കരിപ്പൂര്‍: അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി യുവതിയുള്‍പ്പെടെ നാല് യാത്രക്കാര്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. ഇവരില്‍നിന്ന് 2.3 കിലോഗ്രാം സ്വര്‍ണവും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം കണ്ടെടുത്തു. ശരീരത്തിനകത്തും അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തികള്ക്കുള്ളിലും ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണത്തിന് 1.3 കോടി രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു. വയനാട് കുതിര കുളമ്പില്‍ റിയാസ് (21), മലപ്പുറം കണ്ണമംഗലം തയ്യില്‍ സൈനുല്‍ ആബിദ് (20). കര്‍ണാടകയിലെ കോനേജേ അബ്ദുൽ ഷഹദ് (22) കോഴിക്കോട് കാക്കകുഴിയില് പുറായ് ഷംന (28) എന്നിവരാണ് വ്യത്യസ്ത സംഭവങ്ങളിലായി കസ്റ്റംസിന്റെ കസ്റ്റഡിയിലായത്.
ഇന്‍ഡിഗോ എയറിന്റെ ദുബൈ-കരിപ്പൂര്‍ വിമാനത്തിലാണ് റിയാസ് എത്തിയത്. ധരിച്ചിരുന്ന ജീന്‍സിനകത്ത് തേച്ചുപിടിപ്പിച്ച നിലയില്‍ 331 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. ഇതിന് 18 ലക്ഷം രൂപ വിലവരും. ഇതേ വിമാനത്തില്‍ ജിദ്ദയില്‍നിന്നെത്തിയ സൈനുല്‍ ആബിദ് സ്വർണ മിശ്രിതം കാപ്സ്യൂളുകളിലാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ച് കൊണ്ടുവരുകയായിരുന്നു. പിടിച്ചെടുത്ത 289 ഗ്രാം സ്വര്‍ണത്തിന് 16 ലക്ഷം രൂപയാണ് വില കണക്കാക്കുന്നത്.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ അബൂദബി വിമാനത്തിലാണ് ഷംന എത്തിയത്. കാപ്സ്യൂള്‍ രൂപത്തില്‍ സ്വര്‍ണ മിശ്രിതം ശരീരത്തിനകത്ത് ഒളിപ്പിച്ചെത്തുകയായിരുന്നു. 62 ലക്ഷം വിലവരുന്ന 1160 ഗ്രാം സ്വര്‍ണം കടത്താനായിരുന്നു ശ്രമം. അടുക്കളയില്‍ ഉപയോഗിക്കുന്ന ഏഴ് കത്തികളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് കര്‍ണാടക സ്വദേശി അബ്ദുല്‍ ഷഹദാണ്. ഇയാളിൽനിന്ന് 581 ഗ്രാം സ്വര്‍ണം കണ്ടെടുത്തു. സ്പൈസ് ജെറ്റിന്റെ ദുബൈ വിമാനത്തിലാണ് അബ്ദുൽ ഷഹദ് കരിപ്പൂരിലെത്തിയത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് 34 ലക്ഷം രൂപ വില വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.