കനത്ത മഴ: മുണ്ടേരി വനത്തില്‍ വിള്ളല്‍ രൂപപ്പെട്ടതായി സൂചന

എടക്കര: മുണ്ടേരി അപ്പന്‍കാപ്പ് വനമേഖലയില്‍ വിള്ളലുള്ളതായി സൂചനയുള്ളതിനാൽ കോളനിക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. അപ്പന്‍കാപ്പ് കോളനിക്ക് നൂറുമീറ്റര്‍ സമീപത്തായാണ് വനത്തില്‍ വിള്ളല്‍ രൂപപ്പെട്ടതായി ആദിവാസികള്‍ പറയുന്നത്. എന്നാല്‍, പത്തേക്കർക്ക് മുകളിലാണ് വിള്ളലുണ്ടായിട്ടുള്ളതെന്നും ആദിവാസികളില്‍ തന്നെ ചിലര്‍ പറയുന്നുണ്ട്.

വിവരമറിഞ്ഞ് നിലമ്പൂര്‍ തഹസില്‍ദാര്‍ എം.പി. സിന്ധു, പോത്തുകല്‍ ഇൻസ്പെക്ടർ വി. ബാബുരാജ്, പഞ്ചായത്ത് പ്രസിഡന്റ് വിദ്യാ രാജന്‍, വൈസ് പ്രസിഡന്റ് ഷാജി ജോണ്‍, വനം റേഞ്ച് ഓഫിസര്‍മാര്‍, പട്ടികവര്‍ഗ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കാന്‍ മുണ്ടേരിയിലെത്തിയെങ്കിലും ഇരുട്ടായതിനാലും സ്ഥലത്തെക്കുറിച്ച് വ്യക്തതയില്ലാത്തതിനാലും മടങ്ങി. എന്നാല്‍, മലയിടിച്ചില്‍ ഭീഷണി മുന്നില്‍ക്കണ്ട് കോളനിക്കാരെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി സ്വീകരിച്ചു.

മുണ്ടേരി ഗവ. ഹൈസ്കൂളിലെ ക്യാമ്പിലേക്കാണ് മാറ്റിയത്. കോളനിയിലെ മുഴുവന്‍ ആളുകളെയും ക്യാമ്പിലേക്ക് മാറ്റാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞദിവസങ്ങളെ അപേക്ഷിച്ച് നീര്‍പുഴയില്‍ വെള്ളം കുറവാണെന്നാണ് ആദിവാസികള്‍ പറയുന്നത്. ഇക്കാരണത്താല്‍ പലരും ക്യാമ്പിലേക്ക് മാറാന്‍ തയാറായിട്ടില്ല. അപ്പന്‍കാപ്പ് മേലെ, താഴെ കോളനികളിലായി അറുപതോളം കുടുംബങ്ങളാണുള്ളത്. അതിര്‍ത്തി വനങ്ങളില്‍ രാത്രിയും അതിശക്തമായ മഴയാണ് പെയ്തിറങ്ങുന്നത്.

കോരംപുഴയിൽ മലവെള്ളപ്പാച്ചിൽ; കോളനിയിലേക്കുള്ള പാലത്തിൽ വെള്ളം കയറി

നിലമ്പൂർ: വെള്ളിയാഴ്ചത്തെ കനത്തമഴയിൽ പുന്നപ്പുഴയുടെ പ്രധാന ഉപനദിയായ കോരംപുഴയിലൂടെയുള്ള മലവെള്ളപ്പാച്ചിലിൽ പാലത്തിന് മുകളിൽ വെള്ളം കയറി. പുഞ്ചക്കൊല്ലി ആദിവാസി കോളനിയിലേക്കുള്ള കോൺക്രീറ്റ് പാലത്തിന് മുകളിലാണ് വെള്ളം കയറിയത്. മണിക്കൂറുകളോളം പാലം വെള്ളത്തിനടിയിലായി. കോളനിയിലേക്കുള്ള ഏക പാതയാണിത്. ഇവിടെ പാലം വളരെ താഴ്ന്നാണ്. മഴ കനത്താൽ മലവെള്ള പാച്ചിലിൽ പാലം വെള്ളത്തിനടിയിലാവുന്നത് പതിവാണ്. പാലം ഉയർത്തി പുനർനിർമിക്കണമെന്നത് കോളനിക്കാരുടെ ഏറെ നാളത്തെ ആവശ‍്യമാണ്.

പുഴകളില്‍ ജലനിരപ്പുയര്‍ന്നു

എടക്കര: അതിര്‍ത്തി വനത്തിലുള്‍പ്പെടെ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് മേഖലയിലെ പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. കേരള-തമിഴ്‌നാട് അതിര്‍ത്തി വനത്തിലും നാട്ടിലും കഴിഞ്ഞ രണ്ടുദിവസമായി തുടര്‍ച്ചയായി പെയ്ത മഴയെ തുടര്‍ന്നാണ് ജലവിതാനം ഉയര്‍ന്നത്. വെള്ളിയാഴ്ച പുലര്‍ച്ച ചാലിയാര്‍, പുന്നപ്പുഴ, കരിമ്പുഴ എന്നിവിടങ്ങളിലൊക്കെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു.

പുന്നപ്പുഴയുടെ മുപ്പിനി കടവില്‍ കോസ്വേക്ക് മുകളിലും വെള്ളം കയറി. അപകട സാധ്യത മുന്നില്‍കണ്ട് മുപ്പിനിയില്‍ റോഡിന് കുറുകെ കയര്‍ കെട്ടി പൊലീസ് ഇതുവഴി ആള്‍സഞ്ചാരം നിരോധിച്ചു. ജലവിതാനം താഴ്ന്നതോടെ രാവിലെ തന്നെ മുപ്പിനിയില്‍ നിരോധനം നീക്കി. ഉച്ചവരെ കനത്തുപെയ്ത മഴക്ക് മേഖലയിൽ വൈകീട്ടോടെ കുറവുണ്ടായെങ്കിലും അതിർത്തി വനത്തിൽ മഴ തുടർന്നു. വൈകീട്ടോടെ പുഴയിൽ വീണ്ടും ജലനിരപ്പുയർന്നതിനാൽ മുപ്പിനി കോസ് വേക്ക് മുകളിലൂടെ വെള്ളമൊഴുകി. തുടർന്ന് ഇതുവഴി യാത്രക്ക് പൊലീസ് വിലക്കേർപ്പെടുത്തുകയായിരുന്നു. 

Tags:    
News Summary - Heavy rain: Indications that a crack has formed in the Munderi forest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.