മലപ്പുറം: പഴയകാല വാണിജ്യ കേന്ദ്രമായ വലിയങ്ങാടി ചരിത്ര പൈതൃക തെരുവായി നിലനിർത്താൻ ഒരുങ്ങി നഗരസഭ. വലിയങ്ങാടി ഹെറിറ്റേജ് സ്ട്രീറ്റെന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര പുരാവസ്തു വകുപ്പിന്റെ രണ്ട് കോടി രൂപ വകയിരുത്തിയാകും ഇത് യാഥാർഥ്യമാക്കുക.
പുതുതലമുറക്ക് നാടിനെ കുറിച്ച് അറിവ് പകരുക എന്ന ലക്ഷ്യവുമായി വലിയങ്ങാടിയിലെ കിഴക്കേതലും പറിഞ്ഞാറെ തലയും നാടിന്റെ ചരിത്രം ആലേഖനം ചെയ്ത പ്രവേശന കവാടം, പാത സിമന്റ് കട്ട പതിക്കൽ, അലങ്കാര വിളക്ക് സ്ഥാപിക്കൽ എന്നിവയും നടപ്പാക്കും. സ്ഥലവുമായി ബന്ധപ്പെട്ട ചരിത്ര രേഖകളോ, ചിത്രങ്ങളോ ലഭ്യമാകുന്ന മുറക്ക് ഇതോടൊപ്പം ആലേഖനം ചെയ്യും. ചരിത്രകാരൻമാരുടെ അറിവുകളും പദ്ധതിക്കായി പ്രയോജനപ്പെടുത്തും. നൂറ്റാണ്ടുകൾ പഴക്കമുള്ള വലിയങ്ങാടി കരമാർഗവും പുഴ മാർഗവും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി കച്ചവടത്തിനായി ആശ്രയിച്ചിരുന്ന പ്രധാന കേന്ദ്രമായിരുന്നു.
കടലുണ്ടിപ്പുഴയിലൂടെ ചരക്കുകളെത്തിച്ച് വിൽപന നടത്തുമായിരുന്നു. വലിയങ്ങാടി പള്ളിയും ചരിത്രത്തിന്റെ ഭാഗമാണ്. മതിലുകൾ അതിരിടാത്ത വീടുകൾ വലിയങ്ങാടിയിടെ പ്രത്യേകതയാണ്. പദ്ധതിക്ക് കേന്ദ്ര പുരാവസ്തു വകുപ്പിന്റെ അംഗീകാരത്തിനായി ഉടൻ നഗരസഭ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. പദ്ധതിയെ കുറിച്ചുള്ള ചെറിയ വിശദീകരണം നൽകിയാകും റിപ്പോർട്ട് നൽകുക. അംഗീകാരം ലഭിച്ചാൽ വിശദ പദ്ധതി തയാറാക്കും. യാഥാർഥ്യമായാൽ മലപ്പുറം നഗരസഭയുടെ അഭിമാന പദ്ധതി കൂടിയാകും ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.