Summary - First ranks for SFI activists; Political appointment in the post of Mukti District Coordinator

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.