മലപ്പുറം: സൗജന്യ വൈ-ഫൈ പദ്ധതിയിൽ സ്ഥാപിച്ച ഉപകരണങ്ങൾ പരിശോധിക്കാൻ നഗരസഭ കോഴിക്കോട് ഗവ. എൻജിനീയറിങ് കോളജിനെ സമീപിക്കും. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ക്ഷമത, വിലനിലവാരം തുടങ്ങിയവ പഠിച്ച് റിപ്പോർട്ട് നൽകേണ്ടത് ഗവ. എൻജിനീയറിങ് കോളജിലെ ഇലക്ട്രോണിക് സാങ്കേതിക വിദഗ്ധരാണെന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തിങ്കളാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ ജില്ല പ്ലാനിങ് ബോർഡ് അംഗീകരിച്ച സാങ്കേതിക സമിതി അംഗം അബ്ദുൽ കരീമിന്റെ നേതൃത്വത്തിൽ പരിശോധന നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ, ഇക്കാര്യം നിർണയിക്കേണ്ടത് ഇലക്ട്രോണിക് സാങ്കേതിക വിദഗ്ധരാണെന്ന് പ്ലാനിങ് ബോർഡ് സാങ്കേതിക സമിതി അംഗം അറിയിക്കുകയായിരുന്നു.
വിഷയത്തിൽ എൻജിനീയറിങ് കോളജ് അധികൃതരെ നഗരസഭ നേരിട്ട് സമീപിക്കും. സൗജന്യ വൈ-ഫൈ പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ ഹൈകോടതിയിൽനിന്ന് നഗരസഭക്ക് കോടതിയലക്ഷ്യ നോട്ടീസ് ലഭിച്ചിട്ടുണ്ട്. കേസിൽ ഒക്ടോബർ 28ന് ഹൈകോടതിയിൽ ഹിയറിങ് നടക്കും. ഹിയറിങ്ങിൽ സെക്രട്ടറി നേരിട്ട് ഹാജരായി മറുപടി നൽകണം. പദ്ധതി കരാറെടുത്ത റെയിൽടെൽ കോർപറേഷൻ നൽകിയ കേസിലാണ് നോട്ടീസ്. പദ്ധതി പ്രകാരം ബാക്കി ലഭിക്കാനുള്ള തുക നഗരസഭയിൽനിന്ന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് റെയിൽടെൽ കേസിന് പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.