മലപ്പുറം: കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ 15 ഹാപ്പിനസ് കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു. വ്യക്തികളുടെ സമഗ്ര ക്ഷേമവും ഉന്നമനവും ഉറപ്പാക്കി ഓരോ കുടുംബത്തെയും സന്തോഷത്തിന്റെ കേന്ദ്രമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കുടുംബശ്രീ ജില്ല മിഷന് കോഓഡിനേറ്റര്‍ അറിയിച്ചു.
സന്തോഷത്തിന് ആധാരമായ ആരോഗ്യം, വരുമാനം, ലിംഗനീതി തുടങ്ങിയവ ഉറപ്പാക്കുന്നതാണ് പദ്ധതി. ആനക്കയം, വാഴക്കാട്, വട്ടംകുളം, മാറഞ്ചേരി, ആതവനാട്, പുറത്തൂര്‍, നിറമരുതൂര്‍, വേങ്ങര, എടവണ്ണ, മൂത്തേടം, അമരമ്പലം, പുഴക്കാട്ടിരി, വള്ളിക്കുന്ന്, താഴേക്കോട്, തൃക്കലങ്ങോട് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഹാപ്പിനസ് കേന്ദ്രങ്ങള്‍ ആരംഭിക്കുക.
തുല്യത, സാമ്പത്തിക സുസ്ഥിരത, പരിസ്ഥിതി, കല, സാഹിത്യം, കായികം, മാനസികാരോഗ്യം, പോഷകാഹാരം, ശുചിത്വം, ജനാധിപത്യ മൂല്യങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിയോ കുടുംബമോ നേരിടുന്ന അപര്യാപ്തതകള്‍ പരിഹരിച്ച് സന്തോഷകരമായ ജീവിതത്തിലേക്ക് നയിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. കുട്ടികള്‍, യുവാക്കള്‍, മുതിര്‍ന്നവര്‍, വയോജനങ്ങള്‍ തുടങ്ങി സമൂഹത്തിലെ ഓരോ വ്യക്തിക്കും സഹായകമാകുന്ന വിധത്തിലായിരിക്കും പദ്ധതി നടപ്പാക്കുക. പ്രായഭേദമന്യേ സമൂഹത്തിലെ ഓരോ വ്യക്തിക്കും പരിശീലനം നല്‍കും. സംസ്ഥാനത്തെ സാഹചര്യങ്ങളനുസരിച്ച് സന്തോഷ സൂചിക തയാറാക്കി വിവിധ മേഖലകളിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ വിലയിരുത്തല്‍ നടത്തും.
പദ്ധതിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഒക്ടോബര്‍ രണ്ടാംവാരം സംസ്ഥാനതലത്തില്‍ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ഇവരുടെ നേതൃത്വത്തില്‍ അടുത്ത മാസം ജില്ലതല പരിശീലനം നടത്തും. തുടർന്ന് വാര്‍ഡുകളില്‍ 20 മുതല്‍ 40 വരെയുള്ള കുടുംബങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘ഇടങ്ങള്‍’ രൂപവത്കരിച്ച് പരിശീലനം നല്‍കും. സർവേകള്‍, മൈക്രോ പ്ലാന്‍ രൂപവത്കരണം തുടങ്ങിയ മറ്റു പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.