ചേലേമ്പ്ര: സ്വന്തം റൂട്ട് മാപ്പ് പുറത്തുവിട്ട് മാതൃകയായി മത്സ്യക്കച്ചവടക്കാരൻ. ചേലേമ്പ്ര പഞ്ചായത്തിലെ 15ാം വാർഡ് തേനേരിപ്പാറയിലെ വി. മുഹമ്മദ് ശരീഫാണ് കോവിഡ് സ്ഥിരീകരിച്ചപ്പോൾ റൂട്ട് മാപ്പ് പുറത്തുവിട്ടത്.
രോഗം ബാധിച്ചയാളുടെ റൂട്ട് മാപ്പ് തേടി ആരോഗ്യ പ്രവർത്തകരും പൊലീസും രംഗത്തിറങ്ങേണ്ടി വരുമ്പോഴാണ് മത്സ്യ വിൽപനയും മറ്റുമായി താൻ സഞ്ചരിച്ച സ്ഥലങ്ങൾ സാമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ശരീഫ് ഉൾപ്പെടെ അഞ്ചംഗ കുടുംബത്തിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഉറവിടം വ്യക്തമല്ലാതിരിക്കെയാണ് താൻ സമ്പർക്കം പുലർത്തിയ സ്ഥലങ്ങളുടെ പേരും വിവരവും സഹിതം പ്രചരിപ്പിച്ചത്. ആർ.ആർ.ടി.യുടെ സമ്മതപ്രകാരമാണിത്. ശരീഫിെൻറ ആഗ്രഹം ആർ.ആർ.ടി യോഗത്തിൽ ചർച്ച ചെയ്ത ശേഷമാണ് തീരുമാനം.
ഒന്നു മുതൽ മൂന്ന് വരെയുള്ള ദിവസങ്ങളിൽ രാവിലെ മുതൽ ചാലിയം, മണ്ണൂർ, മുക്കത്തക്കടവ്, മങ്ങാട്ടയിൽ, ചാലിപ്പാടം, പടിഞ്ഞാറെപാടം പ്രദേശങ്ങളിൽ മത്സ്യ കച്ചവടം നടത്തിയിട്ടുണ്ടെന്നും രണ്ടിന് മണ്ണൂർ വളവിലെ ചന്ദ്രശേഖരൻ ഡോക്ടറുടെ ക്ലിനിക്കിൽ പരിശോധനക്ക് പോയിരുന്നതായും ശരീഫ് വ്യക്തമാക്കുന്നു. താനും കുടുംബവും കാരണം മറ്റുള്ളവർക്ക് പ്രയാസം ഉണ്ടാവരുതെന്ന് കരുതിയാണ് ഈ സന്ദേശമെന്നും ശരീഫ് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.